വംശീയതയ്ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ല, എഡ്‍ജ്‍ബാസ്റ്റണ്‍ സംഭവം നിരാശപ്പെടുത്തി; തുറന്നടിച്ച് ബെന്‍ സ്റ്റോക്സ്

By Jomit JoseFirst Published Jul 7, 2022, 10:01 PM IST
Highlights

ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ വംശീയാധിക്ഷേപത്തിന് വിധേയരായി എന്നായിരുന്നു റിപ്പോർട്ടുകള്‍

എഡ്‍ജ്‍ബാസ്റ്റണ്‍: എഡ്‍ജ്‍ബാസ്റ്റണില്‍ നടന്ന ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ(ENG vs IND 5th Test) ഇന്ത്യന്‍ കാണികള്‍ക്ക് നേരെ വംശീയാധിക്ഷേപമുണ്ടായി എന്ന് പരാതിയുയർന്നതില്‍ ശക്തമായ നിലപാടുമായി ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്സ്. 'ക്രിക്കറ്റിലെ അവിസ്മരണീയമായ ആഴ്ചയില്‍ എഡ്‍ജ്‍ബാസ്റ്റണില്‍ വംശീയാധിക്ഷേപം നടന്നതായുള്ള റിപ്പോർട്ടുകള്‍ ഏറെ നിരാശപ്പെടുത്തി. ക്രിക്കറ്റില്‍ വംശീയതയ്ക്ക് സ്ഥാനമില്ല. വൈറ്റ്-ബോള്‍ പരമ്പര എല്ലാ കാണികള്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്ന് ആശിക്കുന്നു. അതാണ് ക്രിക്കറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്' എന്നും സ്റ്റോക്സ് ട്വീറ്റ് ചെയ്തു. 

Amazing week on the pitch but really disappointed to hear reports of racist abuse at Edgbaston. Absolutely no place for it in the game. Hope all the fans at the white-ball series have a brilliant time and create a party atmosphere. That's what cricket's about!!

— Ben Stokes (@benstokes38)

ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ വംശീയാധിക്ഷേപത്തിന് വിധേയരായി എന്നായിരുന്നു റിപ്പോർട്ടുകള്‍. മത്സരത്തിന്‍റെ നാലാംദിനം ഇന്ത്യന്‍ ആരാധകർ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമാണ് മത്സരത്തിലെ വംശീയാധിക്ഷേപ ആരോപണം സജീവമാക്കിയത്. കുറ്റക്കാരെ ചൂണ്ടിക്കാണിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല എന്ന് ആരാധകർ ആക്ഷേപം ഉന്നയിച്ചിരുന്നു. വംശീയാധിക്ഷേപ പരാതി അന്വേഷിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിന്നാലെ അറിയിക്കുകയും ചെയ്തു. എഡ്‍ജ്‍ബാസ്റ്റണിലെത്തിയ കുറച്ച് കാണികള്‍ മാത്രമായിരുന്നു ആരോപണ വിധേയർ.

We’re very sorry to hear what you’ve experienced and are in contact with colleagues at Edgbaston who will investigate.

— England and Wales Cricket Board (@ECB_cricket)

'മത്സരത്തില്‍ വംശീയാധിക്ഷേപം നടന്നതായുള്ള റിപ്പോർട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. എഡ്‍ജ്‍ബാസ്റ്റണിലെ സഹപ്രവർത്തകർ ഇക്കാര്യം അന്വേഷിക്കും. ക്രിക്കറ്റില്‍ വംശീയാധിക്ഷേപത്തിന് സ്ഥാനമില്ല. എഡ്‍ജ്‍ബാസ്റ്റണില്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി കഠിനപരിശ്രമത്തിലാണ്' എന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു. വംശീയാധിക്ഷേപ ആരോപണം വന്നയുടനെ സംഭവത്തില്‍ ഇന്ത്യന്‍ ആരാധകരോട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ക്ഷമ ചോദിച്ചിരുന്നു.  

ENG vs IND : എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ വംശീയാധിക്ഷേപമെന്ന് ആരോപണം; ദൃശ്യങ്ങള്‍ വൈറല്‍

click me!