മഴയെ തുടർന്ന് ഏഴ് ഓവറാക്കി ചുരുക്കിയ കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ആലപ്പി റിപ്പിൾസിന് 74 റൺസിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി സിബിൻ ഗിരീഷിന്റെയും മുഹമ്മദ് അസറുദ്ദീന്റെയും മികവിൽ 125 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ കൊച്ചി 51 റൺസിന് പുറത്തായി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ സിബിൻ ഗിരീഷാണ് കളിയിലെ താരം.
തിരുവനന്തപുരം: മഴയെ തുടര്‍ന്ന് ഏഴ് ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ആലപ്പി റിപ്പിള്‍സ്. 74 റണ്‍സിനായിരുന്നു ആലപ്പിയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ആലപ്പി ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ടീമിന് ഉജ്ജ്വല വിജയമൊരുക്കിയ സിബിന്‍ ഗിരീഷാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആലപ്പി റിപ്പിള്‍സ് ഏഴ് ഓവറില്‍ 125/1, കൊച്ചി ബ്ലൂ ടൈ?ഗേഴ്‌സ് ഏഴ് ഓവറില്‍ 51/9
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആലപ്പിയുടെ ബാറ്റര്‍മാര്‍ സ്‌ഫോടനാത്മക രീതിയിലാണ് ബാറ്റ് വീശിയത്. മുഹമ്മദ് അസറുദ്ദീനൊപ്പം ഓപ്പണ്‍ ചെയ്ത ആകാശ് പിള്ള ഇന്നിങ്‌സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ആ ഓവറില്‍ തന്നെ വീണ്ടുമൊരു സിക്‌സര്‍ കൂടി നേടിയ ആകാശ് പിള്ള 13 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സുമടക്കം 28 റണ്‍സാണ് നേടിയത്. മറുവശത്ത് മുഹമ്മദ് അസറുദ്ദീന്‍ കൂടി തകര്‍ത്തടിച്ചതോടെ റിപ്പിള്‍സിന്റെ ഇന്നിങ്‌സ് കുതിച്ചു പാഞ്ഞു. 3.2 ഓവറില്‍ ആലപ്പിയുടെ ഇന്നിങ്‌സ് അന്‍പതിലെത്തി.
അഞ്ചാം ഓവറിനൊടുവില്‍ ആകാശ് പിള്ളയെ പിന്‍വലിച്ച് സിബിന്‍ ഗിരീഷിനെ ഇറക്കാനുള്ള തീരുമാനവും റിപ്പിള്‍സിന് ഗുണകരമായി. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് സിബിന്‍ ഗിരീഷ് തുടങ്ങിയത്. മറുവശത്ത് അസറുദ്ദീന്‍ രണ്ട് സിക്‌സ് കൂടി നേടിയതോടെ ആറാം ഓവറില്‍ 22 റണ്‍സ് പിറന്നു. ഇതിനിടയില്‍ 21 പന്തില്‍ നിന്നും അസറുദ്ദീന്‍ തന്റെ അര്‍ദ്ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാന ഓവര്‍ സാക്ഷ്യം വഹിച്ചത് കെസിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചൊരു ബാറ്റിങ് പ്രകടനത്തിനാണ്. മുഹമ്മദ് ആഷിഖ് എറിഞ്ഞ അവസാന ഓവറിലെ അഞ്ച് പന്തും സിക്‌സര്‍ പറത്തിയ സിബിന്‍ വൈഡടക്കം 32 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എട്ട് പന്തുകളില്‍ നിന്ന് ആറ് സിക്‌സറടക്കം 37 റണ്‍സുമായി സിബിന്‍ പുറത്താകാതെ നിന്നു. അസറുദ്ദീന്‍ 54 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയുടെ ആരാധകര്‍ കണ്ടത് ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയാണ്. ആദ്യ പന്തില്‍ തന്നെ വിനൂപ് മനോഹരനെ നഷ്ടമായ കൊച്ചിയ്ക്ക് ആ ഓവറില്‍ തന്നെ സച്ചിന്‍ സുരേഷിന്റെയും അനന്തു കൃഷ്ണന്റെയും വിക്കറ്റുകള്‍ കൂടി നഷ്ടമായി. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ജോബിന്‍ ജോബിയുടെ വിക്കറ്റ് കൂടി നഷ്ടമായതോടെ ഒരു റണ്ണിന് നാല് വിക്കറ്റെന്ന നിലയിലായിരുന്നു കൊച്ചി. സിബിന്‍ ഗിരീഷ് എറിഞ്ഞ അടുത്ത ഓവറില്‍ കൊച്ചിക്ക് രണ്ട് വിക്കറ്റ് കൂടി നഷ്ടമായി. കാര്‍ത്തിക് ബി നായരും മുഹമ്മദ് ആഷിഖും കൂടി പൂജ്യത്തിന് പുറത്തായതോടെ കൊച്ചി ബാറ്റിങ് നിരയിലെ ആറ് ബാറ്റര്‍മാരാണ് അക്കൗണ്ട് തുറക്കാതെ മടങ്ങിയത്. ഇവരില്‍ മൂന്ന് പേര്‍ നേരിട്ട ആദ്യ പന്തില്‍ തന്നെയാണ് പുറത്തായത്.
22 റണ്‍സെടുത്ത് ടോപ് സ്‌കോററായ മനുകൃഷ്ണന്‍ മാത്രമാണ് കൊച്ചിയുടെ നിരയില്‍ രണ്ടക്കം കടന്നത്. കൊച്ചിയുടെ ഇന്നിങ്‌സ് ഏഴോവറില്‍ ഒന്‍പത് വിക്കറ്റിന് 51 റണ്‍സെന്ന നിലയില്‍ അവസാനിച്ചു. രണ്ട് ഓവറില്‍ എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ അഖില്‍ ദേവാണ് ആലപ്പിയുടെ ബൗളിങ് നിരയില്‍ തിളങ്ങിയത്. സിബിന്‍ ഗിരീഷ് മൂന്നും അഭിജിത് പ്രവീണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
