ഓസ്‌കാര്‍ നേടിയ ആന ഡോക്യുമെന്ററി; നട്ടെല്ലായി പ്രവര്‍ത്തിച്ച മലയാളി!

By Vaisakh AryanFirst Published Mar 13, 2023, 4:59 PM IST
Highlights

മുലകുടി മാറാത്ത ആനക്കുട്ടിയെ പരിചരിക്കുക എന്നത് മറ്റൊന്നും പോലെയല്ല. അതുകൊണ്ട് അത് കൈകാര്യം ചെയ്തവരുടെ വൈദഗ്ധ്യം നിലനിർത്തിപോവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

ഓസ്കാർ വേദിയിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ നേട്ടമാണ് ഡോക്യുമെന്‍ററി ( ഷോർട്ട് ) വിഭാഗത്തിലെ പുരസ്കാരം. ഊട്ടി സ്വദേശിയായ കാ‌ർത്തികി ഗോൺസാൽവസ് സംവിധാനം ചെയ്ത ദ എലഫെന്‍റ് വിസ്പറേഴ്സിനാണ് മികച്ച ഡോക്യുമെന്‍ററിക്കുള്ള ഈ വര്‍ഷത്തെ പുരസ്കാരം ലഭിച്ചത്. ശിഖ്യ എന്‍റർടെയിൻമെന്‍റ്സ് നിർമിച്ച് ഡിസംബറിൽ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ഡോക്യുമെന്‍ററി ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടികഴിഞ്ഞു. ഇന്ത്യയിൽതന്നെ ചിത്രീകരണവും മറ്റ് നടപടികളുമെല്ലാം പൂർത്തിയാക്കിയ ഒരു ഡോക്യുമെന്‍ററിക്ക് ആദ്യമായാണ് ഇത്തരത്തിൽ ഒരു പുരസ്കാരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.  

ഓസ്കറിലെ മലയാളി തിളക്കം

പതിവുപോലെ ഈ പുരസ്കാര നേട്ടത്തിലും മലയാളിയുടെ കൈയൊപ്പുണ്ടെന്നത് എല്ലാ കേരളീയർക്കും അഭിമാനമാണ്. കോഴിക്കോട് സ്വദേശിയും വർഷങ്ങളായി ആനകളെ പറ്റി ഗവേഷണം നടത്തുകയും ചെയ്യുന്ന ഡോ ശ്രീധർ വിജയകൃഷ്ണനാണ് ഡോക്യുമെന്‍ററിയുടെ സയന്‍റിഫിക് അഡ്വൈസർ. ആനകളുടെ ശരീരഭാഷയുടെ ഡീകോഡിംഗ്, ഡോക്യുമെന്‍ററി സ്ക്രിപ്റ്റിന്‍റെ ഫാക്ട് ചെക്കിംഗ് എന്നിവ നിർവഹിച്ചത് ശ്രീധർ വിജയകൃഷ്ണനാണ്. ദില്ലിയിൽ ജോലി സംബന്ധമായ ആവശ്യങ്ങൾക്കെത്തിയ ശ്രീധർ ഡോക്യുമെന്‍ററിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുന്നു.

ചോദ്യം - എങ്ങനെയാണ് ശ്രീധർ ഡോക്യുമെന്‍ററിയുടെ ഭാഗമായത് ?

ഡോ. ശ്രീധർ വിജയകൃഷ്ണൻ - 2018 -ലാണ് സംവിധായിക കാർത്തികി ഗോൺസാൽവസിനെ ഞാൻ പരിചയപ്പെടുന്നത്. 2017 -ലാണ് തമിഴ്നാട് വനംവകുപ്പ് രഘുവിനെ ( ഡോക്യുമെന്‍ററിയിലെ കുട്ടിയാന ) രക്ഷപ്പെടുത്തി കൊണ്ടുവരുന്നത്. തള്ളയാന ഷോക്കേറ്റ് ചരിഞ്ഞതാണ്, മൃഗങ്ങൾ ആക്രമിച്ച് മുറിവേറ്റ് വളരെ പരിതാപകരമായിരുന്നു ആനക്കുട്ടിയുടെ അവസ്ഥ, ചരിഞ്ഞുപോകുമെന്ന് കരുതിയതാണ്. അന്നുമുതൽ ബൊമ്മനെന്ന ആനക്കാരനും ബെല്ലിയെന്ന ഭാര്യയും ആനക്കുട്ടിയെ പരിചരിച്ച് വളർത്തുകയാണ്.  ഇതെല്ലാം നേരിട്ട് കണ്ട കാർത്തികി ഗോൺസാൽവസ് ഡോക്യുമെന്‍ററി ചെയ്യാൻ പദ്ധതിയിടുകയായിരുന്നു. 2018 ല്‍ നേച്ചർ ഇൻ ഫോക്കസ് എന്ന നേച്ചർ ഫെസ്റ്റിവലിന് ഞാൻ സംസാരിച്ചിരുന്നു. അത് കേൾക്കാൻ വന്ന കാർത്തികി എന്നെ വന്ന് പരിചയപ്പെടുകയായിരുന്നു. അന്ന് തൊട്ട് ഇന്നുവരെ ഇതിന്‍റെ ശാസ്ത്രീയ വശങ്ങളെന്തൊക്കെയാണ്, ആനയും ആനക്കാരനും തമ്മിലുള്ള ബന്ധം എങ്ങനെയാണ്, ആന പറയാൻ ശ്രമിക്കുന്നതെന്താണ് എന്ന് കാർത്തികിയ്ക്ക് വിശദീകരിച്ച് നല്കുകയാണ് ഞാൻ ചെയ്തത്.

ചോദ്യം - 5 വർഷത്തോളം ഡോക്യുമെന്‍ററിയുടെ ഭാഗമായിരുന്നോ ?

ഡോ. ശ്രീധർ വിജയകൃഷ്ണൻ - ഏകദേശം. 2018 മുതൽ ഇതിന്‍റെ ഭാഗമായി ഞാനുമുണ്ട്. പോസ്റ്റ്പ്രൊഡക്ഷൻ വർക്ക് കഴിഞ്ഞ്  കഴിഞ്ഞ ഡിസംബറിലാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. നാലര വർഷത്തോളം ഞാൻ ഡോക്യുമെന്‍ററിയുമായി തുടർച്ചയായി സഹകരിച്ചിട്ടുണ്ട്.

ചോദ്യം - ഇത്ര വലിയ ഒരു പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?

ഡോ. ശ്രീധർ വിജയകൃഷ്ണൻ -  അക്കാദമിയുടെ വോട്ടീംഗ് അവസാനിക്കുന്ന ദിവസം വരെ അവരെ ഞാൻ ബന്ധപ്പെട്ടിരുന്നു. അന്നും പ്രതീക്ഷയുണ്ടായിരുന്നില്ല. അക്കാദമി അവാർഡ്സ് പോലുള്ള ഒന്നിലേക്ക് നോമിനേഷൻ കിട്ടുന്നത് പോലും വലിയ കാര്യമാണ്. ജനങ്ങളിലേക്ക് ഒരു സന്ദേശമെത്തിക്കുക എന്ന് മാത്രമാണ് കരുതിയിരുന്നത്. ഇത്ര വലിയ നേട്ടമുണ്ടാകുമെന്ന് കരുതിയില്ല.  

ചോദ്യം - 450 മണിക്കൂറോളം ഫൂട്ടേജ് ശേഖരിച്ചിട്ടുണ്ടെന്ന് കാർത്തികി ഗോൺസാൽവസ് പറഞ്ഞിട്ടുണ്ട്. എത്രത്തോളം ശ്രമകരമായിരുന്നു ദൗത്യം. ?

ഡോ. ശ്രീധർ വിജയകൃഷ്ണൻ - സാങ്കേതിക വശങ്ങളെ സംബന്ധിച്ച് കാർത്തികിക്ക് വലിയ വെല്ലുവിളിയായിരുന്നു. സ്ഥിരം വിഷയങ്ങളെ പറ്റി ഡോക്യുമെന്‍ററി ചെയ്യുന്നത് പോലെയല്ല നേച്ചർ ഡോക്യുമെന്‍ററി ചെയ്യുക. വിചാരിച്ച ഷോട്ടുകൾ കിട്ടണമെങ്കിൽ മണിക്കൂറുകളോളം അലഞ്ഞു തിരിയേണ്ടി വരും. പലപ്പോഴും കാലാവസ്ഥ അനുകൂലമാകില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്ക്രിപ്റ്റിൽ നോക്കി തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് എന്‍റെ ജോലി. കാർത്തികി നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.

ചോദ്യം - ഇന്ത്യയിൽ തന്നെ ചിത്രീകരിക്കപ്പെടുകയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുകയും ചെയ്ത ഡോക്യുമെന്‍ററിക്ക് ലഭിച്ച ആദ്യ ഓസ്കർ ആണിത്. എത്രത്തോളം അഭിമാനമുണ്ട്? രണ്ട് സ്ത്രീകളാണ് ഡോക്യുമെന്‍ററിക്ക് പുറകിലുള്ളത് എന്നതും എടുത്ത് പറയേണ്ടതല്ലേ ?

ഡോ. ശ്രീധർ വിജയകൃഷ്ണൻ - വലിയ അഭിമാനമുണ്ട്. ഒരാഴ്ച മുൻപാണെങ്കിൽ വനിതാ ദിനത്തിൽ തന്നെ ഈ പുരസ്കാരം ലഭിക്കുമായിരുന്നു. അവരുടെ സമർപ്പണം വളരെ വലുതായിരുന്നു. എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നത് ഞങ്ങൾ ക്രൂവിലുണ്ടായിരുന്നവർക്ക് അറിയാം. കാടിനകത്ത് ചിത്രീകരിക്കണമെങ്കിൽ അധികൃതരുടെ അനുമതി വേണം. ഉപകരണങ്ങൾ എത്തിക്കുന്നതടക്കം വെല്ലുവിളിയായിരുന്നു. ജീവിതത്തിന്‍റെ അഞ്ച് വർഷം ഇതിനായി സമ‌ർപ്പിക്കുകയെന്നത് ചെറിയ കാര്യമല്ല.

ചോദ്യം - കേരളത്തിലടക്കം മനുഷ്യ - മൃഗ സംഘർഷം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്‍ററിക്ക് പുരസ്കാരം ലഭിക്കുന്നത്. ഒരു മലയാളിയെന്ന നിലയിൽ ഈ പുരസ്കാരം ലഭിക്കുന്നതിലൂടെ നമ്മളെന്താണ് മനസിലാക്കേണ്ടത് ?

ഡോ. ശ്രീധർ വിജയകൃഷ്ണൻ - രണ്ട് തലത്തിലാണ് ഞാൻ കാണുന്നത്. മനുഷ്യ മൃഗ സംഘർഷമെന്നത് ഇന്നോ നാളെയോ അവസാനിക്കുന്ന ഒന്നായല്ല ഞാൻ കാണുന്നത്. 15 വർഷമായി ഞാൻ ആനകളെ കുറിച്ച് ഗവേഷണം ചെയ്യുന്നയാളാണ്. ലഭ്യമായ അറിവുവച്ച് സംഘർഷം കുറച്ച് കൊണ്ടുവരാമെന്നല്ലാതെ പൂർണമായി ഇല്ലാതാക്കാനാകില്ല. ഈ ഡോക്യുമെന്‍ററിയിൽ മുതുമല കാടിന് നടുവിലാണ് അവർ താമസിക്കുന്നത്. കടുവയും പുലിയുമെല്ലാമുണ്ട്. അവിടെ അവർ എങ്ങനെ ഒരുമിച്ച് ജീവിക്കുന്നു എന്ന മാതൃകയാണ് ഒന്നാമത്തേത്. മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധം മെരുക്കി വളർത്തുമ്പോൾ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നതാണ് രണ്ടാമത്തെ കാര്യം. മനുഷ്യ മൃഗ സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ അനാഥരായ മൃഗങ്ങളുണ്ടാകാനുള്ള സാധ്യത ഇനിയങ്ങോട്ട് കൂടുതലാണ്. ആനകളെയൊക്കെ പിടിക്കപ്പെടാനും സാധ്യതയേറെയാണ്. ഈ സാഹചര്യത്തിൽ ബൊമ്മനും ബെല്ലിയും പോലെയുള്ള കാട്ടുനായ്ക വിഭാഗത്തിൽ നിന്നുള്ളവരുടെ വൈദഗ്ധ്യം പ്രധാനപ്പെട്ടതാണെന്നാണ് ഈ ഡോക്യുമെന്‍ററി എടുത്ത് പറയുന്നത്.

ചോദ്യം - രഘുവിനെ പോലുള്ള ആനകുട്ടികൾ ഇനിയുമുണ്ടാകും. അവർക്ക് നൽകേണ്ട പരിചരണവും പ്രധാനപ്പെട്ടതാണ്

ഡോ. ശ്രീധർ വിജയകൃഷ്ണൻ - തീർച്ചയായും, മുലകുടി മാറാത്ത ആനക്കുട്ടിയെ പരിചരിക്കുക എന്നത് മറ്റൊന്നും പോലെയല്ല. അതുകൊണ്ട് അത് കൈകാര്യം ചെയ്തവരുടെ വൈദഗ്ധ്യം നിലനിർത്തിപോവുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.

 

click me!