ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണി! ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്‌സ്‌വാഗൺ; 4 വമ്പൻ ഫാക്ടറികൾ പൂട്ടിയേക്കും

Published : Jun 28, 2026, 03:11 PM IST
volkswagen

Synopsis

യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒരു ലക്ഷത്തോളം ജീവനക്കാരെ പിരിച്ചുവിടാനും ജർമ്മനിയിലെ നാല് ഫാക്ടറികൾ പൂട്ടാനും ഒരുങ്ങുന്നതായി റിപ്പോർട്ട്. സിഇഒ ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിലാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ അഴിച്ചു പണി.

യൂറോപ്പിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ വൻ തോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും ജർമ്മനിയിലെ ഫാക്ടറികൾ പൂട്ടാനും ഒരുങ്ങുന്നതായി റിപ്പോർട്ട്. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ഒലിവർ ബ്ലൂമിന്റെ നേതൃത്വത്തിലാണ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ അഴിച്ചു പണി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണിതെന്നും റിപ്പോ‍ർട്ടുകൾ. ജർമ്മൻ മാധ്യമമായ മാനേജർ മാഗസിൻ ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

കമ്പനിയിൽ നിന്ന് ഒരു ലക്ഷത്തോളം ജീവനക്കാരെ ഒഴിവാക്കാനാണ് പുതിയ നീക്കം. നേരത്തെ 50,000 ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ ആഗോള പ്രതിസന്ധികൾ കണക്കിലെടുത്ത് ഈ വെട്ടിക്കുറയ്ക്കൽ ഇരട്ടിയാക്കാൻ സിഇഒ നിർദ്ദേശിക്കുകയായിരുന്നുവെന്നും റിപ്പോ‍‌‍ർട്ടിൽ പറയുന്നു. പോർഷെ, ഔഡി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ ഉടമകളായ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിൽ നിലവിൽ ലോകമെമ്പാടുമായി ഏകദേശം 6,57,000 ജീവനക്കാരുണ്ട്.

ജർമ്മനിയിലെ നാല് പ്രധാന നിർമ്മാണ യൂണിറ്റുകൾ പൂട്ടാനും കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോ‍ർട്ട്. ഔഡിയുടെ നെക്കാർസൽമിലെ പ്ലാന്റും, ഫോക്‌സ്‌വാഗന്റെ ഹാനോവർ, സ്വിക്കാവു, എംഡൻ എന്നിവിടങ്ങളിലെ ഫാക്ടറികളുമാണ് പൂട്ടാൻ ലക്ഷ്യമിടുന്നത്. ഇതിലൂടെ 2030 ന്റെ അവസാനത്തോടെ കമ്പനിയുടെ ചിലവുകളിൽ നിന്ന് 11 ബില്യൺ യൂറോ ലാഭിക്കാനാണ് ഒലിവർ ബ്ലൂം ലക്ഷ്യമിടുന്നത്.

ഇത് കൂടാതെ, ലാഭത്തിൽ ഏറെ പിന്നിലുള്ള പ്രധാന ബ്രാൻഡായ 'ഫോക്‌സ്‌വാഗനെ' (VW Brand) കമ്പനിയുടെ മറ്റ് ബിസിനസുകളിൽ നിന്ന് ഒഴിവാക്കാനും സ്പെയർ പാർട്സ് നിർമ്മാണ യൂണിറ്റുകൾ ആക്കാനും ആലോചിക്കുന്നുണ്ടെന്നും റിപ്പോ‌‌ർട്ട്. അതേ സമയം, വാ‍‌ർത്തയോട് കമ്പനി ഇത് വരെ പ്രതിരകണം നടത്തിയിട്ടില്ല. കമ്പനിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നും ഭാവിയെ മുൻനിർത്തിയുള്ള പുനഃസംഘടനയ്ക്കായി ബോർഡ് തീവ്രമായി ശ്രമിക്കുകയാണെന്നും സിഇഒ നേരത്തെ പറഞ്ഞിരുന്നു.

പ്രതിസന്ധിക്ക് പിന്നിലെ കാരണങ്ങൾ

അമേരിക്കൻ വിപണിയിലെ ഉയർന്ന നികുതി നിരക്കുകൾ, കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ ചൈനയിലുണ്ടായ ബിസിനസ് തകർച്ച, യൂറോപ്പിൽ ചൈനീസ് ഇലക്ട്രിക് വാഹന ബ്രാൻഡായ ബി.വൈ.ഡി (BYD), സ്റ്റെല്ലാന്റിസ് (Stellantis) എന്നിവരിൽ നിന്നുള്ള കടുത്ത മത്സരം എന്നിവയാണ് ഫോക്‌സ്‌വാഗനെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. പ്രതിസന്ധി മറികടക്കാൻ തങ്ങളുടെ മറൈൻ എഞ്ചിൻ യൂണിറ്റായ 'എവർലൻസ്' (Everllence)-ന്റെ 51 ശതമാനം ഓഹരികൾ വിറ്റ് കമ്പനി പണം സമാഹരിച്ചിരുന്നു. കൂടാതെ നിലവിലെ വാർഷിക ഉത്പാദന ശേഷി 1.2 കോടി വാഹനങ്ങളിൽ നിന്ന് 90 ലക്ഷം വാഹനങ്ങളായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

എതിർപ്പുമായി യൂണിയനുകൾ

കമ്പനിയുടെ ഈ പുതിയ നീക്കത്തിനെതിരെ തൊഴിലാളി സംഘടനകൾ രംഗത്തെത്തി. കമ്പനിയുടെ വർക്സ് കൗൺസിലും ഐജി മെറ്റൽ യൂണിയനും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ, ഇത്തരം നീക്കങ്ങളെ തങ്ങൾ സർവ്വശക്തിയും ഉപയോഗിച്ച് എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഫോക്‌സ്‌വാഗണിൽ ജോലി വെട്ടിക്കുറയ്ക്കൽ നടപ്പാക്കുക അത്ര എളുപ്പമല്ല. കാരണം കമ്പനിയുടെ തീരുമാനങ്ങൾ എടുക്കുന്ന സൂപ്പർവൈസറി ബോർഡിലെ പകുതി സീറ്റുകളും തൊഴിലാളി പ്രതിനിധികൾക്കാണ്. കൂടാതെ യൂണിയനുകളെ പിന്തുണയ്ക്കുന്ന ജർമ്മൻ സംസ്ഥാനമായ ലോവർ സാക്സണിക്ക് ബോർഡിൽ രണ്ട് സീറ്റുകൾ കൂടിയുള്ളതിനാൽ മാനേജ്‌മെന്റിന്റെ ഈ നീക്കം വരും ദിവസങ്ങളിൽ വലിയ തർക്കങ്ങൾക്ക് വഴി തുറന്നേക്കും.

PREV
Read more Articles on
click me!

Recommended Stories

പരസ്യമായി മാപ്പ് വരെ പറയേണ്ടി വന്നു, പിന്നീട് നടന്നത് ചരിത്രം! 3 മാസത്തിൽ 3.64 ലക്ഷം കോടി രൂപയുടെ ലാഭം; ലോകത്തെ ഞെട്ടിച്ച സാംസങ്ങിന്റെ തിരിച്ചുവരവ്
പുകയിലയിൽ തുടങ്ങി അടുക്കള കീഴടക്കി, നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമായ ഇന്ത്യയുടെ സ്വന്തം വ്യവസായ സാമ്രാജ്യം; സെഞ്ച്വറി തികച്ച് ഐടിസി