ഗംഭീറിനെ തള്ളി ആകാശ് ചോപ്ര; ധോണി വളര്‍ത്തികൊണ്ടുവന്ന താരങ്ങളുടെ പട്ടികയുമായി മുന്‍താരം

By Web TeamFirst Published Jul 17, 2020, 4:40 PM IST
Highlights

ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്ളോപ്പായ കോലിയെ മറ്റേതെങ്കിലും ക്യാപ്റ്റനായിരുന്നെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുമായിരുന്നു.

ദില്ലി: അടുത്തിടെയാണ് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പുകഴ്ത്തി ഗൗതം ഗംഭീര്‍ രംഗത്തെത്തിയത്. ധോണി നേടിയ പ്രധാന കിരീടങ്ങള്‍ക്ക് പിന്നില്‍ ഗാംഗുലിക്കും പങ്കുണ്ടെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഗാംഗുലി വളര്‍ത്തികൊണ്ടുവന്ന താരങ്ങളാണ് ധോണിയെ സഹായിച്ചതെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. ഗംഭീറിന് മറുപടിയുമായി മുന്‍താരം ശ്രീകാന്ത് എത്തിയിരുന്നു. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗും ഉള്ളതുകൊണ്ടാണ് ഗാംഗുലി ഇത്രത്തോളം നേട്ടങ്ങള്‍ സ്വന്തമാക്കിയതെന്നായിരുന്നു ശ്രീകാന്ത് പറഞ്ഞത്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്രയും ഗംഭീറിന്റെ പ്രസ്താവനയോട് പ്രതകരിച്ചിരിക്കുകയാണ്.

ധോണിയും ഒരുപാട് താരങ്ങളെ വളര്‍ത്തികൊണ്ടുവന്നിട്ടുണ്ടെന്നാണ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഗാംഗുലിയെ പോലെ ധോണിയും ഒരുപാട് താരങ്ങളെ വളര്‍ത്തികൊണ്ടുവന്ന ക്യാപ്റ്റനാണ്. ധോണിയുടെ ഏറ്റവും വലിയ സംഭാവനകളാണ് നായകന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പേസര്‍ ജസ്പ്രീത് ബൂമ്ര എന്നിവര്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ഫ്ളോപ്പായ കോലിയെ മറ്റേതെങ്കിലും ക്യാപ്റ്റനായിരുന്നെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുമായിരുന്നു. കോലിക്ക് കീഴിലാണ് ബൂമ്ര മികച്ച പ്രകടനം നടത്തിയിരുന്നതെങ്കിലും താരത്തെ ടീമിലെടുത്തത് ധോണിയാണ്. 

രോഹിത് ശര്‍മയുടെ വളര്‍ച്ചയിലും ധോണി മഹത്തായ പങ്കുവഹിച്ചു. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, സുരേഷ് റെയ്ന തുടങ്ങിയവരെയെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ചത് ധോണിയാണ്. ഹാര്‍ദിക് പാണ്ഡ്യ, കെ എല്‍ രാഹുല്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിങ്ങനെ നീളുകയാണ് ധോണി സംഭാവന ചെയ്ത താരങ്ങളുടെ നിര.

ഗംഭീറിന്റെ അഭിപ്രായത്തോടെ യോജിക്കാനാവില്ല. ധോണി വളര്‍ത്തികൊണ്ടുവന്ന ടീമിനെയാണ് കോലി ഇപ്പോള്‍ നയിക്കുന്നത്. ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റന്‍സികള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.'' ആകാശ് ചോപ്ര പറഞ്ഞുനിര്‍ത്തി.

click me!