ഫൈനലില്‍ നിര്‍ണായക ടോസ് ജയിക്കാനാണ് ന്യൂസിലന്‍ഡ് ശ്രമിക്കുകയെന്നും അതുവഴി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവുമെന്നും സാന്‍റ്നര്‍ വ്യക്തമാക്കി

ലാഹോര്‍: ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ന്യൂസിലന്‍ഡിന് കഴഞ്ഞിരുന്നുവെന്നും അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ന്യൂസിലന്‍ഡ് ഫൈനലിലും ശ്രമികകുകയെന്നും സാന്‍റ്നര്‍ ദക്ഷിണാഫ്രിക്കക്കെതിരായ സെമി ഫൈനല്‍ വിജയത്തിനുശേഷം പറഞ്ഞു.

ഫൈനലില്‍ നിര്‍ണായക ടോസ് ജയിക്കാനാണ് ന്യൂസിലന്‍ഡ് ശ്രമിക്കുകയെന്നും അതുവഴി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവുമെന്നും സാന്‍റ്നര്‍ വ്യക്തമാക്കി. ഇന്ത്യ കഴിഞ്ഞ 13 ഏകദിന മത്സരങ്ങളിലും ടോസ് നേടിയിട്ടില്ലെന്നതുകൂടി കണക്കിലെടുത്താണ് സാന്‍റനറുടെ പരാമര്‍ശം. ഫൈനലിന് മുമ്പ് തന്നെ ഞങ്ങള്‍ ഇന്ത്യയെ നേരിട്ടിരുന്നു. ഇരു ടീമുകളും നേരിടാന്‍ പോകുന്ന വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളവരാണ്. ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ മുൻനിരയിലെ മൂന്ന് വിക്കറ്റുകള്‍ 30 റണ്‍സിനുള്ളില്‍ വീഴ്ത്തി ഞങ്ങളവരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. അതേപ്രകടനം ആവര്‍ത്തിക്കാനാണ് ഫൈനലിലും ഞങ്ങള്‍ ശ്രമിക്കുക. അതിന്‍റെ കൂടെ ടോസ് കൂടി നേടാനായാല്‍ നന്നായെന്നും സാന്‍റ്നര്‍ മത്സരശേഷം പറഞ്ഞു.

രോഹിത്തിനെ തള്ളി മുഹമ്മദ് ഷമി, ദുബായിൽ കളിക്കുന്നത് ഇന്ത്യക്ക് അധിക ആനൂകൂല്യം നൽകുന്നുവെന്ന് തുറന്നു പറച്ചിൽ

ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ 250 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 205 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് ന്യൂസിലന്‍ഡിനെ കറക്കിവീഴ്ത്തിയത്. ആ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടിയാകും ന്യൂസിലന്‍ഡ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഇറങ്ങുക. ഇന്ത്യയും ന്യൂസിലന്‍ഡ് രണ്ട് തവണയാണ് ഇതിന് മുമ്പ് ഐസിസി ഫൈനലില്‍ ഏറ്റുമുട്ടിയത്. 2000ലെ ചാമ്പ്യൻസ് ട്രോഫിയിലും 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും, രണ്ട് തവണയും ഇന്ത്യ തോറ്റു. സെമിയില്‍ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്നലെ നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകര്‍ത്തായിരുന്നു ന്യൂസിലന്‍ഡ് കിരീട പോരാട്ടത്തിന് അര്‍ഹത നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക