
ന്യൂ ചണ്ഡീഗഡ്: ഐപിഎല്ലിൽ ആരാധകരെ അമ്പരപ്പിച്ച് വീണ്ടും രാജസ്ഥാൻ റോയൽസിന്‍റെ 15-കാരൻ വണ്ടർ കിഡ് വൈഭവ് സൂര്യവംശി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ അർധസെഞ്ചുറിക്ക് തൊട്ടടുത്ത് (16 പന്തിൽ 43) പുറത്തായെങ്കിലും, മൈതാനത്ത് വൈഭവ് കാഴ്ചവെച്ച പ്രകടനം മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. പഞ്ചാബ് കിങ്‌സ് ബൗളർമാരെ പവർപ്ലേയിൽ തന്നെ അടിച്ചൊതുക്കുക എന്നതായിരുന്നു വൈഭവിന്‍റെ ശൈലി. അഞ്ച് സിക്‌സറുകളും മൂന്ന് ഫോറുകളുമാണ് താരം പറത്തിയത്. ഒരേയൊരു സിംഗിള്‍ മാത്രമാണ് വൈഭവിന്‍റെ ഇന്നിംഗ്സിലുള്ളത്. വൈഭവ് പറത്തി 5 സിക്സറുകളില്‍ മൂന്നെണ്ണം ധോണിയുടെ ട്രേഡ്മാർക്ക് ഷോട്ടായ 'ഹെലികോപ്റ്റർ ഷോട്ടി'ലൂടെയായിരുന്നു എന്നത് ആരാധകരെ അമ്പരപ്പിച്ചു.
ഇന്ത്യയുടെ മുൻനിര പേസർ അർഷ്ദീപ് സിംഗിനെതിരെ ഒരു തവണയും, അതിവേഗ ബൗളർ ലോക്കി ഫെർഗൂസനെതിരെ രണ്ട് തവണയുമാണ് വൈഭവ് ഈ അസാമാന്യ ഷോട്ട് പായിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായതോടെ ഞങ്ങൾ ഇത് മുമ്പ് കണ്ടിട്ടുണ്ട് എന്ന കുറിപ്പോടെ ധോണി ആരാധകരും വൈഭവിനെ ഏറ്റെടുത്തു കഴിഞ്ഞു. ഈ ഇന്നിംഗ്‌സോടെ സീസണിലെ റൺവേട്ടയിൽ അഭിഷേക് ശർമ്മയെ മറികടന്ന് സൂര്യവംശി ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ചു. കേവലം 167 പന്തുകളിൽ നിന്ന് സീസണിൽ 400 റൺസ് പിന്നിട്ട താരം, ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 400 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. 238.09 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് വൈഭവ് ഈ സീസണിൽ ബാറ്റ് ചെയ്യുന്നത്.
വൈഭവിന്‍റെ പ്രകടനം കണ്ട് മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ താരത്തെ വാനോളം പുകഴ്ത്തി.145 കിലോമീറ്ററിന് മുകളിൽ വേഗതയിൽ വരുന്ന പന്തുകളെ വൈഭവ് നേരിടുന്ന രീതി എന്നെ അത്ഭുതപ്പെടുത്തുന്നു. 15 വയസുകാരൻ ലോകോത്തര ബൗളർമാരെ ഇത്ര നിഷ്പ്രയാസം നേരിടുന്നത് ഇതിനുമുമ്പ് കണ്ടിട്ടില്ല. അവൻ ഇന്ത്യൻ ടീമിലെത്തുന്ന ദിവസം അധികം ദൂരെയല്ല - ശിഖർ ധവാൻ അഭിപ്രായപ്പെട്ടു. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ്, പാറ്റ് കമിന്‍സ് തുടങ്ങിയ വമ്പൻ ബൗളർമാരെ ഇതിനോടകം സിക്സര്‍ പറത്തിയ വൈഭവ് സൂര്യവംശി, ഐപിഎല്ലിലെ സിക്സര്‍ വേട്ടയിലും ഒന്നാമനാണ്. ഈ സീസണില്‍ മാത്രം 38 സിക്സുകളാണ് വൈഭവ് നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!