ദ്രാവിഡ് എനിക്കയച്ച ഇ-മെയില്‍ വായിക്കണം; ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് പീറ്റേഴ്‌സന്‍റെ ഉപദേശം

By Web TeamFirst Published Jan 24, 2021, 2:21 PM IST
Highlights

ദ്രാവിഡിന്റെ മെയിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പീറ്റേഴ്സൺ ഇത് പ്രിന്റെടുത്ത് സിബ്ലിയ്‌ക്കും ക്രോളിക്കും നൽകാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോ‍ർഡിനോട് ആവശ്യപ്പെട്ടു. 

ഗോള്‍: ശ്രീലങ്കൻ സ്‌പിന്നർമാ‍ർക്കെതിരെ പതറുന്ന ഇംഗ്ലണ്ട് ഓപ്പണർമാർക്ക് വ്യത്യസ്തമായൊരു ഉപദേശവുമായി മുൻതാരം കെവിൻ പീറ്റേഴ്‌സൺ. പതിനൊന്ന് വർഷം മുൻപ് രാഹുൽ ദ്രാവിഡ് തനിക്കയച്ച ഇ-മെയിൽ വായിക്കാനായിരുന്നു പീറ്റേഴ്സന്റെ നിർദേശം.

ശ്രീലങ്കൻ സ്‌പിന്നർ ലസിത് എംബുൾഡെനിയയുടെ പന്തുകൾക്ക് മുന്നിൽ മറുപടിയില്ലാതെ കുഴയുകയാണ് ഇംഗ്ലീഷ് ഓപ്പണർമാർ. ഒന്നാം ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിലും രണ്ടക്കം കാണാതെയാണ് സാക് ക്രോളിയും ഡോം സിബ്ലിയും ലസിതിന് മുന്നിൽ വീണത്. ഈ സാചര്യത്തിലാണ് വ്യത്യസ്തമായൊരു ഉപദേശവുമായി കെവിൻ പീറ്റേഴ്സന്റെ രംഗപ്രവേശം. 

സ്‌പിന്നർമാരെ എങ്ങനെ നേരിടാമെന്ന് 2010ൽ രാഹുൽ ദ്രാവിഡ് തനിക്കയച്ച ഇമെയിൽ വായിക്കാൻ ആവശ്യപ്പെടുകയായിരുന്നു പീറ്റേഴ്സൺ. ദ്രാവിഡിന്റെ മെയിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത പീറ്റേഴ്സൺ ഇത് പ്രിന്റെടുത്ത് സിബ്ലിയ്‌ക്കും ക്രോളിക്കും നൽകാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോ‍ർഡിനോട് ആവശ്യപ്പെട്ടു. മാത്രമല്ല, താരങ്ങൾക്ക് വേണമെങ്കിൽ തന്നെ വിളിച്ച് വിശദമായി സംസാരിക്കാമെന്നും പീറ്റേഴ്സൺ പറഞ്ഞു. 

Crawley & Sibley need to go find the email that Dravid sent me about playing spin.
Changed my game!

— Kevin Pietersen🦏 (@KP24)

ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് സ്‌പിന്നർമാർക്ക് മുന്നിൽ പതറിയപ്പോഴാണ് ദ്രാവിഡിന്റെ സഹായം പീറ്റേഴ്സൺ തേടിയത്. 2010ലെ ബംഗ്ലാദേശ് പര്യടനത്തിനിടെ ആയിരുന്നു ഇത്. ഇക്കാലത്ത് ഇരുവരും ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് താരങ്ങളായിരുന്നു. സ്‌പിന്നർമാരുടെ ബൗളിംഗ് ലെങ്‌ത് പെട്ടെന്ന് മനസ്സിലാക്കാനും നെറ്റ്സിൽ ഗ്രേം സ്വാനും മോണ്ടി പനേസർക്കുമെതിരെ പാഡില്ലാതെ ബാറ്റ് ചെയ്യാനുമാണ് ദ്രാവിഡ് നിർദേശിച്ചത്. 

Hey , print this and give it to Sibley & Crawley.
They can call me to discuss it at length if they want...!
👍🏻 pic.twitter.com/qBmArq211s

— Kevin Pietersen🦏 (@KP24)

ദ്രാവിഡിന്റെ വാക്കുകൾ പിന്തുടർന്ന് നടത്തിയ പരിശീലനത്തിലൂടെ സ്‌പിന്നർമാരെ നേരിടാനുള്ള തന്റെ ദൗർബല്യം മറികടക്കാനായെന്ന് പീറ്റേഴ്സൺ പറയുന്നു. കെപിയുടെ വാക്കുകൾ ശരിവച്ച് നെറ്റ്സിൽ പാഡണിയാതെ പരിശീലനം നടത്തിയത് പനേസറും ഓ‍ർമിപ്പിക്കുന്നു. ദ്രാവിഡിന്റെ ഈ നിർദേശങ്ങളാണ് ഇപ്പോൾ പീറ്റേഴ്സൺ, സാക് ക്രോളിക്കും ഡോം സിബ്ലിയ്ക്കും നൽകിയിരിക്കുന്നത്.

ലങ്കൻ പര്യടനത്തിന് ശേഷം ഇംഗ്ലണ്ട് ആർ അശ്വിനും കുൽദീപ് യാദവും വാഷിംഗ്ടൺ സുന്ദറും അക്സർ പട്ടേലും ഉൾപ്പെട്ട ഇന്ത്യൻ സ്‌പിന്നർമാരെ നേരിടാനാണ് എത്തുന്നത്. ഇന്ത്യക്കെതിരെ നാല് ടെസ്റ്റ് കളിക്കാനിരിക്കേ പീറ്റേഴ്സന്റെ ഉപദേശം ഏറെ പ്രസക്തം. ടീം ഇന്ത്യ ഓസ്‌ട്രേലിയയിൽ ചരിത്രവിജയം നേടിയപ്പോൾ യുവ താരങ്ങളെ പരുവപ്പെടുത്തിയെടുത്ത ദ്രാവിഡിന്റെ മികവ് ഏറെ ച‍ർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ വിദേശ ടീമുകളും ദ്രാവിഡിന്റെ പരിശീലന മാർഗങ്ങളാണ് ബാറ്റ്സ്മാൻമാർക്ക് ഉപദേശിക്കുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര: സഞ‌്ജയ് മഞ്ജരേക്കര്‍ കമന്‍റേറ്റര്‍മാരുടെ പട്ടികയിലില്ല


 

click me!