എനർജി ഡ്രിങ്കുകളുടെ ലേബലിൽ നിന്ന് 'എനർജി' എന്ന വാക്ക് ഒഴിവാക്കണമെന്ന എഫ്എസ്എസ്എഐ ഉത്തരവിനെതിരെ റെഡ് ബുൾ ഹൈക്കോടതിയെ സമീപിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അതോറിറ്റിയുടെ നടപടി. എന്നാൽ മുന്നറിയിപ്പില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് കമ്പനികൾ വാദിക്കുന്നു.

കുപ്പികളില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും 'എനര്‍ജി' എന്ന വാക്ക് ഒഴിവാക്കണമെന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഉത്തരവിനെതിരെ പ്രമുഖ പാനീയ നിര്‍മാതാക്കളായ റെഡ് ബുള്‍ ഹൈക്കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ വിശദീകരണം നല്‍കാന്‍ അവസരം നല്‍കുകയോ ചെയ്യാതെയാണ് എഫ്എസ്എസ്എഐ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് റെഡ് ബുള്‍ ഹര്‍ജിയില്‍ പറയുന്നു. കോടതി, റെഡ് ബുളിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നോ എന്ന് പരിശോധിക്കാന്‍ എഫ്എസ്എസ്എഐയോട് നിര്‍ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

മാറ്റാന്‍ 90 ദിവസം കഴിഞ്ഞ ജൂലൈ ഒന്നിനാണ് എഫ്എസ്എസ്എഐ ഈ നിര്‍ണായക ഉത്തരവിറക്കിയത്. റെഡ് ബുള്‍, സ്റ്റിങ് , അഡ്രിനാലിന്‍ റഷ്, കാമ്പ ഗോള്‍ഡ് ബൂസ്റ്റ്, ഹെല്‍ എനര്‍ജി, മോണ്‍സ്റ്റര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളോടാണ് തങ്ങളുടെ ലേബലുകളില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ നിന്നും 90 ദിവസത്തിനകം 'എനര്‍ജി' എന്ന വാക്ക് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവോ?

നിലവില്‍ 'എനര്‍ജി ഡ്രിങ്ക്' എന്നൊരു വിഭാഗത്തെ അംഗീകരിക്കുന്നില്ലെന്നും ഇതിന് വ്യക്തമായ മാനദണ്ഡങ്ങളില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നിലപാട്. 'ശരീരത്തിനും മനസ്സിനും ഉന്മേഷം നല്‍കുന്നു' എന്നതുപോലുള്ള അവകാശവാദങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇടയാക്കുമെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാണിക്കുന്നു. എനര്‍ജി ഡ്രിങ്ക് എന്നതിന് പകരം ഇവയെ 'കഫീനേറ്റഡ് ബിവറേജസ്' എന്ന് ലേബല്‍ ചെയ്യാമെന്നും അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

എതിര്‍പ്പുമായി കമ്പനികള്‍

എന്നാല്‍, എഫ്എസ്എസ്എഐയുടെ ഈ നിര്‍ദേശത്തിനെതിരെ പാനീയ നിര്‍മാതാക്കളുടെ സംഘടനയായ ഇന്ത്യന്‍ ബിവറേജ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. റെഡ് ബുള്‍, പെപ്‌സികോ, റിലയന്‍സ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് ഈ സംഘടന.

'കഫീനേറ്റഡ് ബിവറേജസ്' എന്ന് ലേബല്‍ ചെയ്യുന്നത് കാപ്പി മുതല്‍ സാധാരണ സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് വരെ ബാധകമാകുന്ന വളരെ വിശാലമായ ഒന്നാണെന്നും, ഇത് ഉപഭോക്താക്കളില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് ഇവരുടെ വാദം. മാത്രമല്ല, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ക്ക് 'എനര്‍ജി ഡ്രിങ്ക്‌സ്' എന്ന പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 2024 ഏപ്രിലില്‍ എഫ്എസ്എസ്എഐ തന്നെ ഇറക്കിയ രേഖകളും കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ശന നടപടികള്‍ എടുക്കുന്നതിന് മുന്‍പ് കമ്പനികള്‍ക്ക് അവരുടെ സാങ്കേതികവും നിയമപരവുമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

അതേസമയം, നിയമം പാലിക്കുന്നതിനായി പെപ്‌സികോ തങ്ങളുടെ പ്രശസ്ത പാനീയമായ 'സ്റ്റിങ്ങി'ല്‍ നിന്ന് 'എനര്‍ജി' എന്ന വാക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 016-ല്‍ ഇത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കേണ്ട കഫീന്റെ അളവ് ലിറ്ററിന് പരമാവധി 300 മില്ലിഗ്രാം ആയി എഫ്എസ്എസ്എഐ നിജപ്പെടുത്തിയിരുന്നു. കൂടാതെ, ലേബലുകളില്‍ കഫീന്റെ അളവ് വ്യക്തമാക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി ഈ പാനീയങ്ങളെ എങ്ങനെ ലേബല്‍ ചെയ്യണമെന്നും, റെഡ് ബുളിനോട് ലേബല്‍ മാറ്റാന്‍ ആവശ്യപ്പെട്ടതില്‍ എഫ്എസ്എസ്എഐ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതുമാണ് നിലവില്‍ കോടതിക്ക് മുന്‍പിലുള്ള പ്രധാന വിഷയം.