വിശപ്പിൽ നിന്ന് ജനിച്ച 'ഐഡിയ'! ഓഫീസ് കാന്റീനിലെ ക്യൂവിൽ നിന്ന് ലക്ഷം കോടിയുടെ സാമ്രാജ്യത്തിലേക്ക്; സൊമാറ്റോയ്ക്ക് ഇന്ന് 18-ാം ജന്മദിനം!

Published : Jul 10, 2026, 01:42 PM IST
Zomato Success story

Synopsis

ഓഫീസ് കാന്റീനിലെ തിരക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദീപിന്ദർ ഗോയലും പങ്കജ് ചദ്ദയും തുടങ്ങിയ 'ഫൂഡിബേ' ആണ് പിന്നീട് സൊമാറ്റോ ആയി മാറിയത്. തുടക്കത്തിൽ റെസ്റ്റോറന്റ് വിവരങ്ങൾ നൽകുന്ന ഒരു വെബ്സൈറ്റ് മാത്രമായിരുന്ന സൊമാറ്റോ, സ്വിഗ്ഗിയുടെ വരവോടെ ഫുഡ് ഡെലിവറി രംഗത്തേക്ക് കടക്കുകയും ഇന്ന് ഒരു ലക്ഷം കോടി രൂപയുടെ സാമ്രാജ്യമായി വളരുകയും ചെയ്തു.

ജൂലൈ 10. നമുക്കെല്ലാവർക്കും അറിയുന്ന, നട്ടപ്പാതിരയെന്ന് പോലും നോക്കാതെ നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം മുന്നിൽക്കൊണ്ടു വന്ന് തന്ന സൊമാറ്റോയുടെ 18-ാം ജന്മദിനമാണ് ഇന്ന്. ഒരു സിനിമാക്കഥ പോലെ തോന്നിക്കുന്ന, വളരെ ഇൻസ്പൈറിംഗ് ആയിട്ടുള്ള ഒരു കഥയാണ് സൊമാറ്റോയുടേത്. ഈ കഥ തുടങ്ങുന്നത് 2008-ൽ ദില്ലിയിലാണ്. ഐ.ഐ.ടിയിലെ ബിരുദധാരികളായ രണ്ട് ചെറുപ്പക്കാരാണ് സൊമാറ്റോയുടെ നട്ടെല്ല്. ദീപിന്ദർ ഗോയലും പങ്കജ് ചദ്ദയും. ദില്ലിയിലെ ബെയിൻ ആൻഡ് കമ്പനി എന്ന വലിയൊരു കൺസൾട്ടിംഗ് സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്നു ഇരുവരും.

എന്തെങ്കിലും ഒരു ബിസിനസ് സ്റ്റാർട്ട് ചെയ്യാമെന്ന പ്ലാനിൽ അല്ല ദീപിന്ദറും പങ്കജും സൊമാറ്റോ തുടങ്ങുന്നത്. വിശപ്പിൽ നിന്നാണ് ഈ ഐഡിയ ജനിച്ചതെന്ന് അവർ പിന്നീട് പല വേദികളിൽ പറയുകയുണ്ടായി. എല്ലാ ദിവസവും ഉച്ചയാകുമ്പോൾ ഓഫീസിലെ കഫറ്റീരിയയിൽ വലിയ തിരക്കുണ്ടാകും. റസ്റ്റോറന്റിൽ നിന്ന് കൊണ്ടുവച്ച മെനു കാർഡ് നോക്കി ഭക്ഷണം ഓർഡർ ചെയ്യാനും ആളുകൾ വലിയ ക്യൂ നിൽക്കേണ്ടി വരുമായിരുന്നു. ഒരു ദിവസം വിശന്നു വലഞ്ഞ് ക്യൂവിൽ നിന്ന ദീപിന്ദർ ഗോയലിന്റെ മനസിൽ ഒരു ആശയമുദിച്ചു. എന്തുകൊണ്ട് ഈ മെനു കാർഡുകളെല്ലാം സ്കാൻ ചെയ്ത് നമ്മുടെ ഓഫീസിലെ ഇൻട്രാനെറ്റ് വെബ്‌സൈറ്റിൽ ഇട്ടുകൂടാ? അപ്പോൾ ആളുകൾക്ക് സീറ്റിലിരുന്ന് തന്നെ മെനു നോക്കി ഓർഡർ ചെയ്യാമല്ലോ...

മനസിലെ ആ ആശയം അവർ പ്രാവർത്തികമാക്കി. ആ ഐഡിയയാകട്ടെ സൂപ്പർഹിറ്റായി! ഓഫീസിലെ എല്ലാവരും ആ വെബ്‌സൈറ്റ് ഉപയോഗിക്കാൻ തുടങ്ങി. ട്രാഫിക് കൂടിയപ്പോൾ അവർക്ക് മനസിലായി ഇത് ഈ ഓഫീസിലെ മാത്രം പ്രശ്നമല്ല, ദില്ലിയിലുള്ള മുഴുവൻ ആളുകളുടെയും പ്രശ്നമാണെന്ന്. പിന്നീട് ജോലി രാജിവെച്ച് പൂർണമായി ഇതിലേക്ക് ഇറങ്ങാൻ അവർ തീരുമാനിച്ചു. അങ്ങനെ ദില്ലിയിലെ റസ്റ്റോറന്റുകളുടെ മെനു സ്കാൻ ചെയ്ത് 'Foodiebay.com' എന്ന വെബ്‌സൈറ്റും അവർ തുടങ്ങി.

പതുക്കെ കമ്പനി വളർന്നു തുടങ്ങിയപ്പോൾ 'ഫൂഡിബേ' എന്ന പേര് മാറ്റാനും അവർ തീരുമാനിച്ചു. 'ഇബേ' (eBay) എന്ന വലിയ കമ്പനിയുമായി ഈ പേരിന് സാമ്യമുണ്ടായിരുന്നു എന്നതായിരുന്നു ഇതിന്റെ കാരണം. ആളുകളുടെ മനസിൽ പെട്ടെന്ന് നിൽക്കുന്ന, ഭക്ഷണവുമായി ബന്ധമുള്ള ഒരു പേര്! അങ്ങനെ അവർ കണ്ടെത്തിയ പേരാണ് 'Zomato'. 'തക്കാളി' (Tomato) എന്ന വാക്കിന്റെ മറ്റൊരു വെറൈറ്റി. എന്നാൽ, ആദ്യ കാലത്തൊന്നും

സൊമാറ്റോ ഫുഡ് ഡെലിവറി നടത്തിയിരുന്നില്ല. നിങ്ങൾ ഒരു സ്ഥലത്ത് പോയാൽ അവിടെ എന്ത് നല്ല ഭക്ഷണം കിട്ടും, റസ്റ്റോറന്റിന്റെ അന്തരീക്ഷം എങ്ങനെയുണ്ട്, അവിടുത്തെ വില എത്രയാണ് എന്ന് കാണിക്കുന്ന ഒരു 'ഡിജിറ്റൽ ഡയറക്ടറി' മാത്രമായിരുന്നു അത്.

ഇനി, ഈ വലിയൊരു കഥയിൽ ഒരു വഴിത്തിരിവുണ്ടാകുന്നത് 2015-ലാണ്. അതുവരെ ഇന്ത്യയിൽ രാജാവായിരുന്ന സൊമാറ്റോയ്ക്ക് മുന്നിലേക്ക് 'സ്വിഗ്ഗി' (Swiggy) എന്ന പുതിയൊരു എതിരാളി കൂടി വന്നു. മെനു ആളുകൾക്ക് മുന്നിലെത്തിക്കുക മാത്രമല്ല സ്വിഗ്ഗി ചെയ്തത്. റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം വാങ്ങി ആളുകളുടെ വീട്ടിൽ എത്തിക്കാനും തുടങ്ങി! ഇതോടെ സൊമാറ്റോ വലിയ പ്രതിസന്ധിയിലായി. ഒന്നുകിൽ അപ്ഡേറ്റഡ് ആകുക. അതല്ലെങ്കിൽ തകർന്നു പോകുമെന്ന് ഏതാണ്ട് അവർ ഉറപ്പിച്ചു.

എന്നാൽ സ്ഥാപകനായ ദീപിന്ദർ ഗോയൽ ഇതിൽ ആദ്യത്തെ ഓപ്ഷൻ തെരഞ്ഞെടുത്തു. സ്വന്തമായി ഡെലിവറി ബോയ്‌സിനെ വെച്ചുകൊണ്ട് സൊമാറ്റോയും ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തേക്ക് ഔദ്യോഗികമായി കാലെടുത്ത് വച്ചു. ഓഫറുകളും ഡിസ്‌കൗണ്ടുകളും കൂടുതൽ മുന്നിൽ വച്ചായിരുന്നു സൊമാറ്റോയുടെ ഗെയും. ഒടുവിൽ Uber Eats പോലുള്ള വിദേശ കമ്പനികളെ വരെ ഇന്ത്യയിൽ വെച്ചുതന്നെ സൊമാറ്റോ വിലയ്ക്ക് വാങ്ങി വിപണി പിടിച്ചടക്കി.

ഒരു കാലത്ത് ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ കമ്പനി 2021 ജൂലൈയിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്ക് (Stock Market) ചുവടുവെച്ചു. നഷ്ടത്തിൽ ഓടിക്കൊണ്ടിരുന്ന ഒരു ഇന്ത്യൻ ഇന്റർനെറ്റ് കമ്പനി ഓഹരി വിപണിയിൽ വരുന്നത് ആദ്യമായിട്ടായിരുന്നു. എന്നാൽ പിന്നീട് നടന്നത് അത്ഭുതമാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാർ സൊമാറ്റോയിൽ വിശ്വസിച്ച് പണം നിക്ഷേപിച്ചു. കമ്പനി ഒറ്റ ദിവസം കൊണ്ട് വൻ വിജയമായി മാറി.

ഇന്ന് സൊമാറ്റോ വെറുമൊരു ഫുഡ് ഡെലിവറി കമ്പനി മാത്രമല്ല. വെറും 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിക്കുന്ന 'Blinkit' (ബ്ലിങ്കിറ്റ്) ഇന്ന് സൊമാറ്റോയുടെ ഭാഗമാണ്. റസ്റ്റോറന്റുകൾക്ക് ആവശ്യമായ പച്ചക്കറികളും സാധനങ്ങളും എത്തിക്കുന്ന 'Hyperpure', സിനിമ-ഇവന്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി 'District' തുടങ്ങിയവയെല്ലാം സൊമാറ്റോയ്ക്കൊപ്പം വളർന്ന ബിസിനസുകളായി മാറി. ഇതിനിടയിൽ സഹസ്ഥാപകനായ പങ്കജ് ചദ്ദ കമ്പനിയിൽ നിന്നും മാറിയിരുന്നു. എന്നിട്ടും ദീപിന്ദർ ഗോയൽ സിംഗിൾ ക്യാപ്റ്റനായി കമ്പനിയെ മുന്നോട്ട് നയിച്ചു. ഇന്ന് ദീപിന്ദർ ഗോയൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളാണ്.

ഓഫീസ് കാന്റീനിലുണ്ടായ ഒരു ചെറിയ ക്യൂവിൽ നിന്ന് തുടങ്ങിയ അസ്വസ്ഥതയാണ് ഇന്ന് ലക്ഷക്കണക്കിന് യുവാക്കൾക്ക് ജോലി നൽകുന്ന, കോടിക്കണക്കിന് ആളുകളുടെ വിശപ്പകറ്റുന്ന ഒരു ലക്ഷം കോടി രൂപയുടെ സാമ്രാജ്യമായി മാറിയത്. കൃത്യമായ സമയത്ത് മാറാൻ തയ്യാറായതാണ് സൊമാറ്റോയുടെ വിജയം.

PREV
Read more Articles on
click me!

Recommended Stories

ഒടിടി മല്‍സരം കടുക്കുന്നു; ജീവനക്കാരെ പിരിച്ചുവിട്ട് നെറ്റ്ഫ്‌ളിക്സ്, 1000 പേര്‍ക്ക് ജോലി നഷ്ടമാകും
വാട്‍സാപ്പിന് പകരക്കാരനാകാൻ 'അരട്ടൈ'; ബിസിനസുകൾക്കായി പുതിയ സേവനം, സർക്കാർ സ്ഥാപനങ്ങൾക്ക് സൗജന്യം