
കാബുൾ: അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളടക്കം 8 പേർ കൊല്ലപ്പെട്ടു. കബീർ അഗ്ഗാ, സിബ്ഗത്തുള്ള, ഹാറൂൺ എന്നീ മൂന്ന് ക്രിക്കറ്റ് താരങ്ങളാണ് കൊല്ലപ്പെട്ടതെന്നും, ഇവരെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി ആക്രമണത്തിൽ മരിച്ചുവെന്നും എസിബി അറിയിച്ചു. അടുത്ത മാസം പാകിസ്ഥാനുമായും ശ്രീലങ്കയുമായും നടക്കാനിരുന്ന ത്രിരാഷ്ട്ര പരമ്പരയിൽ പങ്കെടുക്കുന്നതിന് വേണ്ടി പാകിസ്ഥാൻ അതിർത്തിയായ ഊർഗൻ എന്ന സ്ഥലത്ത് നിന്ന് ഷാറാനയിലേക്ക് യാത്ര ചെയ്തവരാണ് മരിച്ചതെന്നും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.സംഭവത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അതീവ ദുഃഖം രേഖപ്പെടുത്തി. സംഭവത്തെത്തുടർന്ന്,കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. അഫ്ഗാനിസ്ഥാൻ കായിക സമൂഹത്തിനും ക്രിക്കറ്റ് കുടുംബത്തിനും ഇതൊരു വലിയ നഷ്ടമാണെന്ന് എസിബി ട്വിറ്ററിൽ കുറിച്ചു.
അടുത്തിടെയാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തി സംഘർഷം ആരംഭിച്ചത്. ഇരു രാജ്യങ്ങളും കഴിഞ്ഞദിവസം വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെടിനിർത്തൽ ലംഘിച്ചുകൊണ്ട് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ തെക്കുകിഴക്കൻ പക്തിക പ്രവിശ്യയിൽ വ്യോമാക്രമണം നടത്തി. ദിവസങ്ങളോളം നീണ്ട അതിർത്തി സംഘർഷങ്ങൾക്ക് അയവ് വരുത്തുന്നതിനായി നടന്ന വെടിനിർത്തലിനിടെയുണ്ടായ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ദോഹയിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!