സഞ്ജു ടീമിലുള്ളത് രണ്ട് സീനിയർ താരങ്ങൾക്ക് ഇഷ്ടമല്ല! ചർച്ചയായി ട്വീറ്റ്; പല പേരുകൾ എയറിൽ

By Web TeamFirst Published Mar 21, 2023, 2:59 PM IST
Highlights

സഞ്ജുവിനെ കളിപ്പിച്ചാല്‍ കൂടുതല്‍ ആരാധക പിന്തുണ മലയാളി താരത്തിന് ലഭിക്കും എന്നതാണ് ഇവരെ അസ്വസ്ഥരാക്കുന്നത് എന്ന് ട്വീറ്റില്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ കാര്യമായി അവസരം നല്‍കുന്നില്ല എന്നതാണ് പ്രധാന വിമര്‍ശനം. സഞ്ജുവിനെ പ്രധാന ടീമിനൊപ്പം കളിപ്പിക്കുന്നതും പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവസരം നല്‍കുന്നതും അത്യപൂര്‍വമാണ്. അതേസമയം ലഭിച്ച അവസരങ്ങളില്‍ സഞ്ജുവിന് വേണ്ടത്ര മികവ് കാട്ടാനായിട്ടില്ല എന്ന വാദവും ശക്തം. ഏകദിന ടീമിലേക്ക് സൂര്യകുമാര്‍ യാദവിന് പകരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തണം എന്ന ആവശ്യം വീണ്ടും ശക്തമായിരിക്കേ ഒരു ട്വീറ്റ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 

സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് രണ്ട് സീനിയര്‍ താരങ്ങള്‍ക്ക് ഇഷ്‌ടമല്ല എന്നാണ് ഈ ട്വീറ്റില്‍ പറയുന്നത്. ഇരുവരേക്കാളും ആരാധക പിന്തുണ സഞ്ജുവിന് കിട്ടുന്നതാണ് ഇതിന് കാരണമെന്നും ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റിന് താഴെ പല ഇന്ത്യന്‍ സീനിയര്‍ താരങ്ങളുടേയും പേര് ആരാധകര്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്. രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങി പല താരങ്ങളും സഞ്ജു ടീമിലുള്ളത് ഇഷ്‌ടപ്പെടുന്നില്ല എന്ന് ആരാധകര്‍ അവകാശപ്പെടുന്നു. എന്നാല്‍ ഈ ട്വീറ്റിന്‍റെ ഉള്ളടക്കം എത്രത്തോളം വിശ്വസനീയമാണ് എന്ന് വ്യക്തമല്ല. സഞ്ജുവിനെ ടീമിലെടുക്കുന്നത് സീനിയര്‍ താരങ്ങള്‍ ഇഷ്‌ടപ്പെടുന്നില്ല എന്ന അഭ്യൂഹം ഇതാദ്യമായാണ് പ്രത്യക്ഷപ്പെടുന്നത്. 

Rumours Has It That 2 Senior Players Are Insecure Having Sanju Samson In The Lineup As He Gets More Support From Fans Than Themselves !! pic.twitter.com/kTLSXphxeq

— Sher Singh Rajput (@SherSingh__)

ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സഞ്ജു സാംസണിന് അവസരം ലഭിച്ചിരുന്നില്ല. ഏകദിന ക്രിക്കറ്റില്‍ 2022ല്‍ മികച്ച ഫോമിലായിരുന്നിട്ടും സഞ‌്ജുവിന് തുടര്‍ അവസരങ്ങള്‍ ലഭിക്കാതെ വരികയായിരുന്നു. 2021ലെ ഏകദിന അരങ്ങേറ്റത്തില്‍ ലങ്കയ്‌ക്കെതിരെ 46 റണ്‍സ് നേടിയ സഞ്ജു തൊട്ടടുത്ത വര്‍ഷം 2022ല്‍ 10 മത്സരങ്ങളിലെ ഒൻപത് ഏകദിന ഇന്നിംഗ്‌സുകളില്‍ അഞ്ച് നോട്ടൗട്ടുകള്‍ സഹിതം 284 റൺസുമായി തിളങ്ങി. 71 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ 105 ആണ് സ്ട്രൈക്ക് റേറ്റ്. 86 ഉയര്‍ന്ന സ്കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ സഞ്ജു പേരിലാക്കി. ഏകദിന കരിയറിലാകെ 11 കളികളിലെ 10 ഇന്നിംഗ്‌സുകളില്‍ 66 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സ് സഞ്ജുവിനുണ്ട്. 

2015ല്‍ രാജ്യാന്തര ട്വന്‍റി 20 അരങ്ങേറ്റം കുറിച്ച സഞ്ജു സാംസണ്‍ 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇടയ്‌ക്കിടെ നീലക്കുപ്പായമണിഞ്ഞു. പതിനേഴ് മത്സരങ്ങളിലെ 16 ഇന്നിംഗ്‌സുകളില്‍ 301 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 77 എങ്കില്‍ 133.77 എന്ന മികച്ച പ്രഹരശേഷി താരത്തിനുണ്ട്. എന്നാല്‍ ടി20യില്‍ തുടര്‍ച്ചയായി സഞ്ജുവിന് അവസരം ലഭിച്ചില്ല. എന്തായാലും നിലവിലെ ഇന്ത്യന്‍ ടീമിലെ പല താരങ്ങളേക്കാളും ആരാധകര്‍ സഞ്ജു സാംസണിനുണ്ട് എന്നത് വസ്‌തുതയാണ്. 

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലെന്ന് തുറന്നടിച്ച് ആകാശ് ചോപ്ര; ആരാധകർക്ക് ഉപദേശം

click me!