
ദില്ലി: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഓപ്പണർ യശസ്വി ജയ്സ്വാളിനെയും മലയാളി താരം സഞ്ജു സാംസനെയും ഒഴിവാക്കിയ സെലക്ടർമാരുടെ നടപടിക്കെതിരെ വിമര്ശനവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഏകദിന ടീമില് നിന്ന് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് ജയ്സ്വാളിനോട് വിശദീകരിക്കാൻ സെലക്ടർമാർക്ക് കഴിയുമോ എന്ന് ആകാശ് ചോപ്ര ചോദിച്ചു.
ന്യൂസിലന്ഡിനെതിരെ നവംബർ നാല് മുതൽ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ടീമിൽ നിന്നാണ് ജയ്സ്വാളിനെ ഒഴിവാക്കിയത്. ടെസ്റ്റ് താരങ്ങൾക്ക് വിശ്രമം അനുവദിച്ച അവസാന രണ്ട് മത്സരങ്ങളിലും ജയ്സ്വാളിന് ഇടം ലഭിച്ചില്ല. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ചോപ്ര സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനങ്ങളെ രൂക്ഷമായി വിമർശിച്ചത്.
ലഭിച്ച അവസരങ്ങളിൽ സെഞ്ചുറികൾ നേടി മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരു താരം ഇനിയെന്താണ് ചെയ്യേണ്ടത്? കുറഞ്ഞത് മൂന്നാമത്തെ ഓപ്പണറായെങ്കിലും ജയ്സ്വാളിനെ ടീമിൽ ഉൾപ്പെടുത്താമായിരുന്നു. ഈ ഘട്ടത്തിൽ ജയ്സ്വാളിന്റെ ഭാഗത്തുനിന്ന് ചിന്തിക്കാൻ ആർക്കെങ്കിലും സാധിക്കുമോ? എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടതെന്ന് അവനോട് കൃത്യമായി വിശദീകരിക്കാൻ സെലക്ടർമാർക്ക് കഴിയുന്നുണ്ടോയെന്നും ആകാശ് ചോപ്ര
ഏകദിനത്തിൽ മികച്ച ബാറ്റിംഗ് ശരാശരിയുണ്ടായിട്ടും സഞ്ജു സാംസണെ ഒഴിവാക്കിയതിനെയും ചോപ്ര ചോദ്യം ചെയ്തു. കെ.എൽ. രാഹുൽ, റിഷഭ് പന്ത്, ധ്രുവ് ജൂറെൽ എന്നിവരില്ലാത്തപ്പോള് പോലും അവസരം നൽകാത്തത് ഏകദിനത്തിൽ സഞ്ജുവിന്റെ വഴി അടഞ്ഞെന്നതിന്റെ സൂചനയാണെന്ന് ചോപ്ര പറഞ്ഞു. ഇഷാൻ കിഷനെ വൈസ് ക്യാപ്റ്റനാക്കുകയും കുമാർ കുഷാഗ്രയെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തുകയും ചെയ്തപ്പോഴും സഞ്ജുവിനെ പരിഗണിച്ചില്ല. 14 ഏകദിന ഇന്നിംഗ്സുകളിൽ നിന്ന് 56.67 ശരാശരിയിൽ 510 റൺസ് നേടിയ താരമാണ് സഞ്ജു. 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാർളിൽ നടന്ന അവസാന ഏകദിനത്തിൽ സഞ്ജു 108 റൺസ് നേടി സെഞ്ചുറിയും കുറിച്ചിരുന്നു. ഇത്തരത്തില് താരങ്ങളെ അവഗണിക്കുമ്പോള് സെലക്ടർമാർ തങ്ങളുടെ നിലപാടുകളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന് ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!