
കൊളംബോ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ നിര്‍ണായക പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. അസുഖം ബാധിച്ച് നമീബിയയ്ക്കെതിരായ കഴിഞ്ഞ മത്സരം നഷ്ടമായ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ ടീമിനൊപ്പം കൊളംബോയിലേക്ക് യാത്ര തിരിച്ചു. ഞായറാഴ്ച നടക്കുന്ന ഹൈ-വോള്‍ട്ടേജ് മത്സരത്തില്‍ താരം കളിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
യുഎസ്എയ്ക്കെതിരായ ആദ്യ മത്സരത്തില്‍ ശാരീരിക അസ്വസ്ഥതകളോടെയാണ് അഭിഷേക് കളത്തിലിറങ്ങിയത്. ആ മത്സരത്തില്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായ താരത്തെ ഉദരസംബന്ധമായ അണുബാധയെത്തുടര്‍ന്ന് അന്ന് രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നമീബിയക്കെതിരായ മത്സരത്തിന് മുന്‍പ് ടീമിനൊപ്പം ചേര്‍ന്നുവെങ്കിലും പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാത്തതിനാല്‍ കളിച്ചിരുന്നില്ല. നിലവില്‍ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റ്സ്മാനായ അഭിഷേകിന്റെ സാന്നിധ്യം നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പവര്‍പ്ലേ ഓവറുകളില്‍ നിര്‍ണ്ണായകമാണ്.
കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലെ പിച്ചുകള്‍ സ്ലോ ബൗളര്‍മാരെ തുണയ്ക്കുന്നവയാണ്. ഓസ്ട്രേലിയ-സിംബാബ്വെ മത്സരത്തില്‍ കണ്ടതുപോലെ, മധ്യ ഓവറുകളിലും അവസാന ഓവറുകളിലും റണ്‍സ് കണ്ടെത്തുക പ്രയാസകരമാകും. അതിനാല്‍ തന്നെ പവര്‍പ്ലേ ഓവറുകളില്‍ പരമാവധി റണ്‍സ് അടിച്ചുകൂട്ടുക എന്നത് പ്രധാനമാണ്. അഭിഷേക് ശര്‍മ്മ ഫോമിലായാല്‍ പിച്ചിന്റെ വെല്ലുവിളികളെ മറികടക്കാന്‍ ഇന്ത്യയ്ക്ക് എളുപ്പമാകും.
നമീബിയയ്ക്കെതിരായ മത്സരത്തിന് ശേഷം സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് അഭിഷേകിന്റെ ലഭ്യതയെക്കുറിച്ച് സൂചന നല്‍കിയത്. 'അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ സംസാരിച്ചടത്തോളം അദ്ദേഹം ആരോഗ്യവാനായി കാണപ്പെടുന്നു. ഇന്ന് അദ്ദേഹം പരിശീലനവും നടത്തിയിരുന്നു,' വരുണ്‍ പറഞ്ഞു. നേരത്തെ ടോസ് സമയത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഭിഷേകിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും, താരം വേഗത്തില്‍ സുഖം പ്രാപിക്കുന്നത് ടീമിന് വലിയ കരുത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!