ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ട്; ബിഗ് ബാഷില്‍ ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വനിമിഷം

By Web TeamFirst Published Jan 24, 2021, 5:26 PM IST
Highlights

ഫിലിപ്പ് സാള്‍ട്ട് ആയിരുന്നു ഈ സമയം സ്ട്രൈക്കിംഗ് എന്‍ഡില്‍. സ്ട്രൈറ്റ് ഡ്രൈവ് കളിച്ച സാള്‍ട്ടിന്‍റെ ഷോട്ട് പന്തെറിഞ്ഞ ഗ്രീനിന്‍റെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപില്‍ കൊണ്ടു. ഈ സമയം ക്രീസില്‍ നിന്ന് അധികം പുറത്തൊന്നുമല്ലായിരുന്നു വെതര്‍ലാഡ്.

സിഡ്നി: ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ ഒരു പന്തില്‍ രണ്ട് തവണ റണ്ണൗട്ടായി അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് ഓപ്പണര്‍ ജെയ്ക്ക് വെതര്‍ലാഡ്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിലാണ് രസകരമായ നിമിഷം പിറന്നത്. തണ്ടറിന്‍റെ ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പത്താം ഓവറില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്നു വെതര്‍ലാഡ്.

ഫിലിപ്പ് സാള്‍ട്ട് ആയിരുന്നു ഈ സമയം സ്ട്രൈക്കിംഗ് എന്‍ഡില്‍. സ്ട്രൈറ്റ് ഡ്രൈവ് കളിച്ച സാള്‍ട്ടിന്‍റെ ഷോട്ട് പന്തെറിഞ്ഞ ഗ്രീനിന്‍റെ കൈയില്‍ തട്ടി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ സ്റ്റംപില്‍ കൊണ്ടു. ഈ സമയം ക്രീസില്‍ നിന്ന് അധികം പുറത്തൊന്നുമല്ലായിരുന്നു വെതര്‍ലാഡ്. എങ്കിലും റണ്ണൗട്ടിനായി തണ്ടര്‍ താരങ്ങള്‍ അപ്പീല്‍ ചെയ്യുന്നതിനിടെ സാള്‍ട്ടിന്‍റെ വിളി കേട്ട് സിംഗിളിനായി ഓടിയ വെതര്‍ലാഡിനെ തണ്ടേഴ്സിന്‍റെ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സും റണ്ണൗട്ടാക്കി.

പിന്നീട് റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ ഗ്രീനിന്‍റെ കൈയില്‍ കൊണ്ട പന്തില്‍ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ വിക്കറ്റ് തെറിക്കുമ്പോള്‍ വെതര്‍ലാഡിന്‍റെ ബാറ്റ് വായുവിലായിരുന്നുവെന്ന് വ്യക്തമായി. പിന്നീട് സിംഗിളിനായി ഓടിയപ്പോഴും വെതര്‍ലാഡ് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രീസിന് പുറത്തായിരുന്നപ്പോഴാണ് സാം ബില്ലിംഗ്സ് ബെയില്‍സ് ഇളക്കിയതെന്ന് തെളിഞ്ഞു.

What just happened?! Jake Weatherald somehow got run out at both ends, on the same ball! 🤯

A Bucket Moment | pic.twitter.com/eLRurkBQtp

— KFC Big Bash League (@BBL)

രണ്ട് തവണ റണ്ണൗട്ടായെങ്കിലും ആദ്യ റണ്ണൗട്ടാണ് ഔട്ടായി പരിഗണിക്കുക. അങ്ങനെ 31 റണ്‍സുമായി ഒരു പന്തില്‍ രണ്ട് റണ്ണൗട്ടുകളുമായി വെതര്‍ലാഡ് ക്രീസ് വിട്ടു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡ്‌ലെയ്ഡ് സ്ട്രൈക്കേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടറിന് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.\

click me!