ബാബര്‍ അസം റെക്കോര്‍ഡ് സ്വന്തമാക്കിയ മത്സരം പാകിസ്ഥാന്‍ 10 വിക്കറ്റിന് വിജയിച്ചിരുന്നു

കറാച്ചി: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടി20യില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. ടി20യില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വേഗമേറിയ താരമെന്ന നേട്ടമാണ് ബാബറിന് സ്വന്തമായത്. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയെ പിന്തള്ളിയാണ് നേട്ടം. ബാബറിന് നാഴികക്കല്ലിലെത്താന്‍ 218 ഇന്നിംഗ്‌സുകളാണ് വേണ്ടിവന്നതെങ്കില്‍ കോലിക്ക് 243 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. വെറും 213 ഇന്നിംഗ്‌സില്‍ 8000 റണ്‍സ് ക്ലബിലെത്തിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്. 

ഇതോടൊപ്പം രാജ്യാന്തര ടി20യിലെ റണ്‍വേട്ടയില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്ന് അഞ്ചാമതെത്താനും ബാബറിനായി. 82 മത്സരങ്ങളില്‍ 2895 റണ്‍സാണ് ബാബറിനുള്ളത്. 93 കളികളില്‍ 2877 റണ്‍സാണ് ഫിഞ്ചിന്‍റെ നേട്ടം. 3631 റണ്‍സുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഒന്നും 3586 റണ്‍സുമായി വിരാട് കോലി രണ്ടും 3497 റണ്‍സെടുത്ത് മാര്‍ട്ടിന്‍ ഗുപ്റ്റില്‍ മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. 

ബാബര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയ മത്സരം പാകിസ്ഥാന്‍ 10 വിക്കറ്റിന് വിജയിച്ചിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 200 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ പാകിസ്ഥാന്‍ നേടുകയായിരുന്നു. ബാബര്‍ അസം 66 പന്തില്‍ 11 ഫോറും അ‌ഞ്ച് സിക്‌സറും സഹിതം 110* ഉം മുഹമ്മദ് റിസ്‌വാന്‍ 51 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 88* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. ജയത്തോടെ ഏഴ് ടി20കളുടെ പരമ്പരയില്‍ പാകിസ്ഥാന്‍ 1-1ന് ഒപ്പമെത്തി. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 199 റണ്‍സെടുത്തത്. 23 പന്തില്‍ നാല് വീതം ഫോറും സിക്‌സറും സഹിതം പുറത്താകാതെ 55* റണ്‍സെടുത്ത നായകന്‍ മൊയീന്‍ അലിയാണ് ടോപ് സ്‌കോറര്‍. ഫിലിപ് സാള്‍ട്ട് 27 പന്തില്‍ 30 ഉം അലക്‌സ് ഹെയ്‌ല്‍സ് 21 പന്തില്‍ 26 ഉം ബെന്‍ ഡക്കെറ്റ് 22 പന്തില്‍ 43 ഉം ഹാരി ബ്രൂക്ക് 19 പന്തില്‍ 31 ഉം സാം കറന്‍ 8 പന്തില്‍ 10* ഉം റണ്‍സെടുത്തു. ഹാരിസ് റൗഫും ഷാനവാസ് ദഹാനിയും രണ്ട് വീതവും മുഹമ്മദ് നവാസ് ഒന്നും വിക്കറ്റ് നേടി. 

എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ടുകെട്ട്! ബാബര്‍- റിസ്‌വാന്‍ തകര്‍ത്തത് സ്വന്തം റെക്കോര്‍ഡ്