പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്‌വാനെ പിന്നിലാക്കി അഭിഷേക് ശര്‍മ; ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

Published : Sep 27, 2025, 04:51 PM IST
Abhishek Sharma Top Run Getter in Asia Cup

Synopsis

ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ സ്വന്തമാക്കി. 2022-ല്‍ 281 റണ്‍സ് നേടിയ പാക് താരം മുഹമ്മദ് റിസ്‌വാനെയാണ് അഭിഷേക് മറികടന്നത്. 

ദുബായ്: ഏഷ്യാ കപ്പില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ. ട്വന്റി ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. പാക് താരം മുഹമ്മദ് റിസ്‌വാന്റെ റെക്കോഡാണ് അഭിഷേക് മറികടന്നത്. ആറ് ഇന്നിങ്സുകളില്‍ നിന്നായി 309 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 2022 ഏഷ്യാകപ്പില്‍ മുഹമ്മദ് റിസ്വാന്‍ 281 റണ്‍സാണ് നേടിയത്. 2022ലെ ടൂര്‍ണമെന്റില്‍ തന്നെ 276 റണ്‍സെടുത്ത വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാമത്.

അതേസമയം, ഏഷ്യാ കപ്പിലെ റണ്‍വേട്ടക്കാരന്‍ അഭിഷേക് ആയിരിക്കുമെന്നുള്ള കാര്യം ഏറെക്കുറെ ഉറപ്പായി. 309 റണ്‍സുമായി ഒന്നാമത് നില്‍ക്കുന്ന അഭിഷേക് ഇനി പാകിസ്ഥാനെതിരെ ഫൈനല്‍ മത്സരം ശേഷിക്കെ ഇനി എത്ര റണ്‍സ് നേടുമെന്ന് കാത്തിരുന്ന് കാണാം. 51.50 ശരാശരിയിലാണ് അഭിഷേകിന്റെ നേട്ടം. 204.64 സ്ട്രൈക്ക് റേറ്റും അഭിഷേകിനുണ്ട്. മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയ അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍ 75 റണ്‍സാണ്. 19 സിക്സും 31 ഫോറുകളും അഭിഷേക് പറത്തി.

റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ പതും നിസ്സങ്കയാണ്. ആറ് മത്സരങ്ങളില്‍ നിസ്സങ്ക അടിച്ചെടുത്തത് 261 റണ്‍സ്. സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ നേടിയ 107 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടൂര്‍ണമെന്റിലെ ഏക സെഞ്ചുറിയും ഇതുതന്നെയാണ്. അഭിഷേകിന് കുറച്ചെങ്കിലും വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്ന താരം നിസ്സങ്കയായിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ ഇനി ശ്രീലങ്കയ്ക്ക് മത്സരം ഇല്ലാത്തതിനാല്‍ അഭിഷേകിനെ മറികടക്കാന്‍ സാധിക്കില്ല.

178 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ സെയ്ഫ് ഹസന്‍ മൂന്നാമത്. നാല് മത്സരങ്ങള്‍ മാത്രമാണ് സെയ്ഫ് കളിച്ചത്. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ സെയ്ഫിന്റെ ഉയര്‍ന്ന സ്‌കോര്‍ 69 റണ്‍സാണ്. ബംഗ്ലാദേശിനും ഇനി മത്സരങ്ങളൊന്നും ബാക്കിയില്ല. പാകിസ്ഥാന്‍ ഓപ്പണര്‍ സഹിബ്സാദാ ഫര്‍ഹാനാണ് നാലാം സ്ഥാനത്ത്. ആറ് മത്സരങ്ങളില്‍ 160 റണ്‍സാണ് ഫര്‍ഹാന്‍ നേടിയത്. അഭിഷേകിനെ മറികടക്കണമെങ്കില്‍ ഇന്ത്യക്കെതിരായ ഫൈനലില്‍ അവിശ്വസനീയ പ്രകടനം തന്നെ ഫര്‍ഹാന്‍ പുറത്തെടുക്കേണ്ടി വരും. നിലവില്‍ ഇരുവരും തമ്മിലുള്ള വ്യത്യാസം 149 റണ്‍സാണ്. ശ്രീലങ്കയുടെ കുശാല്‍ പെരേരയാണ് അഞ്ചാം സ്ഥാനത്ത്. ആറ് മത്സങ്ങളില്‍ നിന്ന് നേടിയെടുത്തത് 146 റണ്‍സ്.

PREV
Read more Articles on
click me!

Recommended Stories

ഏകദിന റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിര്‍ത്തി രോഹിത് ശര്‍മ, വിരാട് കോലി തൊട്ടുപിന്നില്‍, രാഹുലിനും നേട്ടം
ഗില്ലിന് പകരം ഓപ്പണറായി സഞ്ജു?, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 നാളെ, സാധ്യതാ ഇലവൻ