
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ഞായറാഴ്ച കൊളംബോയാണ് വേദിയാകുന്നത്. തന്ത്രപരമായ പോരാട്ടങ്ങള്‍ക്കും വീറുറ്റ പ്രകടനങ്ങള്‍ക്കും വേദിയാകാറുള്ള ഈ ക്ലാസിക് പോരാട്ടം ഇത്തവണയും ക്രിക്കറ്റ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ഇരു ടീമുകളെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്നത് കൊളംബോയിലെ കാലാവസ്ഥയാണ്.
കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന് മഴ കനത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്. കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ പ്രകാരം മത്സരസമയത്ത് 50% മുതല്‍ 65% വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചിക്കപ്പെടുന്നു. ഏകദേശം 28° താപനില പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മത്സരത്തിന് തൊട്ട് മുമ്പുള്ള മഴ കളി വൈകിപ്പിക്കാനോ തടസ്സപ്പെടുത്താനോ സാധ്യതയുണ്ടെന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്.
വയറിനുണ്ടായ അസ്വസ്ഥകളില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലാത്ത ഓപ്പണര്‍ അഭിഷേക് ശര്‍മ നിര്‍ണായക മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ലെന്നതാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള പ്രധാന വാര്‍ത്ത. ഇഷാന്‍ കിഷന്‍ - സഞ്ജു സാംസണ്‍ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തേക്കും. ലോകകപ്പില്‍ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് ഇരു ടീമുകളും എത്തുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയും പാകിസ്ഥാനും നാല് പോയിന്റുകളുമായി ഒപ്പത്തിനൊപ്പമാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ഇന്ത്യയാണ് ഒന്നാമത്.
കൊളംബോയിലെ പിച്ച് സാധാരണയായി സ്പിന്‍ ബൗളര്‍മാരെ തുണയ്ക്കുന്നതാണ്. അതിനാല്‍ ഈ മത്സരത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാകും. ഇന്ത്യയുടെ വജ്രായുധമായ വരുണ്‍ ചക്രവര്‍ത്തിയും റണ്‍സ് വിട്ടുകൊടുക്കാന്‍ മടിക്കുന്ന അക്‌സര്‍ പട്ടേലും മധ്യ ഓവറുകളില്‍ കളി നിയന്ത്രിക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. റിങ്കു സിംഗിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനേയും ടീമിലെത്തിക്കാന്‍ സാധ്യത ഏറെയാണ്.
മറുഭാഗത്ത് അബ്രാര്‍ അഹമ്മദ്, ഉസ്മാന്‍ താരിഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവരടങ്ങുന്ന കരുത്തുറ്റ സ്പിന്‍ നിരയാണ് പാകിസ്താന്റെ കരുത്ത്. അടുത്തിടെ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയില്‍ പാക് സ്പിന്നര്‍മാര്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എങ്കിലും, സ്പിന്‍ ബൗളിംഗിനെ ധീരമായി നേരിടുന്ന സൂര്യകുമാര്‍ യാദവും സംഘവും പാക് വെല്ലുവിളിയെ എങ്ങനെ മറികടക്കുമെന്ന് കാണാനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!