ഏഷ്യാ കപ്പ് : നിര്‍ണായക പോരില്‍ തുടക്കം മുതലാക്കാനാവാതെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം

Published : Sep 16, 2025, 10:02 PM IST
Asia Cup Bangladesh Scored 154 against AFG

Synopsis

തൻസിദ് ഹസൻ അർധസെഞ്ചുറി നേടിയെങ്കിലും റാഷിദ് ഖാനും നൂർ അഹമ്മദും ചേർന്നുള്ള അഫ്ഗാൻ ബൗളിംഗ് നിര ബംഗ്ലാദേശിനെ ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു.

അബുദാബി: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 155 റണ്‍സ് വിജയലക്ഷ്യം. അബുദാബി, ഷെയ്ഖ് സയിദ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ രണ്ട് വിക്കറ്റ് നേടിയ റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ് എന്നിവരാണ് തകര്‍ത്തത്. 31 പന്തില്‍ 52 റണ്‍സെടുത്ത തന്‍സിദ് ഹസന്‍ തമീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബംഗ്ലാദേശിന് രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഹോങ്കോംഗിനെ തോല്‍പ്പിച്ച അവര്‍ ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. ഒന്നാം വിക്കറ്റില്‍ സെയ്ഫ് ഹസന്‍ (30) - തന്‍സിദ് സഖ്യം 63 റണ്‍സാണ് ചേര്‍ത്തത്. ഏഴാം ഓവറില്‍ സെയ്ഫിനെ ബൗള്‍ഡാക്കി റാഷിദ് ഖാന്‍ അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ലിറ്റണ്‍ ദാസിന് (9) തിളങ്ങാനായില്ല. പിന്നാലെ തന്‍സിദും പുറത്തായി. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തൗഹിദ് ഹൃദോയ് (26), ഷമീം ഹുസൈന്‍ (11), ജേക്കര്‍ അലി (13 പന്തില്‍ പുറത്താവാതെ 11), നൂറുല്‍ ഹസന്‍ (6 പന്തില്‍ പുറത്താവാതെ 12) എന്നിവരുടെ പ്രകടനം സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചു.

അഫ്ഗാന്‍, ഹോങ്കോംഗിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ്. ഇന്ന് ജയിച്ചാല്‍ അഫ്ഗാന്‍, ശ്രീലങ്കയ്‌ക്കൊപ്പം സൂപ്പര്‍ ഫോറിലെത്തും. ഇനി പരാജയപ്പെട്ടാല്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സര ഫലത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. അഫ്ഗാന്റെ രണ്ടാം മത്സരമാണിത്. ഇനി അവര്‍ക്ക് ശ്രീലങ്കയുമായി മറ്റൊരു മത്സരം അവശേഷിക്കുന്നുണ്ട്. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ബംഗ്ലാദേശ്: തന്‍സീദ് ഹസന്‍ തമീം, ലിറ്റണ്‍ ദാസ്( ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സെയ്ഫ് ഹസ്സന്‍, തൗഹിദ് ഹൃദോയ്, ജാക്കര്‍ അലി, നസും അഹമ്മദ്, നൂറുല്‍ ഹസന്‍, ഷമീം ഹൊസൈന്‍, റിഷാദ് ഹൊസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, തസ്‌കിന്‍ അഹമ്മദ്.

അഫ്ഗാനിസ്ഥാന്‍: സെദിഖുള്ള അടല്‍, റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, മുഹമ്മദ് നബി, ഗുല്‍ബാദിന്‍ നായിബ്, അസ്മത്തുള്ള ഒമര്‍സായി, കരീം ജനത്, റാഷിദ് ഖാന്‍ (ക്യാപ്റ്റന്‍), നൂര്‍ അഹമ്മദ്, ഗസന്‍ഫര്‍, ഫസല്‍ഹഖര്‍ ഫാറൂഖി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും കടുപ്പമേറിയ ജോലി ചെയ്യുന്ന വ്യക്തി'; ഗംഭീറിനെ വാഴ്ത്തി ശശി തരൂര്‍
രഞ്ജി ട്രോഫി: കേരളം ഇന്ന് നിര്‍ണായക മത്സരത്തില്‍ ചണ്ഡിഗഢിനെതിരെ, മുഹമ്മദ് അസറുദ്ദീന്‍ നയിക്കും