ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം: കാലാവസ്ഥ പണി തന്നേക്കും! ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ക്ക് തിരിച്ചടി

By Web TeamFirst Published Mar 21, 2023, 2:33 PM IST
Highlights

നാളെ വിധി നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ മഴ വില്ലനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. നാളെ ചെന്നൈയുടെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം.

ചെന്നൈ: നാളെ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായകമായ മൂന്നാം ഏകദിനത്തിനൊരുങ്ങുകയാണ് ഇന്ത്യ. എം എ ചിദംബരം സ്‌റ്റേഡിത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. 11 ഓവറില്‍ ഓസ്‌ട്രേലിയ മത്സരം പൂര്‍ത്തിയാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) എന്നിവര്‍ ഓസീസിന് വിജയത്തിലേക്ക് നയിച്ചു. ഓസ്‌ട്രേലിയന്‍ ഏകദിന ചരിത്രത്തില്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിക്കുന്ന ബാറ്റിംഗ് പ്രകടനാണിത്. ഏറ്റവും കുറഞ്ഞ ഓവറുകളില്‍ ഓസ്‌ട്രേലിയ സ്വന്തമാക്കുന്ന മൂന്നാമാത്തെ ഏറ്റവും മികച്ച ജയമായിരുന്നിത്.

നാളെ വിധി നിര്‍ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പരമ്പര മോഹങ്ങള്‍ മഴ വില്ലനാവുമോ എന്നുള്ളതാണ് പ്രധാന ചോദ്യം. നാളെ ചെന്നൈയുടെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. 30-40 വേഗത്തില്‍ കാറ്റും വീശിയേക്കും. വിവിധ സമയങ്ങളില്‍ ചെന്നൈയില്‍ മഴ പെയ്യും. രാവിലെ വെയിലുണ്ടാവുമെങ്കിലും മത്സരം പുരോഗമിക്കുമ്പോള്‍ മേഘാവൃതമാവുകയും വൈകുന്നേരം മത്സരം ഇടയ്ക്കിടെ തടസപ്പെടുത്തുന്ന രീതിയില്‍ മഴയെത്താനും സാധ്യതയേറെയാണ്.

പരമ്പരാഗതമായി സ്പിന്നിനെ തുണയ്ക്കുന്ന പിച്ചാണ് ചെന്നൈയിലേത്. ടോസ് നേടുന്ന ടീം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. പിച്ചില്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടാവും. ഇതുവരെ 21 ഏകദിനങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായി. 13 മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്. എട്ട് മത്സരങ്ങളില്‍ രണ്ടാമത് ബാറ്റ് ചെയ്ത ടീമും വിജയിച്ചു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി 231 റണ്‍സാണ്. 

അതേസമയം, ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. മോശം ഫോമിലുള്ള കുല്‍ദീപ് യാദവിനെ ഒഴിവാക്കിയേക്കും. പകരം യൂസ്‌വേന്ദ്ര ചാഹല്‍ ടീമിലെത്തും. എന്നാല്‍ ബാറ്റിംഗ് നിരയില്‍ മാറ്റമുണ്ടാവില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ യാദവ് തുടരും. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ചെന്നൈയില്‍ റണ്ണൊഴുകുമോ? ഇന്ത്യ- ഓസ്‌ട്രേലിയ നിര്‍ണായക ഏകദിനത്തില്‍ ടോസ് നിര്‍ണായകം

click me!