
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും മികച്ച താരം ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒരുത്തരമേ ഉണ്ടാവൂ. കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ അഖില്‍ സ്‌കറിയ. ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ ഇംപാക്റ്റ് ഉണ്ടാക്കാന്‍ അഖിലിന് കഴിഞ്ഞുവെന്നുള്ളതാണ് പ്രത്യേകത. ടൂര്‍ണമെന്റിലൊന്നാകെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് അഖിലാണ്. അതോടൊപ്പം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നിലവില്‍ ഏഴാം സ്ഥാനത്തുണ്ട് അഖില്‍. ഫൈനല്‍ കഴിയുമ്പോള്‍ അതില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാം.
11 മത്സരങ്ങളില്‍ 314 റണ്‍സാണ് അഖില്‍ അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 72 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നാല് തവണ അഖിലിനെ പുറത്താക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. 44.86 ശരാശരിയും 153.2 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ താരം 19 സിക്‌സും 18 ഫോറുകളും നേടിയിട്ടുണ്ട്. അഖിലിന് പിന്നിലാണ് കൊല്ലം സെയ്‌ലേഴ്‌സിന്റെ സച്ചിന്‍ ബേബിയും (294), വിഷ്ണു വിനോദും (291). ഇരുവരും ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഫൈനല്‍ കളിക്കാനിരിക്കെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മാറ്റം വന്നേക്കാം.
എന്നാല്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടിക അങ്ങനെയാവില്ല. ഒന്നാമന്‍ അഖിലായിരിക്കുമെന്നതില്‍ സംശയമില്ല. 11 മത്സരങ്ങളില്‍ 25 വിക്കറ്റുകളാണ് അഖില്‍ വീഴ്ത്തിയത്. 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഖിലിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് കൊല്ലം സെയ്‌ലേഴ്‌സിന്റെ അമല്‍ എ ജി. 11 മത്സരങ്ങളില്‍ 16 വിക്കറ്റാണ് താരം വീഴ്ത്തിയത്. അഖിലിനെ മറികടക്കണമെങ്കില്‍ അമല്‍ 10 വിക്കറ്റ് വീഴ്ത്തണം. അതെന്തായാലും പ്രായോഗികമല്ല. തൃശൂര്‍ ടൈറ്റന്‍സിന്റെ സിബിന്‍ ഗിരീഷ്ട (15), ബ്ലൂ ടൈഗേഴ്‌സിന്റെ കെ എം ആസിഫ് (14), മുഹമ്മദ് ആഷിഖ് (14) എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റുതാരങ്ങള്‍.
അതേസമയം, നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരവും സഞ്ജു സാംസണാണ്. അതും അഞ്ച് ഇന്നിംഗ്‌സില്‍ നിന്നും നേടിയത് 30 സിക്‌സുകള്‍. ഇക്കാര്യത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിന്റെ സല്‍മാന്‍ നിസാര്‍ രണ്ടാം സ്ഥാനത്ത്. ആറ് ഇന്നിംഗ്‌സില്‍ നിന്ന് സല്‍മാന്‍ നേടിയത് 28 സിക്‌സുകള്‍. സല്‍മാന് മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ സഞ്ജുവിനെ മറികടക്കാന്‍ സാധിക്കില്ല. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള വിഷ്ണു വിനോദിന് സാധിച്ചേക്കും. 11 ഇന്നിംഗ്‌സില്‍ നിന്ന് വിഷ്ണു നേടിയത് 27 സിക്‌സുകള്‍. ഇന്ന് കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഫൈനലിന് ഇറങ്ങുമ്പോള്‍ നാല് സിക്‌സുകള്‍ കൂടി നേടില്‍ വിഷ്ണുവിന് ഒന്നാമതാവാം.