
ബര്‍മിംഗ്ഹാം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തകര്‍ച്ചയോടെ തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 587 റണ്‍സിന് മറുപടി പറയാനിറങ്ങിയ ഇംഗ്ലണ്ടിന് 25 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും ജോ റൂട്ട്-ഹാരി ബ്രൂക്ക് സഖ്യം പിടിച്ചു നിന്നതോടെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ രണ്ടാം ദിനം 77 റണ്‍സിലെത്തി.18 റണ്‍സോടെ ജോ റൂട്ടും 30 റണ്‍സോടെ ഹാരി ബ്രൂക്കും ക്രീസില്‍.
കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരന്‍മാരായ ബെന്‍ ഡക്കറ്റിനെയും ഒല്ലി പോപ്പിനെയും തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ആകാശ് ദീപ് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ സാക് ക്രോളിയെ(19) വീഴ്ത്തിയ മുഹമ്മദ് സിറാജ് ഇംഗ്ലണ്ടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് 510 റണ്‍സ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.
തകര്‍ന്നു തുടങ്ങി
ആദ്യ രണ്ടോവറില്‍ 13 റണ്‍സടിച്ച് തുടങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മൂന്നാം ഓവറിലാണ് ആകാശ്ദീപ് ആദ്യപ്രഹരമേല്‍പ്പിച്ചത്. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച ബെന്‍ ഡക്കറ്റിനെ ആകാശ്ദീപിന്‍റെ പന്തില്‍ തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ പറന്നു പിടിച്ചു. തൊട്ടടുത്ത പന്തില്‍ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഒല്ലി പോപ്പിനെ സെക്കന്‍ഡ് സ്ലിപ്പില്‍ കെ എല്‍ രാഹുലും കൈയിലൊതുക്കിയതോടെ ഇംഗ്ലണ്ട് ഞെട്ടി. പക്ഷെ ആകാശ്ദീപിന്‍റെ ഹാട്രിക്ക് മോഹം ജോ റൂട്ട് തടുത്തിട്ടു.
സാക്ക് ക്രോളിയും റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുന്നതിനിടെ മുഹമ്മദ് സിറാജ് മൂന്നാം പ്രഹരമേല്‍പ്പിച്ചു. ഓഫ് സ്റ്റംപിന് പുറത്തുപോയെ സിറാജിന്‍റെ പന്തില്‍ ബാറ്റ് വെച്ച ക്രോളിയെ(19) ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ കൈയിലൊതുക്കി. ഇതോടെ 25-3ലേക്ക് കൂപ്പുകുത്തിയ ഇംഗ്ലണ്ട് പതറി. എന്നാല്‍ നാലാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി റൂട്ട്-ബ്രൂക്ക് സഖ്യം ഇന്ത്യക്ക് ഭീഷണിയായി ക്രീസിലുണ്ട്.
ഗില്‍ രക്ഷകൻ
നേരത്തെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ ഡബിള്‍ സെഞ്ചുറിയുടെയും(269) രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുടെയും(89) മികവിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയത്. ആറാം വിക്കറ്റില്‍ ജഡേജക്കൊപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഏഴാം വിക്കറ്റില്‍ വാഷിംഗ്ടണ്‍ സുന്ദറിനൊപ്പം(42) സെഞ്ചുറി കൂട്ടുകെട്ടുമായി ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചു.
ആദ്യ ടെസ്റ്റിലേതുപോലെ വാലറ്റം തകര്‍ന്നടിഞപ്പോള്‍ അവസാന നാലു വിക്കറ്റുകള്‍ ഇന്ത്യക്ക് 29 റണ്‍സെടുക്കുന്നതിനിടെയാണ് നഷ്ടമായത്. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ മൂന്നും ജോഷ് ടങ്, ക്രിസ് വോക്സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!