'തെലങ്കാനയില്‍ തറക്കല്ലിട്ട് കിറ്റെക്‌സ്'; ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയെന്ന് സാബു ജേക്കബ്

By Web TeamFirst Published Sep 29, 2023, 6:21 PM IST
Highlights

മൂന്നര കിലോ മീറ്റര്‍ നീളമുള്ള ഫൈബര്‍-ടു-അപ്പരല്‍ നിര്‍മ്മാണ കേന്ദ്രമാണ് ഒരുക്കുന്നതെന്ന് സാബു ജേക്കബ്. 

ഹൈദരാബാദ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയുമായി കിറ്റെക്‌സ് എത്തുകയാണെന്ന് മാനേജിംഗ് ഡയറക്ടര്‍ സാബു എം.ജേക്കബ്. തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവു സീതാരാംപൂരില്‍ പുതിയ ഫാക്ടറിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചെന്ന് സാബു അറിയിച്ചു.

'സീതാരാംപൂരില്‍ മൂന്നര കിലോ മീറ്റര്‍ നീളമുള്ള ഫൈബര്‍-ടു-അപ്പരല്‍ നിര്‍മ്മാണ കേന്ദ്രമാണ് ഒരുക്കുന്നത്. 1.2 കിലോമീറ്റര്‍ വീതം നീളമുള്ള മൂന്നു ഫാക്ടറികളാണ് നിര്‍മ്മിക്കുന്നത്.' ഫാക്ടറിക്ക് മറ്റു സൗകര്യങ്ങള്‍ ഉള്‍പ്പെടെ 4.5 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുമെന്ന് സാബു ജേക്കബ് പറഞ്ഞു. 'ടെക്‌സാസിലെ ടെസ്ലയുടെ ജിഗാഫാക്ടറിക്ക് 1,166 മീറ്റര്‍ നീളവും, ബുര്‍ജ് ഖലീഫ 838 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും, ഗുജറാത്തിലെ സൂറത്ത് ഡയമണ്ട് ബോര്‍ഡ് 7.1 ദശലക്ഷം ചതുരശ്ര അടിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടവുമാണ്.' 2024 സെപ്തംബറില്‍ കിറ്റെക്‌സ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഫാക്ടറിയായി അത് മാറുമെന്ന് സാബു അറിയിച്ചു.    

'വാറങ്കലിലെ കാക്കാത്തിയ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സിന്റെ ആദ്യഘട്ട ഫാക്ടറി ഡിസംബറില്‍ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാകും. വാറങ്കലിലെയും സീതാറാംപൂരിലെയും ഫാക്ടറികളില്‍ രണ്ടു ഘട്ടങ്ങളായി ഏകദേശം അമ്പതിനായിരം തൊഴിലവസരങ്ങളാണ് നല്‍കുന്നത്.' ഇതില്‍ 80 ശതമാനവും സ്ത്രീകള്‍ക്കാണ് തൊഴില്‍ ലഭ്യമാവുകയെന്ന് സാബു ജേക്കബ് പറഞ്ഞു.  

കേരളത്തില്‍ പ്രഖ്യാപിച്ച 3000 കോടിയുടെ നിക്ഷേപമാണ് രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക് മാറ്റിയതെന്നും സാബു കൂട്ടിച്ചേര്‍ത്തു. 2021ല്‍ തെലങ്കാന സര്‍ക്കാര്‍ ഹൈദരാബാദിലേക്ക് കിറ്റെക്‌സിനെ ക്ഷണിക്കുകയായിരുന്നു. തെലങ്കാന സര്‍ക്കാരിന്റെ സൗഹൃദപരമായ സമീപനം ഏകദേശം 3000 കോടിയുടെ നിക്ഷേപം നടത്താന്‍ തന്നെ പ്രേരിപ്പിക്കുകയായിരുന്നെന്നും സാബു പറഞ്ഞു.

 നിജ്ജർ കൊലപാതകം; കാനഡയുടെ അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് ആന്റണി ബ്ലിങ്കൻ 
 

click me!