Asianet News MalayalamAsianet News Malayalam

സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലെന്ന് തുറന്നടിച്ച് ആകാശ് ചോപ്ര; ആരാധകർക്ക് ഉപദേശം

സഞ്ജുവിനെ കളിപ്പിച്ചാല്‍ ലോകകപ്പ് നേടാം എന്ന് ആരാധകർ പറയുന്നത് വെറുതെയെന്നും ചോപ്ര 
 

no place for Sanju Samson in India playing XI says Aakash Chopra jje
Author
First Published Mar 12, 2023, 7:48 PM IST

മുംബൈ: വലിയ ആരാധക പിന്തുണയുണ്ടെങ്കിലും സഞ്ജു സാംസണിന് നിലവിലെ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ സഞ്ജുവിനായിട്ടില്ല എന്ന് ചോപ്ര വിമർശിച്ചു. 2022ല്‍ സഞ്ജു ലഭിച്ച അവസരങ്ങളില്‍ മികവ് കാട്ടിയിരുന്നു എന്നത് അവഗണിച്ചാണ് ആകാശ് ചോപ്രയുടെ വിമർശനം. 

'സഞ്ജു സാംസണിന് വലിയ ആരാധകവൃന്ദമുണ്ട്. നന്നായി കളിക്കുമ്പോള്‍ അനായാസം ബാറ്റേന്തുന്നതായി തോന്നും. ഇന്ത്യക്കായി കളിക്കാന്‍ കുറച്ച് അവസരങ്ങള്‍ ലഭിച്ചെങ്കിലും വിനിയോഗിക്കാനായില്ല. ഇതാണ് ആരാധകർ മനസിലാക്കാത്ത വസ്തുത. നിലവിലെ ടീമില്‍ കുറച്ച് അവസരങ്ങളെ ലഭിക്കൂവെന്ന് സഞ്ജു തന്നെ മനസിലാക്കിയിരിക്കുന്നു. പ്ലേയിംഗ് ഇലവനില്‍ നിലവില്‍ സ്ഥാനമൊഴിവില്ല. ഇരട്ട സെഞ്ചുറി നേടിയ ശേഷം ഇഷാന്‍ കുറച്ച് മത്സരങ്ങളില്‍ ബഞ്ചിലിരുന്നു. അതാണ് നിലവിലെ സാഹചര്യം. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അവസരങ്ങള്‍ പാഴാക്കിയാല്‍ അതിനെ ഓർത്ത് ദുഖിക്കേണ്ടിവരും. സഞ്ജുവിനെ കളിപ്പിക്കൂ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും, ലോകകപ്പ് വരെ നേടാം എന്നാണ് എല്ലാവരും പറയുന്നത്. ബൗളർമാർക്ക് മോശം ദിവസങ്ങളുണ്ടാകുമെന്നും ദിനേശ് കാർത്തിക്കോ റിഷഭ് പന്തോ അയാള്‍ക്ക് മുമ്പ് കളിക്കുമെന്നോ ആരാധകർ മനസിലാക്കുന്നില്ല. എന്നിട്ടും സഞ്ജു ബാറ്റിംഗില്‍ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല' എന്നും ചോപ്ര ഒരു യൂട്യൂബ് ഷോയില്‍ വിമർശിച്ചു. 

കണക്കുകള്‍ പറയുന്നത് ഇത്...

2021ല്‍ ഏകദിനത്തില്‍ അരങ്ങേറിയ സഞ്ജുവിന് ആ വര്‍ഷം ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഏകദിന അരങ്ങേറ്റത്തില്‍ അന്ന് ലങ്കയ്‌ക്കെതിരെ 46 റണ്‍സ് നേടി. തൊട്ടടുത്ത വര്‍ഷം 2022ല്‍ 10 മത്സരങ്ങളിലെ ഒൻപത് ഏകദിന ഇന്നിംഗ്‌സുകളില്‍ അഞ്ച് നോട്ടൗട്ടുകള്‍ സഹിതം 284 റൺസുമായി സഞ്ജു തിളങ്ങിയിരുന്നു. 71 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ 105 സ്ട്രൈക്ക് റേറ്റുണ്ട് താരത്തിന്. 86 ആണ് ഉയര്‍ന്ന സ്കോര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ സഞ്ജു പേരിലാക്കി. 36, 2*, 30*, 86*, 15, 43*, 6*, 54, 12 എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വര്‍ഷം സഞ്ജു നേടിയ ഏകദിന സ്കോറുകള്‍. ഏകദിന കരിയറിലാകെ 11 കളികളിലെ 10 ഇന്നിംഗ്‌സുകളില്‍ 66 ശരാശരിയിലും 104 സ്ട്രൈക്ക് റേറ്റിലും 330 റണ്‍സ് സഞ്ജുവിനുണ്ട്. 

ടി20യില്‍ ടീമില്‍ വന്നുംപോയും ഇരിക്കുകയാണ് സഞ്ജു. 2015ല്‍ അരങ്ങേറ്റം കുറിച്ച താരം 2020, 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇടയ്‌ക്കിടെ നീലക്കുപ്പായമണിഞ്ഞു. പതിനേഴ് മത്സരങ്ങളിലെ 16 ഇന്നിംഗ്‌സുകളില്‍ 301 റണ്‍സ് നേടി. ഉയര്‍ന്ന സ്കോര്‍ 77 എങ്കില്‍ 133.77 എന്ന മികച്ച പ്രഹരശേഷി താരത്തിനുണ്ട്. കണക്കുകള്‍ ഇങ്ങനെയാണെങ്കിലും ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും സഞ്ജുവിനെ കളിപ്പിക്കുന്ന പതിവ് ടീം മാനേജ്‌മെന്‍റിനോ സെലക്‌ടര്‍മാര്‍ക്കോ ഇതുവരെയില്ല.  

ശ്രേയസ് അയ്യർക്ക് വീണ്ടും പരിക്കിന്‍റെ പരീക്ഷ; ഏകദിന പരമ്പര നഷ്ടമാവാനിട

Follow Us:
Download App:
  • android
  • ios