
കറാച്ചി: പാകിസ്ഥാൻ ക്രിക്കറ്റിൽ പുതിയ വിവാദം. പരിശീലക സ്ഥാനത്തുനിന്ന് തന്നെയും ഗാരി കിർസ്റ്റനെയും പുറത്താക്കാൻ നിലവിലെ കോച്ച് ആക്വിബ് ജാവേദ് ഗൂഢാലോചന നടത്തിയെന്ന് മുൻ ഓസീസ് താരം കൂടിയായ ജേസൺ ഗില്ലെസ്പി പറഞ്ഞു. ആക്വിബ് ജാവേദ് കോമാളിയാണെന്നും ഗില്ലെസ്പി പറഞ്ഞു. പാകിസ്ഥാൻ ടീമിന്‍റെ മോശം പ്രകടനത്തിന് കാരണം പരിശീലകരെ ഇടക്കിടെ മാറ്റിയതാണെന്ന് ആക്വിബിന്‍റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ഗില്ലെസ്പി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പാകിസ്ഥാന്‍ ടീം 16 പരിശീലകരെയും 26 സെലക്ടര്‍മാരെയും മാറ്റിയെന്ന് അക്വിബ് ജാവേദ് പറഞ്ഞിരുന്നു.
ആക്വിബിന്‍റെ പരാമർശം പരിഹാസ്യമാണെന്നും ഗില്ലെസ്പി പറഞ്ഞു. തന്നെയും ഗാരി കിര്‍സ്റ്റനെയും പുറത്താക്കി മൂന്ന് ഫോര്‍മാറ്റിലും അക്വിബ് ജാവേദ് അക്വിബ് ജാവേദ് പരിശീലകനാവാന്‍ അണിയറ നീക്കം നടത്തിയിരുന്നു. അയാളൊരു കോമാളിയാണെന്നായിരുന്നു ഗില്ലെസ്പിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് നായകന്‍
കഴിഞ്ഞ വർഷം ഏപ്രിലിൽ ടെസ്റ്റ് ടീം കോച്ചായി ഗില്ലെസ്പിയെയും വൈറ്റ് ബോൾ കോച്ചായി ഗാരി കിർസ്റ്റനെയും നിയമിച്ചിരുന്നു. രണ്ട് വര്‍ഷ കരാറിലായിരുന്നു നിയമനം. എന്നാല്‍ ഒക്ടോബറില്‍ കിര്‍സ്റ്റനും ഡിസംബറിൽ ഗില്ലെസ്പിയും പരിശീലക സ്ഥാനം ഒഴിഞ്ഞു. പിന്നാലെ ആക്വിബ് ജാവേദ് പാകിസ്ഥാൻ ടീമിന്‍റെ കോച്ചായി നിയമിക്കപ്പെടുകയും ചെയ്തു. ചാമ്പ്യൻസ് ട്രോഫി വരെയാണ് അക്വിബ് ജാവേദിനെ വൈറ്റ് ബോള്‍ കോച്ചായി നിയമിച്ചതെങ്കിലും ചാമ്പ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനുശേഷവും അക്വിബിന്‍റെ കാലാവധി നീട്ടികൊടുത്തു.
ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്പര തീരും വരെയാണ് അക്വിബ് ജാവേദിന്‍റെ കാലാവധി നീട്ടിയത്. ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെയും തോറ്റതോടെയാണ് സെമി കാണാതെ പുറത്തായത്. ആശ്വാസ ജയം തേടി അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇറങ്ങിയെങ്കിലും മഴ മൂലം മത്സരം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ 29 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ആതിഥേയരാവുന്ന ഐസിസി ടൂര്‍ണമെന്‍റില്‍ ഒറ്റ ജയം പോലുമില്ലാതെ പാകിസ്ഥാന്‍ മടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക