'കോലി ഓകെ, സച്ചിന്‍ വേറെ ലെവല്‍'; ബുമ്രയെ ശിശുവെന്ന് വിളിച്ചതിന് പിന്നാലെ അബ്‌ദുള്‍ റസാഖ്

By Web TeamFirst Published Dec 5, 2019, 3:02 PM IST
Highlights

കോലി സ്ഥിരതയുള്ള താരമാണെന്നും എന്നാല്‍ സച്ചിന്‍ മറ്റൊരു ലെവലാണെന്നുമാണ് റസാഖിന്‍റെ പ്രതികരണം

മുംബൈ: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രയെ ശിശു എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കുറിച്ചും പാകിസ്ഥാന്‍ മുന്‍ ഓള്‍റൗണ്ടര്‍ അബ്‌ദുള്‍ റസാഖിന്‍റെ വാക്കുകള്‍. കോലി സ്ഥിരതയുള്ള താരമാണെന്നും എന്നാല്‍ സച്ചിന്‍ മറ്റൊരു ലെവലാണെന്നുമാണ് റസാഖിന്‍റെ പ്രതികരണം. 

'ഞങ്ങളൊക്കെ കളിച്ചിരുന്ന 1992-2007 കാലഘട്ടത്തിലെ പോലെ ലോകോത്തര താരങ്ങളെ ഇപ്പോള്‍ കാണാനില്ല. ടി20 ക്രിക്കറ്റ് എല്ലാം മാറ്റിമറിച്ചു. ബൗളിംഗിലും ബാറ്റിംഗിലും ഫീല്‍ഡിംഗിലും മൂര്‍ച്ചയില്ല. വിരാട് കോലിയെ നോക്കൂ. വിരാട് മികച്ച താരവും സ്ഥിരതയുമുണ്ട്. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ അതേ തട്ടില്‍ കോലിയെ പ്രതിഷ്‌ഠിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. സച്ചിന്‍ വേറൊരു തലത്തിലുള്ള താരമാണ്' എന്നും റസാഖ് പറഞ്ഞു. 

സെഞ്ചുറിവേട്ടയിലും റണ്‍സമ്പാദ്യത്തിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറോട് മത്സരിക്കുന്ന താരമാണ് വിരാട് കോലി. ഏകദിനത്തില്‍ സച്ചിന്‍ 49 സെഞ്ചുറി നേടിയപ്പോള്‍ കോലി ഇതിനകം 43 ശതകങ്ങള്‍ അടിച്ചെടുത്തു. 11520 റണ്‍സാണ് ഏകദിനത്തില്‍ കോലിക്കുള്ളത്. 60.31 ശരാശരിയോടെ ഏകദിന റാങ്കിംഗില്‍ ബാറ്റ്സ്‌മാന്‍മാരില്‍ മുന്നിലാണ് കോലി.രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സച്ചിന്‍റെ സമ്പാദ്യമാവട്ടെ 18426 റണ്‍സ്. ടെസ്റ്റില്‍ സച്ചിന് 15921 റണ്‍സും കോലിക്ക് 7202 റണ്‍സുമാണുള്ളത്. 

ബുമ്ര വെറും ശിശു! 

സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ നേരിടാന്‍ തനിക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല എന്നായിരുന്നു അബ്ദുള്‍ റസാഖിന്‍റെ വാക്കുകള്‍. വസീം അക്രമിനെയും ഗ്ലെന്‍ മക്‌ഗ്രാത്തിനെയും ഷൊയൈബ് അക്തറിനെയും പോലുള്ള ഇതിഹാസ ബൗളര്‍മാരെ അപേക്ഷിച്ച് ബുമ്ര വെറും ശിശുവാണ്. താനായിരുന്നെങ്കില്‍ ബുമ്രയെ അടിച്ചു പറത്തിയേനെ എന്നും ക്രിക്കറ്റ് പാക്കിസ്ഥാന് നല്‍കിയ അഭിമുഖത്തില്‍ റസാഖ് പറഞ്ഞു.

എനിക്കെതിരെ പന്തെറിയുമ്പോള്‍ സമ്മര്‍ദം എപ്പോഴും ബുമ്രക്കാവും. എന്നാല്‍ നിലവിലെ പേസ് ബൗളര്‍മാരില്‍ മികച്ച ബൗളര്‍ തന്നെയാണ് ബുമ്ര. വ്യത്യസ്ത ബൗളിംഗ് ആക്ഷനാണ് ബുമ്രയുടെ കരുത്ത്. അരങ്ങേറിയതിനുശേഷം ബുമ്ര ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ ആക്ഷനും സീമില്‍ പിച്ച് ചെയ്യാനുള്ള കഴിവുമാണ് ബുമ്രയെ മികച്ച ബൗളറാക്കുന്നതെന്നും 1996 മുതല്‍ 2011 വരെ പാകിസ്ഥാനായി കളിച്ച റസാഖ് കൂട്ടിച്ചേര്‍ത്തു. 

click me!