ലാക്ടോജൻ പ്രോ 1-ലെ വേ പ്രോട്ടീൻ എളുപ്പത്തിൽ ദഹിക്കുമെന്ന അവകാശവാദത്തിൽ നെസ്‌ലെ ഇന്ത്യയോട് എഫ്എസ്എസ്എഐ ശാസ്ത്രീയ തെളിവുകൾ തേടി. ശിശുക്കൾക്കുള്ള പോഷകാഹാര ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലും നിയമലംഘനങ്ങളിലും അതോറിറ്റി പരിശോധന കർശനമാക്കിയിരിക്കുകയാണ്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി നെസ്ലെ ഇന്ത്യ. ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പന്നമായ ലാക്ടോജന്‍ പ്രോ 1-ന്റെ പാക്കറ്റില്‍ അടങ്ങിയിരിക്കുന്ന വേ പ്രോട്ടീന്‍ ദഹിക്കാന്‍ എളുപ്പമാണെന്ന് അവകാശപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നെസ്ലെ ഉത്തരം നൽകിയത്. ഉല്‍പന്നത്തിലെ വേ പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കുമെന്ന അവകാശവാദം സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ സമര്‍പ്പിക്കണമെന്നായിരുന്നു എഫ്എസ്എസ്എഐയുടെ നിര്‍ദേശം. ലാക്ടോജന്‍ പ്രോ 1-ന്റെ പാക്കറ്റിലും പരസ്യങ്ങകളിലും വേ പ്രോട്ടീന്‍, പാലിലെ പ്രോട്ടീനിന്റെ ഭാഗമാണെന്നും എളുപ്പത്തില്‍ ദഹിക്കുമെന്നുമുള്ള അവകാശവാദം ശ്രദ്ധയില്‍പ്പെട്ടതായി എഫ്എസ്എസ്എഐ അറിയിച്ചു. ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ആവശ്യമായ രേഖകളും ശാസ്ത്രീയ തെളിവുകളും നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

അവകാശവാദങ്ങളില്‍ പരിശോധന

ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പന്നങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും ചട്ടങ്ങള്‍ പാലിക്കാത്ത പ്രചാരണങ്ങളും നടത്തിയെന്ന പരാതികളില്‍ ഭക്ഷ്യനിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ എഫ്എസ്എസ്എഐ നടപടി ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ശിശു പോഷകാഹാര ഉല്‍പന്നങ്ങളിലെ ചില ചേരുവകള്‍ സാധാരണ രോഗപ്രതിരോധ പ്രവര്‍ത്തനത്തെ സഹായിക്കുമെന്ന അവകാശവാദങ്ങളെക്കുറിച്ചും എഫ്എസ്എസ്എഐ നേരത്തെ സംശയങ്ങള്‍ ഉന്നയിച്ചിരുന്നു. വേ പ്രോട്ടീന്‍ എളുപ്പത്തില്‍ ദഹിക്കുമെന്ന പ്രസ്താവനയ്ക്ക് ശാസ്ത്രീയ തെളിവുകളും തേടിയിരുന്നു.

കുഞ്ഞുങ്ങൾക്ക് പാലിന് പകരമായി നല്‍കുന്ന ഉല്‍പന്നങ്ങളെക്കുറിച്ചുള്ള സമൂഹമാധ്യമ പ്രചാരണങ്ങളും എഫ്എസ്എസ്എഐ പരിശോധിക്കുന്നുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ സമീകൃത പോഷകാഹാരം നല്‍കും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും, തലച്ചോറിന്റെ വികാസത്തെ സഹായിക്കും തുടങ്ങിയ ഗുണങ്ങള്‍ അവകാശപ്പെട്ടുകൊണ്ടുള്ള പ്രചാരണങ്ങളും എഫ്എസ്എസ്എഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

നിയമലംഘനമുണ്ടോയെന്ന് പരിശോധിക്കുന്നു

ചില പ്രചാരണങ്ങള്‍ 1992ലെ ഇന്‍ഫന്റ് മില്‍ക്ക് സബ്സ്റ്റിറ്റിയൂട്ട്‌സ് ആക്ടിന്റെയും 2003ലെ ഭേദഗതിയുടെയും ലംഘനമാണെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടി. 2020ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (ഫുഡ്‌സ് ഫോര്‍ ഇന്‍ഫന്റ് ന്യൂട്രീഷന്‍) ചട്ടങ്ങളുടെ ലംഘനസാധ്യതയും റെഗുലേറ്റര്‍ പരിശോധിക്കുന്നുണ്ട്.ഇക്കാര്യങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്ന് വിശദീകരണവും അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളും എഫ്എസ്എസ്എഐ തേടിയിട്ടുണ്ട്. ഇവ പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക.