
ദില്ലി: ഇന്ത്യയുടെ ബൗളിംഗ് തീര്‍ത്തും ദുര്‍ബലമാണെന്നും ഈ ബൗളിംഗ് നിരവെച്ച് അടുത്ത മാസം ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ടി20 ലോകകപ്പില്‍ കിരീടം നേടാമെന്ന് പ്രതീക്ഷ വേണ്ടെന്നും മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഓസ്ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ തന്‍റെ കരുത്തിന് അനുസരിച്ച് പന്തെറിയാതെ വേഗം കൂട്ടി പന്തെറിഞ്ഞ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിനെയും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഹര്‍ഷല്‍ പട്ടേലും ജസ്പ്രീത് ബുമ്രയും തിരിച്ചെത്തുമ്പോള്‍ എല്ലാം ശരിയാകുമെന്നായിരുന്നു ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ അതല്ല ഇപ്പോള്‍ സംഭവിച്ചത്. ജീവിതത്തിലെ സങ്കടകരമായ യാഥാര്‍ത്ഥ്യമാണത്. കഴിഞ്ഞ ഐപിഎല്ലില്‍ ജസ്പ്രീത് ബുമ്ര മുംബൈ ഇന്ത്യന്‍സ് ടീമിലുമുണ്ടായിരുന്നു എന്ന് നമ്മള്‍ മറക്കരുത്. അദ്ദേഹം നന്നായി ബൗള്‍ ചെയ്തെങ്കിലും മുംബൈക്ക് കഴിഞ്ഞ ഐപിഎല്ലില്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാവര്‍ക്കും അറിയാം. ഒരു മത്സരത്തില്‍ ചിലപ്പോള്‍ അഞ്ചോ ആറോ വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞേക്കും. പക്ഷെ എല്ലാ മത്സരങ്ങളിലും അതിന് കഴിയില്ലല്ലോ.
ബാബര്‍ അസം ഫോമിലേക്ക് മടങ്ങിയെത്തി; വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥ
ഇന്ത്യന്‍ ബൗളിംഗ് വളരെ ദുര്‍ബലമാണ്. വിക്കറ്റെടുക്കാന്‍ കഴിയുന്ന ഒറ്റ ബൗളര്‍മാരെയും കാണാനില്ല. യുസ്‌വേന്ദ്ര ചാഹല്‍ തുടര്‍ച്ചയായി വേഗം കൂട്ടി പന്തെറിയുന്നു. പന്തിന്‍റെ വേഗം കുറച്ച് എറിയുന്നതേയില്ല. ഏഷ്യാ കപ്പിലും അതു തന്നെയായിരുന്നു സ്ഥിതി. പന്തിന്‍റെ വേഗം കുറച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വിക്കറ്റ് കിട്ടുക.
ഇന്ത്യയുടെ ബൗളിംഗ് തീര്‍ത്തും ദുര്‍ബലമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഈ ബൗളിംഗ് വെച്ച് ടി20 ലോകകപ്പില്‍ കിരീടം നേടാമെന്ന പ്രതീക്ഷയൊന്നുമില്ല. 208 റണ്‍സ് പോലും പ്രതിരോധിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ കുറച്ച് കടുപ്പമാണ്. അതും പ്രധാന നാലു താരങ്ങളില്ലാതെ ഇറങ്ങിയ ഓസ്ട്രേലിയക്കെതിരെ-ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.