
ദില്ലി: അന്താരാഷ്ട്ര ക്രിക്കറ്റിൽ വിസ്മയ പ്രകടനം തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് വീണ്ടും ആഗോള അംഗീകാരം. 'ടൈം' മാഗസിന്‍ പ്രസിദ്ധീകരിച്ച 2026-ലെ ഏറ്റവും സ്വാധീനമുള്ള 100 ആഗോള താരങ്ങളുടെ പട്ടികയിൽ വൈഭവ് ഇടം നേടി. ഈ പട്ടികയിൽ ഇടംപിടിച്ച ഏക ഇന്ത്യൻ കായികതാരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് വൈഭവ്. കായിക താരങ്ങളായി ഏഴ് പേര്‍ മാത്രമുള്ള പട്ടികയിലാണ് വൈഭവും ഇടം നേടിയത്.
വിവിധ മേഖലകളിൽ ഉയർന്നുവരുന്ന പ്രമുഖരെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന പട്ടികയിലെ ‘ഫെനോം’ വിഭാഗത്തിലാണ് വൈഭവ് തെരഞ്ഞെടുക്കപ്പെട്ടത്. ലോക കായികരംഗത്തെ ഏറ്റവും ആവേശകരമായ പ്രതിഭകളിൽ ഒരാൾ എന്നാണ് ടൈം മാഗസിൻ വൈഭവിനെ വിശേഷിപ്പിച്ചത്. പന്ത്രണ്ടാം വയസിൽ ബീഹാറിനായി രഞ്ജി ട്രോഫിയിൽ അരങ്ങേറി ശ്രദ്ധ നേടിയ വൈഭവ്, 2025-ലെ ഐപഎൽ ലേലത്തിൽ ഒരു കോടി 10 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിലെത്തിയത്. ഐപിഎൽ താരലേലത്തിൽ ഒരു ടീമിലെത്തുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു. അരങ്ങേറ്റ സീസണിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ചുറി നേടി ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയൻ ആയി റെക്കോര്‍ഡിടാനും വൈഭവിനായി.
തൊട്ടടുത്ത സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 776 റൺസ് അടിച്ച് റൺവേട്ടക്കാരിൽ ഒന്നാമതെത്തിയ ഒരു സീസണിൽ 72 സിക്സറുകൾ എന്ന ക്രിസ് ഗെയ്‌ലിന്‍റെ സര്‍വകാല റെക്കോർഡ് തകർക്കുകയും ചെയ്തു. കഴിഞ്ഞ ജൂലൈയിൽ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിൽ ദേശീയ ജേഴ്സി അണിഞ്ഞതോടെ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്ത് ഇന്ത്യക്കായി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കിയിരുന്നു. കൂടാതെ, ഇക്കൊല്ലം ഇന്ത്യ കിരീടം നേടിയ അണ്ടർ-19 ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും, ശ്രീലങ്ക എ ടീമിനെതിരെ 11 പന്തിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഫിഫ്റ്റി അടിച്ചതും വൈഭവിന്‍റെ നേട്ടങ്ങളാണ്.
ഞാൻ ക്രീസില്‍ നിൽക്കുന്നത്രയും സമയം, ആധിപത്യം പുലർത്തി കളിക്കുന്നിടത്തോളം എതിരാളികളുടെ കയ്യിൽ നിന്ന് വിജയം തട്ടിയെടുക്കാൻ തനിക്ക് കഴിയുമെന്ന് ടൈം മാഗസിനു നൽകിയ പ്രതികരണത്തിൽ വൈഭവ് പറഞ്ഞു. നിലവിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമംഗമാണ് വൈഭവ്. അമേരിക്കൻ ക്വാട്ടർബാക്ക് ആർച്ച് മാനിംഗ്, ടെന്നീസ് താരം അലക്സാണ്ട്ര ഈല തുടങ്ങി ലോകമെമ്പാടുമുള്ള ഏഴ് കായികതാരങ്ങൾ മാത്രമാണ് ഈ വർഷത്തെ ടൈം100 നെക്സ്റ്റ് പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!