
കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനൊരുങ്ങുന്നതിന്‍റെ ആവേശം പങ്കുവെച്ച് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അഖില്‍ മാരാര്‍ സിസിഎല്ലില്‍ കേരള സ്ട്രൈക്കേഴ്സ് ടീമില്‍ കളിക്കുന്നതിന്‍റെ ആവേശം പങ്കുവെച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ ഉണ്ണി മകുന്ദന്‍റെ നേതൃത്വത്തിലുള്ള കേരള സ്ട്രൈക്കേഴ്സ് നാളെ മുംബൈ ഹീറോസിനെ നേരിടാനൊരുങ്ങുകയാണ്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ വർഷങ്ങൾക്ക് മുൻപ് ഗാലറിയിൽ ഇരുന്ന് കേരള സ്ട്രൈക്കേഴ്സിന് വേണ്ടി ആർപ്പ് വിളിച്ചവൻ നാളെ വിശാഖ പട്ടണതേക്ക് ടീമിനൊപ്പം യാത്ര ചെയ്യുവാണ്. നാല് വയസ് മുതൽ ഓല മടൽ ബാറ്റും ബാളുമായി ക്രിക്കറ്റിന്‍റെ പിന്നാലെ അലഞ്ഞ പയ്യൻ.ക്രിക്കറ്റ് കളിയുള്ള ദിവസം അമ്മ അറിയാതെ ക്ലാസ് കട്ട് ചെയ്തു ടിവി ഉള്ള ആരുടെയെങ്കിലും വീട്ടിൽ പോയി കളി കണ്ട് നടന്നവൻ.ഒളിച്ചും പാത്തും അമ്മ അറിയാതെ കളിക്കാൻ പോയതും പിടിക്കപ്പെട്ടപ്പോൾ ഓല മടൽ ബാറ്റ് പിടിച്ചു പറിച്ചു അമ്മ അടിച്ചതും ഒക്കെ ഇന്നത്തെ രസമുള്ള ഓർമ്മകൾ.
കൊല്ലം ജില്ലയിലെ ഒട്ടുമിക്ക എല്ലാ ഗ്രൗണ്ടിലും പല ടീമുകൾക്ക് കളിച്ചു നടന്ന കാലം.അന്നത്തെ ബൗളിങ്ങിന്‍റെ വേഗതയും യോർക്കർ എറിയുന്ന കൃത്യതയും കണ്ട് കേരള ക്രിക്കറ്റ് അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ ആയിരുന്ന സജീവ് അണ്ണൻ എന്നെ ശ്രദ്ധിക്കുകയും എംആര്‍എഫ് പേസ് ഫൗണ്ടേഷനിൽ ട്രെയിനിങ്ങിന് വിടുന്ന കാര്യം ഒക്കെ സംസാരിച്ചു എന്ന് കേട്ടിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ടീമിന്‍റെ ഓപ്പണിങ് ബൗളർ ആയി. ക്രിക്കറ്റിൽ എന്തെങ്കിലും ആവണം എന്നൊക്കെ ചിന്തിച്ചെങ്കിലും അതിനായി പരിശ്രമിക്കാനോ പരിശീലിക്കാനോ ശ്രമിച്ചില്ല. പിന്നീട് ഒരിക്കൽ കളിക്കളത്തിൽ കുഴഞ്ഞു വീണ് അതിന് ശേഷം തുടർച്ചയായി കുഴഞ്ഞു വീണ് ബോധം പോയി. എനിക്ക് ബ്രയിൻ ടൂമർ ആണെന്നും ഞാൻ മരിച്ചു പോകും എന്ന് ഞാൻ എന്നോട് പറഞ്ഞു.
കാശില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പോയില്ല പകരം ക്രിക്കറ്റ് ഉപേക്ഷിച്ചു. പിന്നീട് തൈറോയ്ഡ് പ്രശ്നം ആയിരുന്നു കാരണം എന്നൊക്കെ കണ്ടെത്തിയെങ്കിലും.രാഷ്ട്രീയവും സിനിമയ്ക്ക് പിന്നാലെ ഉള്ള ഓട്ടവും ക്രിക്കറ്റ് ഉപേക്ഷിക്കാൻ കാരണമായി. സച്ചിൻ വിരമിച്ചത് മറ്റൊരു തരത്തിൽ ക്രിക്കറ്റിൽ നിന്നും അകലാൻ ഒരു കാരണമായി. പക്ഷെ ഒരിക്കൽ സ്വപ്നം കണ്ടത് മറ്റൊരു രീതിയിൽ വന്ന് ചേർന്നിരിക്കുന്നു..അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ കളിക്കാനും അത് ലോകം മുഴുവൻ ഹോട്ട് സ്റ്റാർ വഴി കാണാനും ഉള്ള ഭാഗ്യം. അപൂർവമായി ഒരാൾക്ക് ലഭിക്കുന്ന ഭാഗങ്ങളിൽ ഒന്നാണ് ഒരേ സമയം സിനിമയിലും, സ്പോർട്സിലും, രാഷ്ട്രീയത്തിലും ഭാഗമായി നിൽക്കാൻ കഴിയുക എന്നത്.
ആരും കൊണ്ട് തന്നതല്ല നേടി എടുത്തതാണ്. ജനുവരി 18 കേരള സ്ട്രൈക്കേർസ് vs മുംബൈ ഹീറോസ് ജിയോ ഹോട്ട്സ്റ്റാറിൽ വൈകിട്ട് ആറ് മണിക്ക്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!