
സൂറത്ത്: 23 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സി കെ നായിഡു ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളം ആദ്യ ഇന്നിങ്‌സില്‍ 270 റണ്‍സിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 134 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റിന് 204 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടര്‍ന്ന കേരളത്തിന് തുടക്കത്തില്‍ തന്നെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. തലേന്നത്തെ സ്‌കോറായ 91ല്‍ നിന്ന് രണ്ട് റണ്‍സ് മാത്രമാണ് വരുണിന് കൂട്ടിച്ചേര്‍ക്കാനായത്.
240 പന്തുകളില്‍ എട്ട് ഫോറും ഒരു സിക്‌സുമടക്കമാണ് വരുണ്‍ 93 റണ്‍സ് നേടിയത്. അഭിജിത് പ്രവീണ്‍ നാലും വിജയ് വിശ്വനാഥ് ഒന്‍പത് റണ്‍സും നേടി പുറത്തായി. ഒന്‍പതാമനായി ഇറങ്ങി 31 റണ്‍സുമായി പുറത്താകാതെ നിന്ന അബി ബിജുവിന്റെ ഇന്നിങ്‌സാണ് കേരളത്തിന്റെ സ്‌കോര്‍ 270ല്‍ എത്തിച്ചത്.ഗുജറാത്തിന് വേണ്ടി ഭവ്യ ചൌഹാനും കൃഷ് അമിത് ഗുപ്തയും മൂന്ന് വിക്കറ്റ് വീതവും ഷെന്‍ പട്ടേല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 46 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടപ്പെട്ടു. ക്യാപ്റ്റന്‍ അഭിജിത് പ്രവീണായിരുന്നു ഇതില്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.
അഞ്ചാം വിക്കറ്റില്‍ ആദിത്യ റാവലും കൃഷ് അമിത് ഗുപ്തയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഗുജറാത്തിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 87 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുന്നത് തൊട്ടു മുന്‍പ് ആദിത്യയെ പുറത്താക്കി കൈലാസ് ബി നായര്‍ കൂട്ടുകെട്ടിന് അവസാനമിട്ടു.46 റണ്‍സാണ് ആദിത്യ റാവല്‍ നേടിയത്. കൃഷ് അമിത് ഗുപ്ത 40 റണ്‍സുമായി ക്രീസിലുണ്ട്. കേരളത്തിന് വേണ്ടി അഭിജിത് പ്രവീണും കൈലാസ് ബി നായരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.