
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കിരീടം ചൂടിയതോടെ, ടൂര്‍ണമെന്റിലെ മികച്ച താരം ആരെന്ന് എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമാകുന്നു. ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തിലൂടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പുരസ്‌കാരത്തിന് കൂടുതല്‍ അര്‍ഹന്‍ ജസ്പ്രിത് ബുംറയായിരുന്നുവെന്ന് അഭിപ്രായപ്പെടുകയാണ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡി വില്ലിയേഴ്‌സ്.
ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ച ഒന്‍പത് മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. എന്നാല്‍ ആ അഞ്ച് മത്സരങ്ങളില്‍ നിന്ന് 200 സ്ട്രൈക്ക് റേറ്റില്‍ 321 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജുവിന്റെ പ്രകടനം അവിശ്വസനീയമായിരുന്നു. ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ സഞ്ജു നടത്തിയ ഈ പടയോട്ടമാണ് ഇന്ത്യക്ക് കിരീടത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.
എങ്കിലും, ടൂര്‍ണമെന്റിലുടനീളം ബുംറ നടത്തിയ പ്രകടനം അവഗണിക്കാന്‍ കഴിയില്ലെന്ന് ഡി വില്ലിയേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 8 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തിയ ബുംറ, വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ ഒന്നാമതായിരുന്നു. ''സഞ്ജുവും ബുംറയും തമ്മില്‍ വലിയൊരു മത്സരമുണ്ടായിരുന്നു. ബുംറയായിരുന്നു ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരന്‍. നിര്‍ണ്ണായക ഓവറുകള്‍ എറിഞ്ഞ് കളി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. ബുംറയ്ക്ക് കൂടുതല്‍ പരിഗണന ലഭിക്കേണ്ടതായിരുന്നുവെന്ന് എനിക്ക് തോന്നുന്നു.'' ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഒരു ഫാസ്റ്റ് ബൗളര്‍ക്ക് പന്തെറിയുക എളുപ്പമല്ലെന്നും, എന്നാല്‍ സെമി ഫൈനലിലും ഫൈനലിലും ബുംറ എറിഞ്ഞ ഓവറുകള്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ളത് പോലെ തോന്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 250-ന് മുകളില്‍ റണ്‍സ് പ്രതിരോധിക്കുമ്പോഴും 6.2 എന്ന കുറഞ്ഞ എക്കോണമിയില്‍ പന്തെറിയാന്‍ ബുംറയ്ക്ക് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഇനി ഐപിഎല്ലിലാകും സഞ്ജുവും ബുംറയും നേര്‍ക്കുനേര്‍ വരിക. വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി സ്വയം സജ്ജരാകാന്‍ ഈ ഐപിഎല്‍ സീസണ്‍ ഇവര്‍ക്ക് വലിയ അവസരമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!