ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ച് ടി ദിലീപ് അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി. സിംബാബ്വെ പര്യടനത്തിന് ശേഷം കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്നാണിത്. വികാരനിര്‍ഭരമായ കുറിപ്പിലൂടെ യാത്ര പറഞ്ഞ ദിലീപ്, താന്‍ തുടങ്ങിയ ഫീല്‍ഡിങ് മെഡല്‍ ആചാരത്തെയും സ്മരിച്ചു.

ദില്ലി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ച് ടി ദിലീപ് തന്റെ അഞ്ച് വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങി. സിംബാബ്വെക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം കരാര്‍ പുതുക്കാത്തതിനെത്തുടര്‍ന്നാണ് ഹൈദരാബാദ് സ്വദേശിയായ ദിലീപ് പടിയിറങ്ങുന്നത്. അദ്ദേഹത്തിന് പകരമായി ശുഭദീപ് ഘോഷ് പുതിയ ഫീല്‍ഡിങ് കോച്ചായി ചുമതലയേറ്റെടുത്തിട്ടുണ്ട്. ആഗസ്റ്റ് 15ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം അദ്ദേഹം യാത്ര തിരിക്കും.

തന്റെ അഞ്ച് വര്‍ഷത്തെ സുവര്‍ണ്ണ കാലഘട്ടം പൂര്‍ത്തിയാക്കിയതിന് പിന്നാലെ, ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ടി ദിലീപ് വികാരനിര്‍ഭരമായ കുറിപ്പിലൂടെ ആരാധകരോടും ടീമിനോടും യാത്രപറഞ്ഞത്. ''അഞ്ച് വര്‍ഷങ്ങള്‍, ഇത്രയേറെ അര്‍ത്ഥവത്തായ ഒരു യാത്രയെ വിശേഷിപ്പിക്കാന്‍ കൃത്യമായ വാക്കുകള്‍ കണ്ടെത്തുക പ്രയാസമാണ്. ഈ ടീമിനൊപ്പം ചേരുമ്പോള്‍ ഒരു ലളിതമായ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, എല്ലാ ദിവസവും എന്റെ കൊണ്ടാവുന്നത് പൂര്‍ണമായി നല്‍കുക. ഈ ടീമിന്റെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ കടപ്പെട്ടിരിക്കും.'' ദിലീപ് കുറിച്ചിട്ടു.

ഇന്ത്യന്‍ ഡ്രെസ്സിങ് റൂമില്‍ വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ച, മത്സരശേഷം മികച്ച ഫീല്‍ഡര്‍ക്ക് നല്‍കുന്ന ഫീല്‍ഡിങ് മെഡല്‍ ആചാരത്തെ അദ്ദേഹം പ്രത്യേകമായി സ്മരിച്ചു. അത് ടീമില്‍ ഉണ്ടാക്കിയ ആവേശവും പുഞ്ചിരികളും എന്നെന്നും ഹൃദയത്തിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ കാലയളവില്‍ ടീം രണ്ട് ഐസിസി ടി20 ലോകകപ്പ് വിജയങ്ങള്‍ (2024 & 2026) നേടി. 2025ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയം നേടുമ്പോഴും അദ്ദേഹം ഫീല്‍ഡിംഗ് കോച്ചായിരുന്നു. രണ്ട് ഏഷ്യാ കപ്പ് വിജയങ്ങളും (2023 & 2025) അദ്ദേഹത്തിന്റെ കരിയറിനെ മനോഹരമാക്കി. 2023ല്‍ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഏകദിന ലോകകപ്പിലും ടീം റണ്ണേഴ്‌സ് അപ്പായിരുന്നു. തന്നില്‍ വിശ്വാസമര്‍പ്പിച്ച ബിസിസിഐയ്ക്കും, മുന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്, നിലവിലെ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ എന്നിവര്‍ക്കും ദിലീപ് പ്രത്യേക നന്ദി അറിയിച്ചു.

കൂടാതെ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ വിവിധ കാലഘട്ടങ്ങളില്‍ ക്യാപ്റ്റന്‍മാരായിരുന്നവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയ പദവിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player