ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ ഇടംനേടി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഇരുവരും ഉള്‍പ്പെട്ടത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളുടെ മക്കള്‍ ഇന്തയുടെ അണ്ടര്‍ 19 ടീമില്‍ ഒരുമിക്കുന്നു. വരാനിരിക്കുന്ന ഓസ്‌ട്രേലിയ അണ്ടര്‍-19 ടീമിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും, മുന്‍ ക്യാപ്റ്റനും ഹെഡ് കോച്ചുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് ദ്രാവിഡും ഇടംനേടി. ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടീമിലാണ് ഇരുവരും ഇടം നേടിയത്. ചതുര്‍ദിന മത്സരത്തിലുള്ള ടീമില്‍ മലയാളി താരം മാനവ് കൃഷ്ണയും ഇടം പിടിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് മാനവ്.

ഡല്‍ഹി അണ്ടര്‍-19 ടീമിനായി കൂച്ച് ബെഹാര്‍ ട്രോഫിയില്‍ മേഘാലയക്കെതിരെ 309 പന്തില്‍ 297 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം ആര്യവീര്‍ ഇതിനോടകം കാഴ്ചവെച്ചിട്ടുണ്ട്. 2025 ലെ ടൂര്‍ണമെന്റില്‍ 496 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായ അന്‍വയ് കഴിഞ്ഞ ജൂലൈയില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരെ 67 പന്തില്‍ 87 റണ്‍സ് നേടി ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനൂ മങ്കാദ് ട്രോഫിയില്‍ ആറ് ഇന്നിങ്സുകളില്‍ നിന്നായി 220 റണ്‍സ് നേടിയ മികച്ച ആഭ്യന്തര ഫോമിലൂടെയാണ് താരം ദേശീയ ടീമിലെത്തിയത്.

ലക്ഷ്യ റൈചന്ദാനിയാണ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍. യശ്ബര്‍ദ്ധന്‍ ചൗഹാന്‍ വൈസ് ക്യാപ്റ്റനായും ചുമതലയേല്‍ക്കും. മള്‍ട്ടി-ഡേ (റെഡ് ബോള്‍) മത്സരങ്ങളില്‍ യശ്ബര്‍ദ്ധന്‍ ചൗഹാന്‍ ടീമിനെ നയിക്കുമ്പോള്‍ ലക്ഷ്യ റൈചന്ദാനിയാണ് വൈസ് ക്യാപ്റ്റന്‍. രാജ്‌കോട്ടിലാണ് എല്ലാ ഏകദിന മത്സരങ്ങളും നടക്കുന്നത്. ആദ്യ ചതുര്‍ദിന മത്സരത്തിന് രാജ്‌കോട്ടും രണ്ടാം മത്സരത്തിന് അഹമ്മദാബാദും വേദിയാകും.

ഏകദിന സ്‌ക്വാഡ്: ലക്ഷ്യ റൈചന്ദാനി (ക്യാപ്റ്റന്‍), യശ്ബര്‍ദ്ധന്‍ ചൗഹാന്‍ (വൈസ് ക്യാപ്റ്റന്‍), രജത് ബാഗേല്‍ (വിക്കറ്റ് കീപ്പര്‍), ആര്യവീര്‍ സെവാഗ്, വി കെ വിനീത്, കുശാഗ്ര ഓജ, അര്‍ജുന്‍ രജ്പുത്, മനല്‍ ചൗഹാന്‍, അന്‍വയ് ദ്രാവിഡ് (വിക്കറ്റ് കീപ്പര്‍), വി. യാശ്വീര്‍, രോഹിത് യാദവ്, ഷാവിന്‍ വിനോദ്, മോഹിത് ഉല്‍വ, ചിഗുരുപാടി വെങ്കട, കാവ്യ പട്ടേല്‍.

മള്‍ട്ടി-ഡേ (റെഡ് ബോള്‍) സ്‌ക്വാഡ്: യശ്ബര്‍ദ്ധന്‍ ചൗഹാന്‍ (ക്യാപ്റ്റന്‍), ലക്ഷ്യ റൈചന്ദാനി (വൈസ് ക്യാപ്റ്റന്‍), സാഗര്‍ വിര്‍ക്ക്, കുശാഗ്ര ഓജ, മനല്‍ ചൗഹാന്‍, കുഷ് പട്ടേല്‍, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പര്‍), അഭിപ്രായ് ബിശ്വാസ് (വിക്കറ്റ് കീപ്പര്‍), രോഹിത് യാദവ്, ഇഷാന്‍ ഓം, അയാന്‍ അക്രം, പ്രണവ് രാഘവേന്ദ്ര, പ്രിയാന്‍ഷു സിംഗ്, മോഹിത് ഉല്‍വ, ആര്യന്‍ യാദവ്.

പരമ്പരയുടെ ഷെഡ്യൂള്‍

ഒന്നാം ഏകദിനം: സെപ്റ്റംബര്‍ 18

രണ്ടാം ഏകദിനം: സെപ്റ്റംബര്‍ 21

മൂന്നാം ഏകദിനം: സെപ്റ്റംബര്‍ 23

ആദ്യ ചതുര്‍ദിന മത്സരം: സെപ്റ്റംബര്‍ 27-30

രണ്ടാം ചതുര്‍ദിന മത്സരം: ഒക്ടോബര്‍ 5-8

YouTube video player