Asianet News MalayalamAsianet News Malayalam

ENG vs IND : എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ വംശീയാധിക്ഷേപമെന്ന് ആരോപണം; ദൃശ്യങ്ങള്‍ വൈറല്‍

കുറ്റക്കാരെ ഇന്ത്യന്‍ കാണികള്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല എന്ന ആക്ഷേപമുണ്ട്

ENG vs IND 5th Test Indian fans racially abused in Edgbaston
Author
Edgbaston, First Published Jul 5, 2022, 9:30 AM IST

എഡ്‍ജ്‍ബാസ്റ്റണ്‍: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ(ENG vs IND 5th Test) എഡ്‍ജ്‍ബാസ്റ്റണില്‍(Edgbaston) ഇന്ത്യന്‍ കാണികള്‍ വംശീയാധിക്ഷേപത്തിന് വിധേയരായതായി റിപ്പോർട്ടുകള്‍. മത്സരത്തിന്‍റെ നാലാംദിനം ഇന്ത്യന്‍ ആരാധകർ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമാണ് മത്സരത്തിലെ വംശീയാധിക്ഷേപ ആരോപണം സജീവമാക്കിയിരിക്കുന്നത്. കുറ്റക്കാരെ ചൂണ്ടിക്കാണിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല എന്ന ആക്ഷേപമുണ്ട്. സംഭവം അന്വേഷിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്(ECB) അറിയിച്ചു. 

'ഇന്നത്തെ ടെസ്റ്റ് മത്സരത്തില്‍ വംശീയാധിക്ഷേപം നടന്നതായുള്ള റിപ്പോർട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. എഡ്‍ജ്‍ബാസ്റ്റണിലെ സഹപ്രവർത്തകർ ഇക്കാര്യം അന്വേഷിക്കും. ക്രിക്കറ്റില്‍ വംശീയാധിക്ഷേപത്തിന് സ്ഥാനമില്ല. എഡ്‍ജ്‍ബാസ്റ്റണില്‍ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിനായി കഠിനപരിശ്രമത്തിലാണ്' എന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംഭവത്തില്‍ ഇന്ത്യന്‍ ആരാധകരോട് ഇംഗ്ലീഷ് ബോർഡ് ക്ഷമ ചോദിച്ചു. 

ടെസ്റ്റ് അവസാന ദിനത്തിലേക്ക്

എഡ്‍ജ്‍ബാസ്റ്റണില്‍ 378 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാംദിനം സ്റ്റംപെടുത്തപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്. 76 റണ്‍സോടെ ജോ റൂട്ടും 72 റണ്‍സോടെ ജോണി ബെയ്ര്‍സ്റ്റോയുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിന് അവസാനദിനം ജയത്തിലേക്ക് വേണ്ടത് 119 റണ്‍സ് മാത്രം. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂട്ടും ബെയ്ര്‍സ്റ്റോയും ചേര്‍ന്ന് ഇതുവരെ 150 റണ്‍സ് അടിച്ചുകൂട്ടിയതിലാണ് ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകള്‍. ഈ കൂട്ടുകെട്ട് പൊളിച്ചാലും ക്രീസിലെത്താനുള്ള ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ഇന്ത്യക്ക് തലവേദനയാവും. 

ഇന്ന് ആദ്യ സെഷനില്‍ ഇന്ത്യയുടെ ഓവറുകള്‍ നിർണായകമാകും. ഇന്നലെ 107 റണ്‍സ് ഇംഗ്ലീഷ് ഓപ്പണർമാരായ സാക്ക് ക്രൗലിയും അലക്സ് ലീസും ഒന്നാം വിക്കറ്റില്‍ ചേർത്തതും ഇന്ത്യക്ക് വിനയായി. 76 പന്തില്‍ 46 റണ്‍സെടുത്ത സാക്കിനെ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുമ്ര ബൗൾഡാക്കുകയായിരുന്നു. ഒരോവറിന്‍റെ ഇടവേളയില്‍ മൂന്നാമന്‍ ഓലീ പോപ് പുറത്തായെങ്കിലും അർധസെഞ്ചുറി തികച്ച് ഗംഭീരമായി മുന്നേറിയ അലക്സ് ലീസ്  65 പന്തില്‍ 56 റണ്ണെടുത്തു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ നിലവില്‍ 2-1ന് മുന്നിലാണ്. 

ENG vs IND : അലക്സ് ലീസിന്‍റെ റണ്ണൗട്ടില്‍ വിരാട് കോലിയുടെ ആഘോഷ ആറാട്ട്- വീഡിയോ

Follow Us:
Download App:
  • android
  • ios