ആർച്ചർക്ക് വീണ്ടും പരിക്ക്, ന്യൂസിലന്റിനെതിരെ കളിക്കില്ല

By Web TeamFirst Published May 17, 2021, 12:52 PM IST
Highlights

ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം പുനരാരംഭിച്ച ആര്‍ച്ചര്‍ സസെക്സിനായി കളിച്ച് വീണ്ടും ഫോമിലാവാനുള്ള തയാറെടുപ്പിലായിരുന്നു

ലണ്ടൻ: പരിക്ക് മൂലം ഇന്ത്യക്കെതിരായ ഏകദിന പരമ്പരയും ഐ പി എല്ലും നഷ്ടമായ ഇംഗ്ലണ്ട് പേസർ ജോഫ്ര അർച്ചർക്ക് ന്യൂസിലന്റിനെതിരായ ടെസ്റ്റ്‌ പരമ്പരയും നഷ്ടമാവും. കൈവിരലിലെ പരിക്കിന് ശാസ്ത്രക്രിയ്ക്ക് വിധേയനായ ആർച്ചർ കൗണ്ടി ക്രിക്കറ്റിൽ കളിച്ച് തിരിച്ചുവരവിനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ കൗണ്ടിയിൽ സസെക്സിനായി പന്തെറിയുന്നതിനിടെ കൈമുട്ടിൽ വീണ്ടും വേദന അനുഭവപ്പെട്ട ആർച്ചർ മത്സരം പൂർത്തിയാക്കാനാവാതെ മടങ്ങി. ന്യൂസിലന്റിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ ആർച്ചർ കളിക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും വ്യക്തമാക്കി.

ജനുവരിയില്‍ വീട്ടിലെ അക്വേറിയം വൃത്തിയാക്കുമ്പോള്‍ താഴെ വീണ് പൊട്ടിയപ്പോഴാണ് ആര്‍ച്ചറുടെ കൈവിരലില്‍ കുപ്പിച്ചില്ല് തറച്ചുകയറി പരിക്കേറ്റത്. എന്നാല്‍ വേദന കാര്യമാക്കാതെ ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റിലും അഞ്ച് ടി20 മത്സരങ്ങളിലും പന്തെറിഞ്ഞ ആര്‍ച്ചര്‍ വേദന കലശലായതോടെ ഏകദിന പരമ്പരയില്‍ പന്തെറിയാന്‍ കാത്തുനില്‍ക്കാതെ ഇംഗ്ലണ്ടിലെക്ക് മടങ്ങിയിരുന്നു.

കൈവിരലില്‍ തറച്ചുകയറിയ കുപ്പിച്ചില്ല് നീക്കം ചെയ്യാന്‍ മാര്‍ച്ചില്‍ ശസ്ത്രക്രിയക്ക് വിധേയനായ ആര്‍ച്ചര്‍ ഐപിഎല്ലില്‍ കളിക്കുമെന്ന് ആദ്യം വാര്‍ത്തകള്‍ വന്നെങ്കിലും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ഇത് നിഷേധിച്ചു. ഓഗസ്റ്റില്‍ ഇന്ത്യക്കെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം പുനരാരംഭിച്ച ആര്‍ച്ചര്‍ സസെക്സിനായി കളിച്ച് വീണ്ടും ഫോമിലാവാനുള്ള തയാറെടുപ്പിലായിരുന്നു. 2018 സെപ്റ്റംബറിനുശേഷം ആദ്യമായാണ് ആര്‍ച്ചര്‍ സസെക്സിനായി പന്തെറിയുന്നത്.

ആർച്ചറുടെ കൈമുട്ടിലെ പരിക്ക് ഗുരുതരമാണോ എന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാവു. 2020 ജൂണിൽ ദക്ഷിണാഫ്രികക്കെതിരായ ടെസ്റ്റ്‌ പരമ്പരക്കിടെയും വലതു കൈമുട്ടിലെ പരിക്ക് ആർച്ചറെ അലട്ടിയിരുന്നു. തുടർന്ന് പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ ആർച്ചർക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!