നാലാം നമ്പര്‍ സ്ഥാനത്തേക്ക് സൂര്യകുമാറിന് പകരം സഞ്ജുവിനെ പരിഗണിക്കണമെന്ന് മുന്‍ സെലക്ടര്‍

By Web TeamFirst Published Mar 21, 2023, 2:34 PM IST
Highlights

ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാറിന് പകരം മലയാളി താരം സഞ്ജു സാംസണെ നാലാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണെന്നും സാബാ കരീം പറഞ്ഞു.

മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായതോടെ ഏകദിന ടീമില്‍ സൂര്യകുമാര്‍ യാദവിന്‍റെ സ്ഥാനം വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പിന്തുണയുണ്ടെങ്കിലും ഈ വര്‍ഷം ഒടുവില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സൂര്യകുമാര്‍ യാദല് നാലാം നമ്പറിലിറങ്ങില്ലെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ സെലക്ടറും വിക്കറ്റ് കീപ്പറുമായിരുന്ന സാബാ കരീം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാറിന് പകരം മലയാളി താരം സഞ്ജു സാംസണെ നാലാം നമ്പറില്‍ പരീക്ഷിക്കാവുന്നതാണെന്നും സാബാ കരീം പറഞ്ഞു. നാലാം നമ്പറില്‍ സൂര്യക്ക് പകരക്കാരായി ആരെയാണ് നമുക്ക് പരിഗണിക്കാനാവുക. രജത് പാടീദാറിന്‍റെയും സര്‍ഫ്രാസ് അഹമ്മദിന്‍റെയും പേരുകളാണ് മനസില്‍ വരുന്നത്. പക്ഷെ രണ്ടുപേര്‍ക്കും ഇപ്പോള്‍ പരിക്കാണ്. അതുകൊണ്ടുതന്നെ സഞ്ജു സാംസണെ നാലാം നമ്പറിലേക്ക് പരിഗണിക്കാവുന്നതാണ്. പക്ഷെ സഞ്ജുവിന് പരിക്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.നാലാം നമ്പറിലേക്ക് ഏതാനും പേരെ കണ്ടെത്തേണ്ടതണ് അനിവാര്യമാണെന്നും കരീം പറഞ്ഞു.

അങ്ങനെ ചെയ്താല്‍ വിരാട് കോലിക്ക് 100 സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താം, ഉപദേശവുമായി അക്തര്‍

ശ്രേയസ് അയ്യര്‍ പരിക്ക് മാറി തിരിച്ചെത്തിയാല്‍ സ്വാഭാവികമായും നാലാം നമ്പറില്‍ ശ്രേയസ് തന്നെ കളിക്കും. ലോകകപ്പിലും അയ്യര്‍ തന്നെയാവും നാലാം നമ്പറില്‍. സൂര്യകുമാര്‍ യാദവിനെ നാലാം നമ്പറില്‍ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് തിളങ്ങാനായില്ല.ടി20 ക്രിക്കറ്റില്‍ അതേ സ്ഥാനത്ത് മികവ് കാട്ടിയ സൂര്യക്ക് ഏകദിനങ്ങളില്‍ മികവ് കാട്ടാനാവുന്നില്ലെന്നത് ഒരു ദുരൂഹതയാണ്.ടി20 ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററാവുമ്പോഴും ഏകദിനങ്ങളില്‍ എങ്ങനെയാണ് നിറം മങ്ങുന്നത്.ടി20 ക്രിക്കറ്റിലെ മികവാകും അദ്ദേഹത്തിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ലോകകപ്പില്‍ സൂര്യയെ ആ സ്ഥാനത്ത് പരിഗണിക്കുമെന്ന് കരുതാനാവില്ലെന്നും കരീം പറഞ്ഞു.

സൂര്യകുമാറിന് പകരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന്  മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഓസ്ട്രേലിക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ ഇതുവരെ കളിച്ച 22 ഏകദിനങ്ങളില്‍ 25.47 ശരാശരിയില്‍ 433 റണ്‍സ് മാത്രമാണ് അടിച്ചത്.

click me!