
അഹമ്മദാബാദ്: ഐപിഎല്ലിനിടെ പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹൽ വീണ്ടും വിവാദത്തിൽ. വിമാനത്തിനുള്ളിൽ വെച്ച് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ക്കൊപ്പമിരുന്ന് ചാഹല്‍ വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പഞ്ചാബ് കിംഗ്സിലെ സഹതാരമായ അർഷ്ദീപ് സിംഗിന്‍റെ വ്ളോഗിലൂടെയാണ് ചാഹല്‍ വിമാനത്തില്‍ വെച്ച് ഇ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് വിവാദ സംഭവം എന്നാണ് റിപ്പോര്‍ട്ട്. അർഷ്ദീപ് സിംഗ് തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്ളോഗിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ ആരോപണം ഉന്നയിക്കുന്നത്. താരം വാപ്പിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോയുടെ ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയതായും ആരാധകർ ആരോപിക്കുന്നു. എന്നാൽ ഈ വീഡിയോയുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് കിങ്‌സ് ഫ്രാഞ്ചൈസിയോ ചഹലോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.
പൊതുസ്ഥലങ്ങളിലും വിമാനങ്ങളിലും പുകവലിയും വാപ്പിംഗും ഇന്ത്യയിൽ കർശനമായി നിരോധിച്ചിരിക്കെ, പ്രമുഖ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഗൗരവകരമായ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ വാപ്പിംഗ് വിവാദമാണിത്. നേരത്തെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിംഗ് റൂമിൽ വാപ്പിംഗ് നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു.
മുതിർന്ന താരം രവിചന്ദ്രൻ അശ്വിൻ ഇത്തരം പ്രവണതകൾക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യ ഇടങ്ങളിൽ മാത്രം ഒതുക്കുക. വരുംതലമുറയ്ക്ക് മാതൃകയാകേണ്ട താരങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം എന്ന് അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ ഓർമ്മിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!