
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വന്‍കിട കമ്പനികളായ ടെസ്ലയും സ്പേസ് എക്സും ലയിക്കുന്ന കാര്യം പരിഗണനയിൽ. ഇരു കമ്പനികളും ഒന്നിച്ചാല്‍ 3 ട്രില്യണ്‍ ഡോളറിലധികം മൂല്യമുള്ള വമ്പന്‍ കോര്‍പറേറ്റ് സ്ഥാപനമായി മാറും. ലയനസാധ്യത പരിശോധിക്കുന്നതിനായി ഇരു കമ്പനികളും പ്രത്യേക സമിതികള്‍ രൂപീകരിച്ചതായി മസ്ക് സ്ഥിരീകരിച്ചു.സ്പേസ് എക്സിന്റെ വരുമാനവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയാണ് മസ്ക് ഇക്കാര്യം വ്യക്തമാക്കിയത്.
എഐ ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകളില്‍ ഇരു കമ്പനികളും പ്രവര്‍ത്തിക്കുന്നതിനാല്‍ ലയനത്തിന് അവസരമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, ലയനവുമായി ബന്ധപ്പെട്ട് പ്രത്യേക സമിതികള്‍ ഇതുവരെ അന്തിമ ധാരണയിലെത്തിയിട്ടില്ല. ലയന നിര്‍ദേശം ആദ്യം തയ്യാറാക്കുകയും പിന്നീട് ഓഹരിയുടമകളുടെ വോട്ടെടുപ്പിന് സമര്‍പ്പിക്കുകയും വേണമെന്ന് മസ്ക് പറഞ്ഞു. ഓഹരിയുടമകളുടെ അംഗീകാരം നേടുക എന്നത് വെല്ലുവിളിയാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെസ്ലയുടെ ഓഹരിയുടമകളുടെ അംഗീകാരം ആവശ്യമാണ്. കുറഞ്ഞത് 50 ശതമാനം ഓഹരിയുടമകളെങ്കിലും ലയനത്തെ അനുകൂലിച്ച് വോട്ട് ചെയ്യേണ്ടതുണ്ട്.
സ്പേസ് എക്സും ടെസ്ലയും തമ്മിലുള്ള ലയനം യാഥാര്‍ഥ്യമായാല്‍ കോര്‍പറേറ്റ് ലോകത്തെ ഏറ്റവും വലിയ ലയനങ്ങളിലൊന്നായി മാറിയേക്കും. സ്പേസ് എക്സും മസ്കിന്റെ എഐ കമ്പനിയായ എക്സ്എഐയും തമ്മിലുള്ള 1.25 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ലയനത്തേക്കാള്‍ വലുതായിരിക്കും ടെസ്ല-സ്പേസ് എക്സ് ലയനമെന്നാണ് പ്രതീക്ഷ.ലോകത്തിലെ ഏഴാമത്തെ വലിയ കമ്പനിയെന്നാണ് സ്പേസ് എക്സിനെ വിശേഷിപ്പിക്കുന്നത്. ടെസ്ല പതിനൊന്നാം സ്ഥാനത്താണ്. നിലവിലെ വിപണി മൂല്യം കണക്കാക്കിയാല്‍ ഇരു കമ്പനികളുടെയും സംയുക്ത മൂല്യം ഏകദേശം 3.5 ട്രില്യണ്‍ ഡോളറിലെത്തും.
ലയനം നടന്നാല്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഒരൊറ്റ കോര്‍പറേറ്റ് സ്ഥാപനത്തിന് കീഴിലാകും. വൈദ്യുത വാഹനങ്ങള്‍, ഊര്‍ജസംഭരണ ബാറ്ററികള്‍, റോക്കറ്റുകള്‍, ഉപഗ്രഹങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളെ നിര്‍മിതബുദ്ധിയിലൂടെ പരസ്പരം ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ബഹിരാകാശത്തെ അടിസ്ഥാനസൗകര്യങ്ങള്‍ ഉപയോഗിച്ച് കംപ്യൂട്ടിങ് പ്രവര്‍ത്തനങ്ങള്‍ക്കും എഐ സംവിധാനങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുകയെന്ന ആശയവും ഇതിനു പിന്നിലുണ്ട്. സ്വയം നിയന്ത്രിച്ച് ഓടുന്ന വാഹനങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും റോബോട്ടുകളുടെ വികസനത്തിനും ടെസ്ലയ്ക്ക് എഐ പ്രയോജനപ്പെടുത്താനാകും.