അണ്ടര്‍ 19 ലോകകപ്പില്‍ സ്‌കോട്‌ലന്‍ഡിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍ സൂപ്പര്‍ സിക്‌സ് പ്രതീക്ഷകള്‍ സജീവമാക്കി. ഉസ്മാന്‍ ഖാന്റെ (75) അര്‍ധസെഞ്ചുറിയാണ് പാകിസ്ഥാന് തുണയായത്.
ഹരാരെ: സ്‌കോട്‌ലന്‍ഡിനെ തോല്‍പ്പിച്ച് അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്‌സ് പ്രതീക്ഷകള്‍ സജീവമാക്കി പാകിസ്ഥാന്‍. ഹരാരെയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 37 റണ്‍സ് നേടിയ തോമസ് നൈറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. പിന്നാലെ ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 43.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 85 പന്തില്‍ 75 റണ്‍സ് നേടിയ ഉസ്മാന്‍ ഖാനാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട പാകിസ്ഥാന് ഇപ്പോള്‍ രണ്ട് പോയിന്റായി. അവസാന മത്സരത്തില്‍ സിംബാബ്‌വെ തോല്‍പ്പിച്ചാല്‍ പാകിസ്ഥാന് അടുത്ത റൗണ്ടിലെത്താം.
ഉസ്മാന്‍ ഖാന് പുറമെ അഹമ്മദ് ഹുസൈനും (47) പാകിസ്ഥാന്‍ നിരയില്‍ തിളങ്ങി. അലി ഹസന്‍ ബലൂച്ച് (15), സമീര്‍ മിന്‍ഹാസ് (28) എന്നിവരുടെ വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായി. ഫര്‍ഹാന്‍ യൂസഫ് (18), ഹുസൈഫ അഹ്‌സാന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ സ്‌കോട്‌ലന്‍ഡ് നിരയില്‍ തോമസിന് പുറമെ ഒല്ലി ജോണ്‍സ് (30), ഫിനാലി ജോണ്‍സ് (33), മനു സരസ്വത് (25), റോറി ഗ്രാന്റ് (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി അലി റാസ നാലും മൊമിന്‍ ഖമര്‍ മൂന്നും വിക്കറ്റെടുത്തു.
ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ ജയം
മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 329 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി. കുഞ്ഞന്‍മാരായ ടാന്‍സാനിയയെയാണ് ദക്ഷിണാഫ്രിക്ക പഞ്ഞിക്കിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്. മുഹമ്മദ് ബുല്‍ബുലിയ (108), ജേസണ്‍ റോള്‍സ് (125) എന്നിവര്‍ സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ടാന്‍സാനിയ 32.2 ഓവറില്‍ 68 റണ്‍സിന് എല്ലാവരും പുറത്തായി.
ശ്രീലങ്കയ്ക്കും ജയം
അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ശ്രീലങ്ക 106 റണ്‍സിന്‍റെ ജയം നേടി. ശ്രീലങ്ക ഉയര്‍ത്തിയ 268 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് അയര്‍ലന്‍ഡ് 40.1 ഓവറില്‍ 161 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

