രഹാനെയുടെ എളിമ കാണാതെ പോവരുത്; കോലിക്ക് ഇതിലും വലിയ അംഗീകാരം വേറെന്ത് വേണം?

By Web TeamFirst Published Jan 27, 2021, 1:43 PM IST
Highlights

മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിച്ചത്. സീനിയര്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്തായിട്ടും ഒട്ടും പരിചയസമ്പത്തില്ലാത്ത നിരയുമായിട്ടാണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്.

മുംബൈ: ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക ടെസ്റ്റ് പരമ്പര നേട്ടത്തിന് പിന്നാലെ അജിന്‍ക്യ രഹാനെയെ ടീമിന്റെ നായകനാക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ നാണംകെട്ട് തോറ്റതിന് പിന്നാലെ കോലിക്ക് നാട്ടിലേക്ക് തിരിച്ചിരുന്നു. ശേഷിക്കുന്ന മൂന്ന് ടെസ്റ്റിലും അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിച്ചത്. സീനിയര്‍ താരങ്ങള്‍ പരിക്കേറ്റ് പുറത്തായിട്ടും ഒട്ടും പരിചയസമ്പത്തില്ലാത്ത നിരയുമായിട്ടാണ് ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയത്.

ഇതോടെയാണ് രഹാനെയെ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന് വാദം ഉയര്‍ന്നുവന്നത്. ടീമിനെ നയിക്കുന്നതില്‍ മാത്രമല്ല, എതിരാളികളെ ബഹുമാനിക്കുന്നതിലും രഹാനെ പലരുടെയും നല്ല വാക്കുകള്‍ക്ക് അര്‍ഹനായി. അപ്പോഴൊക്കെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് കോലിയെ മാറ്റണമെന്ന് പറയുമ്പോഴും രഹാനെ ഇതിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിരുന്നില്ല. ഇപ്പോള്‍ ഈയൊരു വാദത്തോട് പ്രതികരിക്കുകയാണ് രഹാനെ. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ചെന്നൈയിലേക്ക് മടങ്ങുന്നതിന് മുമ്പ് പിടിഐയോട് സംസാരിക്കുകയായിരുന്നു രഹാനെ. ''കോലിയുമായിട്ട് വളരെയടുത്ത ബന്ധമാണ് എനിക്കുള്ളത്. അദ്ദേഹവുമൊത്ത് ക്രീസില്‍ വലിയ കൂട്ടുകെട്ടുകളുണ്ടാക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഓവര്‍സീസ് സാഹചര്യങ്ങളില്‍ കോലിക്കൊപ്പം എനിക്കും മികച്ച പ്രകടനം നടത്താന്‍ സാധിച്ചിട്ടുണ്ട്. 

ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കോലിയുടെയും അദ്ദേഹം എന്റെയും ബാറ്റിങ്ങിനെ കുറിച്ച് സംസാരിക്കാറുണ്ട്. ബൗളര്‍മാരെ കുറിച്ച് ഞങ്ങള്‍ വിലയിരുത്തും. മോശം ഷോട്ടുകള്‍ കളിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താന്‍ പറയും. എല്ലാത്തിനുമുപരി മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. ഫീല്‍ഡിങ്ങില്‍ മികച്ച തീരുമാനങ്ങളെടുക്കും. സ്പിന്നര്‍മാര്‍ പന്തെടുക്കുമ്പോള്‍ എന്നോടാണ് അദ്ദേഹം സ്ലിപ്പില്‍ നില്‍ക്കാന്‍ പറയാറുള്ളത്. കോലി എന്നില്‍ പലതും പ്രതീക്ഷിക്കുന്നു. നിരാശപ്പെടുത്താതിരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. 

കോലിയാണ് എന്റെ എന്റെ നായകന്‍. ഞാന്‍ അദ്ദേഹത്തിന്റെ കീഴില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നു. കോലിയുടെ അഭാവത്തില്‍ ഏറ്റവും മികച്ച ഫലം നല്‍കുകയെന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഞാനതിനാണ് ശ്രമിച്ചത്. ഞാനത് പൂര്‍ത്തിയാക്കുകയും ചെയ്തു. ക്യാപ്റ്റനാവുക എന്നതിലുപരി, ആ സ്ഥാനത്തിരിക്കുമ്പോള്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നാണ് പ്രധാനം. എനിക്ക് നന്നായി കളിക്കാന്‍ സാധിച്ചു. ഭാവിയിലും അങ്ങനെയായിരിക്കുമെന്ന് കരുതാം.'' രഹാനെ പറഞ്ഞുനിര്‍ത്തി.

click me!