Asianet News MalayalamAsianet News Malayalam

സെവാഗിന്റേത് വെറും വീമ്പു പറച്ചില്‍; അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്ന് അക്തര്‍

അദ്ദേഹം എന്നോട് ധൈര്യമുണ്ടെങ്കില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍, പന്തെറിയുകയാണോ അതോ എന്നോട് യാചിക്കുകയാണോ എന്ന്. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിങ്ങളുടെ പിതാവുണ്ട്, ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ ബൗണ്‍സര്‍ എറിയൂ എന്നും പറഞ്ഞു.

Beta Beta Hota Hai. Baap Baap Hota Hai, Shoaib Akhtar denies sledging episode narrated by Virender Sehwag
Author
LAHORE, First Published May 11, 2020, 7:27 PM IST

കറാച്ചി: ഇന്ത്യ-പാക് ടെസ്റ്റ് മത്സരത്തിനിടെ ബൗണ്‍സര്‍ എറിഞ്ഞ തന്നെ സച്ചിന്‍ ഹുക്ക് ചെയ്ത് സിക്സറടിച്ചതിന് പിന്നിലെ കഥയെക്കുറിച്ച് മുമ്പ് സെവാഗ് പറഞ്ഞതെല്ലാം വെറും നുണയാണെന്ന് പാക് പേസര്‍ ഷൊയൈബ് അക്തര്‍. സെവാഗ് പറഞ്ഞതുപോലൊരു സംഭവമേ ഗ്രൗണ്ടില്‍ നടന്നിട്ടില്ലെന്നും ഇക്കാര്യം താന്‍ സെവാഗിനോട് നേരിട്ട് ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധിച്ചുവെന്നും ഇതിന് ഗൗതം ഗംഭീറും സാക്ഷിയാണെന്നും അക്തര്‍ ഹലോ ലൈവില്‍ പറഞ്ഞു.

സെവാഗ് മുമ്പ് പറഞ്ഞത്: ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള അഭിമുഖത്തിലായിരുന്നു സെവാഗ്, താനും ഷൊയൈബ് അക്തറും തമ്മില്‍ ഗ്രൗണ്ടില്‍ നടന്ന വാക് പോരിനെക്കുറിച്ച് മനസു തുറന്നത്. ഏത് ടെസ്റ്റിലാണ് സംഭവമെന്ന് കൃത്യമായി  പറഞ്ഞില്ലെങ്കിലും സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി അടിച്ച മുള്‍ട്ടാന്‍ ടെസ്റ്റിലാണ് വിവാദ സംഭവമെന്നായിരുന്നു സെവാഗിന്റെ വാക്കുകളിലെ സൂചന. ലോംഗ് സ്പെല്‍ എറിഞ്ഞ് ക്ഷീണിച്ച അക്തര്‍ ഡബിള്‍ സെഞ്ചുറിക്ക് അരികില്‍ നില്‍ക്കുകയായിരുന്ന എനിക്കു നേരെ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിഞ്ഞു. എന്നിട്ട് അദ്ദേഹം എന്നോട് ധൈര്യമുണ്ടെങ്കില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞാന്‍ പറഞ്ഞു, നിങ്ങള്‍, പന്തെറിയുകയാണോ അതോ എന്നോട് യാചിക്കുകയാണോ എന്ന്. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിങ്ങളുടെ പിതാവുണ്ട്, ധൈര്യമുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ ബൗണ്‍സര്‍ എറിയൂ എന്നും പറഞ്ഞു.

എന്റെ വെല്ലുവിളി ഏറ്റെടുത്ത് എനിക്കൊപ്പം ബാറ്റ് ചെയ്യുകയായിരുന്ന സച്ചിനുനേരെ അക്തര്‍ ബൗണ്‍സര്‍ എറിഞ്ഞു. അക്തറിന്റെ ബൗണ്‍സര്‍ സച്ചിന്‍ ഹുക്ക് ചെയ്ത് സിക്സറടിച്ചു. ഇതിനുശേഷം ഞാന്‍ അക്തറുടെ അടുത്തെത്തി, മകന്‍ എപ്പോഴും മകനാണ്, പിതാവ് എപ്പോഴും പിതാവും എന്ന് പറഞ്ഞ് കളിയാക്കിയെന്നും സെവാഗ് ഷാരൂഖിനോട് പറഞ്ഞിരുന്നു.

ഷൊയൈബ് അക്തര്‍ പറയുന്നത്. അങ്ങനെ ഒരു സംഗതിയേ നടന്നിട്ടില്ല. 2011ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശില്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിനിടെ ഞാന്‍ ഇക്കാര്യം സെവാഗിനോട് ചോദിച്ചിരുന്നു. അന്ന് സെവാഗ് അത് നിഷേധിച്ചു. താന്‍ അങ്ങനെ പറഞ്ഞ‌ിട്ടില്ലെന്ന് പറഞ്ഞു. ഇതിന് ഗൗതം ഗംഭീറും സാക്ഷിയാണ്. ഇനി അഥവാ നിങ്ങള്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് എനിക്ക് ബോധ്യമായാല്‍ ഞാന്‍ നിങ്ങളെ വെറുതെ വിടില്ലെന്ന് സെവാഗിനോട് അപ്പോള്‍ പറഞ്ഞു. അല്ലാതെ സെവാഗ് പറഞ്ഞതുപോലൊരു സംഭവമേ നടന്നിട്ടില്ലെന്നും അക്തര്‍ പറഞ്ഞു.

മുള്‍ട്ടാനിലെ ട്രിപ്പിളിന് പുറമെ പാക്കിസ്ഥാനെതിരെ സെവാഗ് രണ്ട് തവണ ഡബിള്‍ സെഞ്ചുറി അടിച്ചിട്ടുണ്ട്. 2005ല്‍ ബാംഗ്ലൂര്‍ ടെസ്റ്റില്‍ 201 റണ്‍സും 2006ലെ ലാഹോര്‍ ടെസ്റ്റില്‍ 254 റണ്‍സും. എന്നാല്‍ ഈ രണ്ട് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ ടെസ്റ്റില്‍ അക്തര്‍ കളിച്ചിരുന്നില്ല. രണ്ടാമത്തെ ടെസ്റ്റിലാകട്ടെ സച്ചിന്‍ ബാറ്റിംഗിനും ഇറങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ മുള്‍ട്ടാന്‍ ടെസ്റ്റിലാണ് സെവാഗ് പറഞ്ഞ വാക് പോര് നടന്നത് എന്ന് ഉറപ്പിക്കാം. പക്ഷെ ആ ടെസ്റ്റില്‍ സച്ചിന്‍ അക്തറിനെ ഹുക്ക് ചെയ്ത് സിക്സറടിച്ചിട്ടില്ലാത്തതിനാല്‍ സെവാഗ് പറഞ്ഞതിന് വസ്തുതകളുടെ പിന്‍ബലമില്ല.

Follow Us:
Download App:
  • android
  • ios