ജൊഹന്നസ്‌ബര്‍ഗ്: ഐപിഎല്‍ 2020 എഡിഷന്‍റെ ആദ്യ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് നഷ്‌ടമായേക്കും. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് പടരുന്നതിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ മൂലമാണിത്. എബി ഡിവില്ലിയേഴ്‌സ്, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ക്വിന്‍റണ്‍ ഡി കോക്ക് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ക്കും അവരുടെ ടീമുകള്‍ക്കുമാണ് ഇതോടെ തിരിച്ചടിയായിരിക്കുന്നത്. 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ച ദക്ഷിണാഫ്രിക്ക സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ട്. രാജ്യത്തെ നിയന്ത്രണങ്ങള്‍ സെപ്റ്റംബറിന് ശേഷം മാത്രമേ പിന്‍വലിക്കാനാകൂ എന്നാണ് അനുമാനം. ഇതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്. ഓഗസ്റ്റ് 18ന് ആരംഭിക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗില്‍നിന്ന് ഇതിനകം അഞ്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പിന്‍മാറിയിട്ടുണ്ട്. 

സെപ്റ്റംബർ 19 മുതലാണ് യുഎഇയില്‍ ഇത്തവണ ഐപിഎൽ നടക്കുന്നത്. ടൂര്‍ണമെന്റില്‍ 60 മത്സരങ്ങളാകും ഉണ്ടാകുക. മാര്‍ച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചത്. ഐപിഎല്ലിന്‍റെ മത്സരക്രമം, നിയമാവലി, ക്രമീകരണങ്ങള്‍ എന്നിവ ഓഗസ്റ്റ് രണ്ടിന് ബിസിസിഐ പുറത്തിറക്കും. ഫൈനല്‍ നവംബര്‍ പത്തിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.   

ഐപിഎല്ലിലുള്ള ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍: എ ബി ഡിവില്ലിയേഴ്‌സ്(ആര്‍സിബി), ക്വിന്‍റണ്‍ ഡികോക്ക്(മുംബൈ ഇന്ത്യന്‍സ്), ഡെയ്‌ല്‍ സ്റ്റെയ്‌ന്‍(ആര്‍സിബി), ക്രിസ് മോറിസ്(ആര്‍സിബി), കാഗിസോ റബാഡ(ഡല്‍ഹി ക്യാപിറ്റല്‍), ലുങ്കി എന്‍ങ്കിടി(സിഎസ്‌കെ), ഫാഫ് ഡുപ്ലസിസ്(സിഎസ്‌കെ), ഇമ്രാന്‍ താഹിര്‍(സിഎസ്‌കെ), ഡേവിഡ് മില്ലര്‍(രാജസ്ഥാന്‍ റോയല്‍സ്), ഹാര്‍ഡ്യൂസ് വില്‍ജന്‍(കിംഗ്സ് ഇലവന്‍ പഞ്ചാബ്)

ഐപിഎല്‍: ഇന്ത്യ വേദിയാകാത്തതില്‍ നിരാശനെന്ന് തുറന്നുപറഞ്ഞ് സ്‌മിത്ത്