ഐപിഎല്‍: താരങ്ങള്‍ക്ക് നാല് പരിശോധന; കൊവിഡ് ചട്ടങ്ങൾ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍

By Web TeamFirst Published Aug 1, 2020, 1:56 PM IST
Highlights

താരങ്ങൾ രണ്ട് തവണ കൊവിഡ് പരിശോധന നടത്തണം എന്നതടക്കമുള്ള മാർഗ നിർദേശങ്ങളുണ്ടെന്നാണ് വിവരം

മുംബൈ: ഐപിഎല്ലിൽ താരങ്ങളും ടീം സ്റ്റാഫുകളും പാലിക്കേണ്ട കൊവിഡ് ചട്ടങ്ങൾ ബിസിസിഐ തയ്യാറാക്കിയതായി സൂചന. 240 പേജുള്ളതാണ് പെരുമാറ്റച്ചട്ടമെന്നാണ് റിപ്പോർട്ട്. താരങ്ങൾ രണ്ട് നാല് തവണ കൊവിഡ് പരിശോധന നടത്തണം എന്നതടക്കമുള്ള മാർഗ നിർദേശങ്ങളുണ്ടെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്‌ചത്തെ ബിസിസിഐ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലുണ്ടാകും.

അടുത്ത മാസം 19 മുതൽ നവംബർ 8 വരെ യുഎഇയിലെ മൂന്ന് വേദികളിലായി മൽസരങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിലും ഗവേണിംഗ് കൗണ്‍സില്‍ യോഗം തീരുമാനം കൈക്കൊള്ളും. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. 

ഐപിഎല്‍: ഇന്ത്യ വേദിയാകാത്തതില്‍ നിരാശനെന്ന് തുറന്നുപറഞ്ഞ് സ്‌മിത്ത്

വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. വിമാനങ്ങളില്ലാത്തതിനാൽ യുഎഇയിൽ എത്താനാകാത്ത താരങ്ങളെ ചാർട്ടേഡ് വിമാനത്തിൽ എത്തിക്കാന്‍ നീക്കം നടക്കുന്നുണ്ട്. അന്തിമ തീരുമാനം നാളത്തെ ബിസിസിഐ യോഗത്തിന് ശേഷമുണ്ടാകും. ബാംഗ്ലൂരിന്റെ എ ബി ഡിവില്ലിയേഴ്സ്, ഡൽഹിയുടെ കാഗിസോ റബാഡ, ചെന്നൈയുടെ ഡുപ്ലെസി, മുംബൈയുടെ ക്വിന്റൺ ഡി കോക്ക് എന്നിവരെ പ്രത്യേക വിമാനത്തിലെത്തിക്കാനാണ് നീക്കം.

അതേസമയം സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ 35-40 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മുബാഷിര്‍ ഉസ്മാനി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഐപിഎല്‍: എബിഡി വെടിക്കെട്ട് വൈകും; ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ യാത്ര ആശങ്കയില്‍

click me!