പന്ത് ചുരണ്ടൽ വിവാദം, കൂടുതൽ പേരുകൾ പുറത്തു വന്നേക്കാമെന്ന് ഗിൽക്രിസ്റ്റ്

By Web TeamFirst Published May 17, 2021, 2:34 PM IST
Highlights

പന്ത് ചുരണ്ടൽ വിവാദം ഓസ്ട്രേലിയൻ കറിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്നും അത് ചിലപ്പോൾ വെളിപ്പെടുത്തലുകളായോ പുസ്തകങ്ങളായോ പുറത്തു വരുമെന്നും ഗില്ലി വ്യക്തമാക്കി.

സിഡ്‌നി: ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചു കുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിൽ കാമറോൺ ബാൻക്രോഫ്റ്റ് നടത്തിയ പുതിയ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി കൂടുതൽ ഓസ്ട്രേലിയൻ താരങ്ങൾ രംഗത്ത്. 2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ പന്തിൽ കൃത്രിമം കാണിച്ചതിനെ കുറിച് ടീമിലെ ബൗളർമാർക്കും അറിവുണ്ടായിരുന്നുവെന്ന് ബാൻക്രോഫ്റ്റ് ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

പന്ത് ചുരണ്ടലുമായി ബന്ധപ്പെട്ട വിവാദത്തിൽ കൂടുതൽ പേരുകൾ പുറത്തു വരുമെന്നും കൂടുതൽ പേർക്ക് പങ്കുള്ളതായി  ചിലർക്കെങ്കിലും അറിവുണ്ടായിരിക്കാം എന്നും ഗിൾക്രിസ്റ്റ് പറഞ്ഞു. അറിയാവുന്ന പേരുകൾ പുറത്തു വിടാൻ ചിലർ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് കരുതേണ്ടിവരുമെന്നും ഗില്ലി വ്യക്തമാക്കി.

പന്ത് ചുരണ്ടൽ വിവാദം ഓസ്ട്രേലിയൻ കറിക്കറ്റിനെ എക്കാലത്തും വേട്ടയാടുമെന്നും അത് ചിലപ്പോൾ വെളിപ്പെടുത്തലുകളായോ പുസ്തകങ്ങളായോ പുറത്തു വരുമെന്നും ഗില്ലി വ്യക്തമാക്കി. സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം നടത്തി ബാൻക്രോഫ്റ്റ്, സ്മിത്ത്, വാർണർ എന്നിവരെ ശിക്ഷിച്ചുവെങ്കിലും പന്ത് ചുരണ്ടൽ വിവാദത്തിൽ വിശദമായ അന്വേഷണം നടത്തി ഇതിന്റെ മുഴുവൻ വിവരങ്ങളും പുറത്തു കൊണ്ടുവരേണ്ടത്തുണ്ടെന്നും ഗിൾക്രിസ്റ്റ് പറഞ്ഞു. ഈ വിവാദം ഇടയ്ക്കിടെ പൊങ്ങിവരാനുള്ള കാരണം ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണെന്നും ഗില്ലി കുറ്റപ്പെടുത്തി.

പന്ത് ചുരണ്ടിയതിനെക്കുറിച്ച് ബൗളർമാർക്ക് അറിവില്ലായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണെന്നും ബാറ്റ്സ്മാൻ എന്ന നിലയിൽ തന്റെ ബാറ്റിൽ ഒരു പേന കൊണ്ട് ചെറുതായി വരഞ്ഞാൽ  പോലും തനിക്ക് അത് മനസിലാവുമെന്നും മുൻ ഓസ്ട്രേലിയൻ നായകൻ മൈക്കൽ ക്ലാർക്ക് പറഞ്ഞു. അപ്പോൾ പന്ത് കൈയിൽ മുറുകെ പിടിക്കുന്ന ബൗളർമാർ മാത്രം ഇതൊന്നും അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും ക്ലാർക്ക് വ്യക്‌തമാക്കി.

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ വാർണറുടെ നിർദേശപ്രകാരം സ്മിത്തിന്റെ അറിവോടെ ബാൻക്രോഫ്റ്റാണ് പന്തിൽ കൃത്രിമം കാട്ടിയത് എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.

2018ൽ ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച പന്ത് ചുരണ്ടൽ വിവാദമുണ്ടായത്. ബൗളർമാർക്ക് കൂടുതൽ സ്വിം​ഗ് ലഭിക്കാനായി പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന സാൻഡ് പേപ്പർ ഉപയോ​ഗിച്ച് ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയെന്നായിരുന്നു കണ്ടെത്തൽ. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു.

തുടർന്ന് ബാൻക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും ഡേവിഡ് വാർണറയും സ്റ്റീവ് സ്മിത്തിനെയും ഒരു വർഷത്തേക്കും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വിലക്കി. വാർണർക്ക്  ഓസട്രേലിയൻ ക്യാപ്റ്റനാവുന്നതിന് ആജീവനാന്ത വിലക്കും സ്മിത്തിന് രണ്ട് വർഷ വിലക്കും ഏർപ്പെടുത്തുകയും ചെയ്തു.

വിവാദത്തെയും വിലക്കിനെയും തുടർന്ന് ടീമിൽ നിന്ന് പുറത്തായ 28കാരനായ ബാൻക്രോഫ്റ്റിന് പിന്നീട് ഓസീസ് ടീമിൽ തിരിച്ചെത്താനായിട്ടില്ല. വിലക്ക് നീങ്ങിയതോടെ വാർണറും സ്മിത്തും ഓസീസിനായി വീണ്ടും കളിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!