ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യൻ താരങ്ങളായ ശുഭ്മാൻ ഗില്ലും രവീന്ദ്ര ജഡേജയും രഞ്ജി ട്രോഫിയിൽ കളിക്കാൻ ഒരുങ്ങുന്നു.
രാജ്‌കോട്ട്: ഇന്ത്യയുടെ ടെസ്റ്റ് - ഏകദിന ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രഞ്ജി ട്രോഫി കളിക്കാന്‍ മടങ്ങിയെത്തുന്നു. സൗരാഷ്ട്രയ്ക്കെതിരായ രഞ്ജി മത്സരത്തില്‍ ഗില്‍ പഞ്ചാബിന് വേണ്ടി കളിക്കും. മത്സരത്തിനായി അദ്ദേഹം രാജ്‌കോട്ടിലേക്ക് മടങ്ങും. അദ്ദേഹത്തിന്റെ പങ്കാളിത്തം രാജ്‌കോട്ടിലെ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഡല്‍ഹിയില്‍ പഞ്ചാബ് ടീമിനൊപ്പം പരിശീലനത്തിലാണ് ഗില്‍. ന്യൂസിലിന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചതിന് ശേഷമാണ് അദ്ദേഹം രാജ്‌കോട്ടിലെത്തുന്നത്.
വ്യാഴാഴ്ച്ചയാണ് മത്സരം ആരംഭിക്കുക. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഇന്‍ഡോറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഗില്‍ അവിടെ നിന്ന് രാജ്‌കോട്ടിലേക്ക് വിമാനത്തില്‍ പോകും. രഞ്ജി മത്സരത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും സൗരാഷ്ട്രക്കെിരായ മത്സരത്തില്‍ അദ്ദേഹം കളിക്കുമെന്നും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. 'ഒരു ആഭ്യന്തര മത്സരത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എട്ട് മണിക്കൂര്‍ പറക്കുന്നു. അതാണ് പ്രതിബദ്ധത' എന്നും പിസിഎ വൃത്തങ്ങള്‍.
അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു വിജയവും ഒരു തോല്‍വിയുമായി പഞ്ചാബ് അവരുടെ എലൈറ്റ് ഗ്രൂപ്പ് ബിയില്‍ ആറാം സ്ഥാനത്താണ്. നമന്‍ ധീറിന്റെ നേതൃത്വത്തിലാണ് ടീം കളിക്കുന്നത്. ജനുവരി 29ന് കര്‍ണാടകയ്ക്കെതിരെ ഒരു മത്സരം കൂടി അവര്‍ക്ക് ബാക്കിയുണ്ട്. നോക്കൗട്ട് റൗണ്ടിലെത്താനുള്ള സാധ്യത വിരളമാണെങ്കില്‍ പോലും ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ജയിക്കാന്‍ തന്നെയാണ് പഞ്ചാബ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ കര്‍ണാടകയ്ക്കെതിരെയാണ് ഗില്‍ അവസാനമായി രഞ്ജി മത്സരം കളിച്ചത്.
ഗില്ലിന് പുറമേ, ന്യൂസിലന്‍ഡിനെതിരെ ഏകദിന പരമ്പരയില്‍ കളിച്ച രവീന്ദ്ര ജഡേജയും സൗരാഷ്ട്രയ്ക്കായി കളിക്കും. അതേസമയം, ജനുവരി 21 ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങളില്‍ ആദ്യത്തേതിന് ഇന്ത്യന്‍ ടീം നാഗ്പൂരിലെത്തി.

