ഒത്തുകളി ശ്രമങ്ങളെത്തുടർന്ന് ഇന്ത്യൻ വംശജനായ അമേരിക്കൻ ക്രിക്കറ്റർ ബോഡുഗും അഖിലേഷ് റെഡ്ഡിക്ക് ഐസിസി എട്ട് വർഷത്തെ വിലക്കേർപ്പെടുത്തി. അബുദാബി ടി10 ടൂർണമെൻ്റുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിനും അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിനുമാണ് നടപടി.
ദുബായ്: ഒത്തുകളി ശ്രമങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ക്രിക്കറ്റര്‍ ബോഡുഗും അഖിലേഷ് റെഡ്ഡിക്ക് എട്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും താരം വിട്ടുനില്‍ക്കണം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് തീരുമാനം. ഐസിസി അഴിമതി വിരുദ്ധ ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഐസിസി ആന്റി കറപ്ഷന്‍ കോഡിന്റെ മൂന്ന് ലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 26 കാരനായ താരത്തിന് എട്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചതെന്ന് ഐസിസി ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു.
2025ല്‍ നടന്ന അബുദാബി ടി10 ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് അഖിലേഷ് റെഡ്ഡിക്കെതിരെ അഴിമതി വിരുദ്ധ ചട്ടപ്രകാരം കുറ്റം ചുമത്തിയത്. എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി ഐസിസി ആയിരുന്നു ഈ ടൂര്‍ണമെന്റിന്റെ ആന്റി കറപ്ഷന്‍ ഒഫീഷ്യല്‍. 2025 നവംബര്‍ 21 മുതല്‍ താരം താല്‍ക്കാലിക സസ്‌പെന്‍ഷനിലായിരുന്നു. അബുദാബി ടി10 മത്സരങ്ങളുടെ ഫലത്തെയോ ഗതിയെയോ സ്വാധീനിക്കാനോ ഒത്തുകളിക്കാനോ താരം ശ്രമിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തി. ടൂര്‍ണമെന്റിലെ മത്സരങ്ങളില്‍ കോഡ് ലംഘിക്കാന്‍ മറ്റൊരു പങ്കാളിയെ പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്തു. മാത്രമല്ല, അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും സന്ദേശങ്ങളും മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത് ഐസിസി അന്വേഷണം വഴിതെറ്റിക്കാനും തടസ്സപ്പെടുത്താനും ശ്രമിച്ചു.
ഹൈദരാബാദ് സ്വദേശിയായ അഖിലേഷ് റെഡ്ഡി, അന്താരാഷ്ട്ര അവസരങ്ങള്‍ തേടിയാണ് അമേരിക്കന്‍ ക്രിക്കറ്റിലേക്ക് ചേക്കേറിയത്. അമേരിക്കയ്ക്കുവേണ്ടി 4 ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം ഒരു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫി സ്‌ക്വാഡിന്റെ ഭാഗമായിരുന്ന അദ്ദേഹം, ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നെറ്റ് ബൗളറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വലംകൈയ്യന്‍ ബാറ്ററും ഓഫ് സ്പിന്നറുമാണ് അഖിലേഷ്.
സമീപകാലത്തായി ഐസിസി നടപടി നേരിടുന്ന രണ്ടാമത്തെ അമേരിക്കന്‍ ക്രിക്കറ്റ് താരമാണ് അഖിലേഷ് റെഡ്ഡി. 2024 ലെ ടി20 ലോകകപ്പില്‍ അമേരിക്കന്‍ ടീമിനായി തിളങ്ങിയ ആരോണ്‍ ജോണ്‍സും സമാനമായ ഒത്തുകളി ആരോപണങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ സസ്‌പെന്‍ഷനിലായിരുന്നു.

