കര്‍ഷക സംഘടനകള്‍ വഴി പിരിയുന്നു, 'പോരാട്ടങ്ങള്‍ ഇനിയും ബാക്കി'; കിസാന്‍സഭ നേതാവ് കൃഷ്ണപ്രസാദ് മനസ് തുറക്കുന്നു

By Binuraj SFirst Published Jul 12, 2022, 5:48 PM IST
Highlights

പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയത്  മുതല്‍ നൂറിലേറെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ വിള്ളല്‍ വീണിരുന്നു. ഇപ്പോള്‍ അത് വിഭജനത്തിലേക്കും നീങ്ങിയിരിക്കുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും കിസാന്‍ സഭ അഖിലേന്ത്യ ഫിനാന്‍സ് സെക്രട്ടറിയുമായ പി കൃഷണപ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ബിനുരാജുമായി സംസാരിക്കുന്നു.

കര്‍ഷക സംഘടനകള്‍ പല വഴി ചിതറുകയാണ്. വിവാദ കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ ഭരണകൂടത്തെ മുള്‍മുനയില്‍ നിര്‍ത്തിയ  ഐക്യശക്തിയായിരുന്നു കര്‍ഷക സംഘടനകള്‍. ബിജെപിയും കേന്ദ്ര സര്‍ക്കാരും പല കുറി ശ്രമിച്ചിട്ടും പിന്നോട്ട് മാറാത്ത ആ കൂട്ടായ്മ വഴിപിരിയുകയാണ്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയത്  മുതല്‍ നൂറിലേറെ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ വിള്ളല്‍ വീണിരുന്നു. ഇപ്പോള്‍ അത് വിഭജനത്തിലേക്കും നീങ്ങിയിരിക്കുന്നു. സംയുക്ത കിസാന്‍ മോര്‍ച്ച നേതാവും കിസാന്‍ സഭ അഖിലേന്ത്യ ഫിനാന്‍സ് സെക്രട്ടറിയുമായ പി കൃഷണപ്രസാദ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ബിനുരാജുമായി സംസാരിക്കുന്നു.

1. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുന്നതെങ്ങനെയാണ്?

പ്രശ്നങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കര്‍ഷക സംഘടനകള്‍ ഒന്നിച്ചത്. മൂന്ന് കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്നതായിരുന്നു ആ കൂട്ടായ്മയുടെ പ്രധാന ആവശ്യം.  ആ നീക്കം ലക്ഷ്യം കണ്ടു. ആ സമരം വിജയിച്ചിട്ടുണ്ട്. അത് ഐക്യം കൊണ്ടാണ് വിജയിച്ചത്. ആ ഘട്ടം കഴിഞ്ഞു. ഇനി താങ്ങ് വിലക്കായി സമരം നടക്കും. ആ സമരത്തില്‍ എല്ലാ സംഘടനകള്‍ക്കും ഒരേ നിലപാടായിക്കൊള്ളണമെന്നില്ല. ബിജെപി നിലപാടിനെ പിന്താങ്ങുന്ന സംഘടന കാണും. അതുപോലെ സമ്പന്ന കര്‍ഷകരുടെ പ്രാതിനിധ്യമുള്ള സംഘടന കാണും. ഇടത്തരം കര്‍ഷകരുടെ പ്രതിനിധികളുണ്ടാകാും. ആ അഭിപ്രായ ഭിന്നത പുറത്തേക്ക് വരാനിടയുണ്ട്.

2. താങ്ങ് വില സംബന്ധിച്ച ആവശ്യം ഒരു പൊതു കാര്യമല്ലേ? രാഷ്ട്രീയ ചായ്‍വ്  എങ്ങിനെ പ്രതിഫലിക്കുമെന്നാണ് പറയുന്നത്?

ദരിദ്ര കൃഷിക്കാര്‍ക്കും ഇടത്തരം കൃഷിക്കാര്‍ക്കും ഉണ്ടാകുന്നത്ര ആവശ്യം താങ്ങ് വിലയില്‍ സമ്പന്ന കര്‍ഷകര്‍ക്കുണ്ടാകില്ല. ഉത്പാദന ചെലവ്  അവര്‍ക്ക് ഭാരമാകില്ല. വരുമാനവും വലുതായിരിക്കും. ചെറുകിട, ഇടത്തരം  കര്‍ഷകരുടെ കാര്യം അങ്ങനെയാകില്ല. അവര്‍ക്ക് വളരെ കുറച്ച് ഭൂമിയേ ഉണ്ടാകൂ. ഉത്പാദന ചെലവ് കൂടുതലായിരിക്കും. വരുമാനം കുറവും. ഈ വ്യത്യാസം താങ്ങ് വിലയിലെ നിലപാടിനെ സ്വാധീനിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.  വ്യത്യസ്ത സംഘടനകള്‍ക്കിടിയിലെ രാഷ്ട്രീയ വര്‍ഗപരമായ വ്യത്യാസങ്ങളും  പ്രതിഫലിക്കും.

3.  കര്‍ഷക സമരം കഴിഞ്ഞാലും പല സംസ്ഥാനങ്ങളിലെയും വിഷയങ്ങളില്‍ ഒന്നിച്ച് പോകാനായിരുന്നു കര്‍ഷക സംഘടനകളുടെ തീരുമാനം. ആ നിലപാടില്‍ നിന്ന് പിന്നോട്ട് പോയത് എങ്ങനെയാണ്. സമരകാല ഘട്ടം മുതലേ സംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന് കരുതാമോ?

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റി വച്ചിട്ടല്ല സംഘടനകള്‍ ഒന്നിച്ചത്. മൂന്ന് നിയമങ്ങളും എതിരാണെന്ന് കര്‍ഷകര്‍ക്ക് ഒന്നടങ്കം തോന്നി. ആ സമരമാണ് കര്‍ഷകരെ ഒന്നിപ്പിച്ചത്. പാര്‍ലമെന്‍റിലേക്കുള്ള ട്രാക്ടര്‍ മാര്‍ച്ച് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ തീരുമാനമായിരുന്നു, സംയുക്ത കിസാന്‍ മോര്‍ച്ചയുടേതല്ല. പിന്നീടാണ് എസ്കെഎം ഉണ്ടായത്. പിന്നീട് വന്ന ആളുകള്‍ക്കിടയില്‍ തുടക്കത്തില്‍ വന്ന ആളുകള്‍ക്കിടയിലെ ഐക്യം ഉണ്ടായിരുന്നില്ല.  അതില്‍ ധനിക വര്‍ഗ താല്‍പര്യമുള്ളവരായിരുന്നു. ആ രാഷ്ട്രീയ വ്യത്യാസം അവിടെ കാണും. 

4. ബിജെപി  ആഗ്രഹിച്ചിടത്തേക്ക് അപ്പോള്‍ കാര്യങ്ങളെത്തിയെന്ന് കരുതാമോ?

കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ ബിജെപി ഏറെ ശ്രമിച്ചിട്ടുണ്ട്. ആ വിഭജന ശ്രമത്തിന്‍റെ തുടര്‍ച്ച ഇപ്പോഴുംനടക്കുന്നു. കര്‍ഷക മുതലാളിമാരുടെ സ്വാധീനം ഇത്തരം പ്രസ്ഥാനങ്ങളില്‍ കാണും. എല്ലാ കാര്യങ്ങളിലും ഏകാഭിപ്രായം ഉണ്ടായിക്കൊള്ളണമെനന്നില്ല. എന്നാല്‍ സമരത്തിന്‍റെ പ്രാധാന്യം ചില കര്‍ഷക സംഘടനകളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ട്. സമരം വിജയിപ്പിക്കുന്നതില്‍ ഓള്‍ ഇന്‍ വണ്‍ ഐക്യം ഉണ്ടായിരുന്നു.

5. മഹാപഞ്ചായത്തുകള്‍ നടത്തി വലിയ പ്രതിഷേധ സൂചനയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയത്. എന്നാല്‍ പടിഞ്ഞാറന്‍ യുപിയിലെ തെരഞ്ഞെടുപ്പ് ഫലത്തെ പോലും കാര്യമായി സ്വാധീനിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനം ശക്തമാണല്ലോ?

അത് പൂര്‍ണ്ണമായി ശരിയല്ല. കാരണം യുപിയിലും പഞ്ചാബിലുമുള്‍പ്പടെ കര്‍ഷക പ്രക്ഷോഭത്തിന്‍റെ സ്വാധീനം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട് .പഞ്ചാബില്‍ കോണ്‍ഗ്രസ് തകര്‍ന്നു. ഉദാരവ്തക്കരണത്തിനൊപ്പം നിന്ന പാര്‍ട്ടിയാണ്. ബിജെപിക്കും പഞ്ചാബില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ദുര്‍ബലപ്പെടുകയും ചെയ്തു. കര്‍ഷക സംഘടനകള്‍ അവിടെ മത്സരിക്കാന്‍ പോയെങ്കിലും അവരെ  കര്‍ഷകര്‍ പോലും കാര്യമായി പിന്തുണച്ചില്ല. അതുകൊണ്ടാണ്  കെട്ടിവച്ച കാശ് പോലും കിട്ടാതെ പോയത്. അവിടെ ആംആംദ്മി പാര്‍ട്ടിക്ക് പിന്നില്‍ കര്‍ഷകര്‍ അണി നിരന്നു. 

കര്‍ഷക സംഘടനകളുടെ കോര്‍പ്പറേറ്റ് വിരുദ്ധ നിലപാടിന്‍റെ കൂടി വിജയമാണ് പഞ്ചാബില്‍ കണ്ടത്. അതുപോലെ യുപിയില്‍. അവിടെയൊരു ധ്രുവീകരണം ഉണ്ടായിയെന്നത് യാഥാര്‍ത്ഥ്യമാണ്. ആ ധ്രുവീകരണത്തില്‍ 12 ശതമാനം വോട്ട് അധികമായി സമാജ് വാദി പാര്‍ട്ടിക്ക് കിട്ടി. മൂന്ന് ശതമാനം അധികം വോട്ടേ ബിജെപിക്ക് കിട്ടിയുള്ളൂ. നേരത്തെയുള്ള പല സീറ്റുകളിലും ബിജെപി തോല്‍ക്കുകയും ചെയ്തു. അപ്പോള്‍ ഒരു പോളറൈസേഷന്‍ ഉണ്ടാക്കാന്‍ കര്‍ഷക പ്രക്ഷോഭത്തിന് കഴിഞ്ഞു. കര്‍ഷക പാര്‍ട്ടിയായ ആര്‍എല്‍ഡിയുടെ വോട്ട് സമാജ് വാദി പാര്‍ട്ടിക്കാണ് കിട്ടിയത്. 

6. അവസാനമായി ഒരു ചോദ്യം കൂടി. സംഘടനകള്‍ വിഭജനത്തിലേക്ക് പോകുന്നു. എന്തായിരിക്കും ഭാവി?

നോക്കൂ. പ്രശ്നാധിഷ്ഠിത കൂട്ടായ്മമാണിത്. വ്യക്തികള്‍ക്കല്ല ഇവിടെ പ്രാധാന്യം. ആരോണോ പ്രശ്നാധിഷ്ഠിതമായി പ്രക്ഷോഭ രംഗത്തുള്ളത്. അവര്‍ക്ക് പിന്നാലെ ജനങ്ങള്‍ ഒഴുകിയെത്തും. അതാണ് ശ്രീലങ്കയില്‍ കാണുന്നത്. അവിടെ ഏതെങ്കിലും വ്യക്തിയോ, രാഷ്ട്രീയ പ്രസ്ഥാനമോ അല്ല പ്രക്ഷോഭത്തിന്  നേതൃത്വം കൊടുക്കുന്നത്. ആ സമരത്തിന് കര്‍ഷക സമരവുമായി ഒരു സാമ്യമുണ്ട്. രണ്ടും ലോക ശ്രദ്ധയാകര്‍ഷിച്ച പ്രതിഷേധമാണ്. രണ്ടിടത്തും വ്യക്തി നേതാക്കളില്ലായിരുന്നു. മറിച്ച് ഇഷ്യൂവായിരുന്നു നേതൃത്വം. ബിജെപി മന്ത്രിമാരെ പോലും തടയുന്ന സാഹചര്യം ഇവിടെയുണ്ടായില്ലേ? ജനവിരുദ്ധ നയങ്ങള്‍ ഉയര്‍ന്നാല്‍ ആ ശക്തി വീണ്ടും ഉണരും.
 

click me!