ടെസ്റ്റ് പരമ്പര സമനിലയായാല്‍ ഓസീസീന് 2018നേക്കാള്‍ വലിയ നാണക്കേട്: പോണ്ടിംഗ്

By Web TeamFirst Published Jan 18, 2021, 5:35 PM IST
Highlights

പരമ്പരയില്‍ മുഴുവന്‍ ഇന്ത്യ അസാമാന്യ പോരാട്ടവീര്യമാണ് പുറത്തെടുത്തത്. ഈ പോരാട്ടവീര്യം ഇന്ത്യ എപ്പോഴെങ്കിലും കൈവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസം അതുണ്ടാകുമെന്നാണ് എന്‍റെ വിശ്വാസം.

ബ്രിസ്ബേന്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയായാല്‍ ഓസ്ട്രേലിയക്ക് 2018-2019 പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിയേക്കാള്‍ വലിയ നാണക്കേടാകുമെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. 20 കളിക്കാരുള്ള ടീമിലെ പലരും പരിക്കേറ്റ് പുറത്തായിട്ടും പരമ്പരയില്‍ ഇന്ത്യ പുറത്തെടുത്ത പോരാട്ടവീര്യം കണക്കിലെടുത്താല്‍ സ്മിത്തും വാര്‍ണറുമുണ്ടായിട്ടും ഓസീസിന് പരമ്പര നേടാനായില്ലെന്നത് വലിയ ദുരന്തമാകുമെന്നും പോണ്ടിംഗ് പറഞ്ഞു.

അവസാന ടെസ്റ്റും സമനിലയായി പരമ്പര തന്നെ സമനിലയായാല്‍ അത് ഓസ്ട്രേലിയയുടെ പരാജയമായി കണക്കാക്കേണ്ടിവരും. അത് കഴിഞ്ഞ പരമ്പരയില്‍ ഇന്ത്യയോടേറ്റ തോല്‍വിയേക്കാള്‍ വലിയ ദുരന്തമാകുകയും ചെയ്യും. എന്നാല്‍ ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസം ഓസീസ് വിജയവുമായി തിരിച്ചുകയറുമെന്നാണ് തന്‍റെ വിശ്വാസമെന്നും പോണ്ടിംഗ് പറഞ്ഞ‌ു.

പരമ്പരയില്‍ മുഴുവന്‍ ഇന്ത്യ അസാമാന്യ പോരാട്ടവീര്യമാണ് പുറത്തെടുത്തത്. ഈ പോരാട്ടവീര്യം ഇന്ത്യ എപ്പോഴെങ്കിലും കൈവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിസ്ബേന്‍ ടെസ്റ്റിന്‍റെ അവസാന ദിവസം അതുണ്ടാകുമെന്നാണ് എന്‍റെ വിശ്വാസം. കാരണം ഇത്രയം പോരാട്ടവീര്യം പരമ്പര മുഴുവന്‍ പുറത്തെടുക്കാന്‍ ഒരു ടീമിനുമാവില്ല. അതുകൊണ്ടുതന്നെ പരമ്പരയുടെ അവസാന ദിവസമെങ്കിലും അത് സംഭവിക്കും.

അവസാന ദിവസം ഇന്ത്യ സമനിലക്കായാവും കളിക്കുക. എന്നാല്‍ വിജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തികരമല്ലെന്ന തിരിച്ചറിവില്‍ ഓസീസ് രണ്ടും കല്‍പ്പിച്ച് പൊരുതുമെന്നുറപ്പാണ്. അവസാന ദിവസം ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സുമാകും ഓസീസ് ബൗളിംഗില്‍ നിര്‍ണായക സാന്നിധ്യമാകുക. ഉയര്‍ന്നും താണുമുള്ള ബൗണ്‍സ് ഏറ്റവും കൂടുതല്‍ യോജിക്കുക അവര്‍ക്കാണ്. ഇന്ത്യയുടെ ഭൂരിഭാഗം വിക്കറ്റുകളും അവര്‍ ഇരുവരും സ്വന്തമാക്കുമെന്നും പോണ്ടിംഗ് പറഞ്ഞു.

click me!