കോലിയോ സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടിയുമായി ഡിവില്ലിയേഴ്സ്

By Web TeamFirst Published May 12, 2020, 12:48 PM IST
Highlights

 ടെന്നീസ് ഉദാഹരണമായി പറഞ്ഞാല്‍ കോലി ടെന്നീസിലെ റോജര്‍ ഫെഡറര്‍ ആണെങ്കില്‍ സ്മിത്ത് റാഫേല്‍ നദാല്‍ ആണ്.

ബംഗ്ലൂര്‍: ഓസീസ് താരം സ്റ്റീവ് സ്മിത്താണോ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണോ കേമനെന്ന ചോദ്യത്തിന് മറുപടി നല്‍കി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ലിയേഴ്സ്. മുന്‍ സിംബാബ്‌വെ താരം പുമുലേലോ ബാംഗ്‌വയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകമ്പോഴാണ് ആരാധകരുടെ ചോദ്യത്തിന് ഡിവില്ലിയേഴ്സ് മറുപടി നല്‍കിയത്.

വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ കേമനെന്ന ചോദ്യത്തിന് മറുപടി നല്‍കുക അല്‍പ്പം കടുപ്പമാണ്. കോലി സ്മിത്തിനേക്കാള്‍ സ്വാഭാവികതയോടെ പന്ത് സ്ട്രൈക്ക് ചെയ്യുന്ന കളിക്കാരനാണ്. ടെന്നീസ് ഉദാഹരണമായി പറഞ്ഞാല്‍ കോലി ടെന്നീസിലെ റോജര്‍ ഫെഡറര്‍ ആണെങ്കില്‍ സ്മിത്ത് റാഫേല്‍ നദാല്‍ ആണ്.

സ്മിത്തിന്റെ കളി കാണുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ കണ്ണിന് അത്ര സുഖകരമായിരിക്കില്ല. പക്ഷെ അദ്ദേഹം റണ്‍സടിച്ചുകൂട്ടും, റെക്കോര്‍ഡുകള്‍ തകര്‍ക്കും. അവിശ്വസനീയ പ്രകടനങ്ങള്‍ പുറത്തെടുക്കും. അപ്പോഴും കോലിയാണ് കേമനെന്നാണ് എന്റെ അഭിപ്രായം. കാരണം കോലി ലോകത്തെല്ലായിടത്തും റണ്‍സടിച്ചുകൂട്ടിയിട്ടുണ്ട്. സമ്മര്‍ദ്ദഘട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ട് കോലിയാണ് മികച്ചവന്‍-ഡിവില്ലിയേഴ്സ് പറഞ്ഞു.

Also Read: സെവാഗിന്റേത് വെറും വീമ്പു പറച്ചില്‍; അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് അക്തര്‍

റണ്‍സ് പിന്തുടരുമ്പോഴും സമ്മര്‍ദ്ദഘട്ടത്തില്‍ ബാറ്റ് ചെയ്യുമ്പോഴും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെക്കാള്‍ കേമനാണ് കോലിയെന്നും ഡ‍ിവില്ലിയേഴ്സ് പറഞ്ഞു.എന്റെയും കോലിയുടെയും ആരാധനാപാത്രമാണ് സച്ചിന്‍. ക്രിക്കറ്റിനെ പിന്തുടരുന്ന എതൊരാള്‍ക്കും മാതൃകയാക്കാവുന്ന താരം. ഏത് ഫോര്‍മാറ്റെടുത്താലും സച്ചിന്‍ ഒന്നാമനാണ്. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ പ്രതിഭയുള്ള താരം. പക്ഷെ വ്യക്തിപരമായി എന്നോട് ചോദിച്ചാല്‍ എനിക്ക് പറയാനുള്ളത് റണ്‍സ് പിന്തുടരുമ്പോഴും സമ്മര്‍ദ്ദഘട്ടത്തിലും സച്ചിനെക്കാള്‍ കേമന്‍ കോലിയാണെന്നാണ്.

എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ചേസ് മാസ്റ്ററാണ് കോലി. അദ്ദേഹത്തെക്കാള്‍ മികച്ചൊരു ചേസറെ ഞാന്‍ കണ്ടിട്ടില്ല. എതിരാളികള്‍ 330 റണ്‍സടിച്ചാലും കോലി ക്രീസിലുണ്ടെങ്കില്‍ അത് മറികടക്കാനാവും. സമ്മര്‍ദ്ദഘട്ടത്തില്‍ എങ്ങനെ കളിക്കുന്നു എന്ന് നോക്കിയാല്‍ ഒരു കളിക്കാരന്റെ മാറ്റ് അളക്കാനാവും. അതിപ്പോള്‍ ഗോള്‍ഫിലായാലും ടെന്നീസീലായാലും എല്ലാം അതുപോലെ തന്നെയാണ്. അവിടെയാണ് ക്രിക്കറ്റില്‍ കോലി തല ഉയര്‍ത്തി നില്‍ക്കുന്നത്-ഡിവില്ലിയേഴ്സ് പറഞ്ഞു.

Also Read: സച്ചിനില്ലാത്ത ഒരു ലോകകപ്പ് ടീം..! ഇതിഹാസത്തെ പുറത്താക്കാനാവില്ല, എന്നാല്‍ അഫ്രീദി പുറത്താക്കും

click me!